Dec 21, 2017
ബാങ്കിംഗ് തട്ടിപ്പ് കരുതിയിരിക്കാം, അടുത്ത ഇര നിങ്ങളാവാതിരിക്കട്ടെ
ബാങ്കുകളുടെ സുരക്ഷാ സംവിധാനങ്ങളെയും മറികടന്ന് തട്ടിപ്പുകാര്‍ മുന്നേറുമ്പോള്‍ ഉപഭോക്താക്കള്‍ സ്വന്തം നിലയില്‍ സുരക്ഷ ഉറപ്പാക്കേണ്ടതുണ്ട്
facebook
FACEBOOK
EMAIL
aware-against-the-bank-forgery-in-the-digital-world

എന്‍.എസ് വേണുഗോപാല്‍

ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് കൊച്ചിയിലെ ഒരു പ്രശസ്ത വനിതാ സംരംഭകയ്ക്ക് അവരുടെ രണ്ട് ബാങ്ക് എക്കൗണ്ടുകളില്‍ നിന്നുമായി നഷ്ടപ്പെട്ടത് 23 ലക്ഷം രൂപയാണ്. രണ്ട് എക്കൗണ്ടുകളെയും ഒരൊറ്റ മൊബീല്‍ നമ്പരിലായിരുന്നു ബന്ധിപ്പിച്ചിരുന്നത്. മൊബീല്‍ സിം കാര്‍ഡ് ഡ്യൂപ്ലിക്കേറ്റ് ചെയ്ത് വണ്‍ ടൈം പാസ്‌വേഡ് (ഒ.ടി.പി) സൃഷ്ടിച്ചുകൊണ്ടായിരുന്നു ഇന്റര്‍നെറ്റ് ബാങ്കിംഗ് മുഖേന അവരുടെ പേഴ്‌സണല്‍ എക്കൗണ്ടില്‍ നിന്നും കൂടാതെ കമ്പനി എക്കൗണ്ടില്‍ നിന്നുമായി മൊത്തം 23 ലക്ഷം രൂപ തട്ടിപ്പുകാര്‍ ചോര്‍ത്തിയെടുത്തത്. പരാതിയുമായി സംരംഭക ബാങ്കിനെ സമീപിച്ചെങ്കിലും അനൂകൂല പ്രതികരണം ലഭിക്കാത്തതിനാല്‍ ബാങ്കിനെതിരെ ഇവര്‍ ഹൈക്കോടതിയില്‍ കേസ് കൊടുത്തിരിക്കുകയാണ്. സമാനമായ രീതിയില്‍ കൊച്ചിയിലെ മറ്റൊരു വ്യക്തിക്ക് എക്കൗണ്ടില്‍ നിന്നും നഷ്ടമായത് 16 ലക്ഷം രൂപയാണ്.

ഡിജിറ്റല്‍ ഇടപാടുകള്‍ വര്‍ധിച്ചതോടെ ഡിജിറ്റലായുള്ള തട്ടിപ്പുകളുടെ എണ്ണവും കൂടിക്കൊണ്ടിരിക്കുകയാണ്. പണം പിന്‍വലിച്ചതായി മൊബീലില്‍ മെസേജ് ലഭിക്കുമ്പോഴാണ് മിക്ക ഉപഭോക്താക്കളും തട്ടിപ്പ് നടന്നതായി മനസിലാക്കുന്നത്. കേരളത്തിലെ വ്യക്തിയുടെ ക്രെഡിറ്റ് കാര്‍ഡ് നമ്പര്‍ ഉപയോഗിച്ച് വിദേശ രാജ്യങ്ങളില്‍ നിന്നും പണം ചോര്‍ത്തിയ സംഭവങ്ങള്‍ വരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

ഇത്തരം തട്ടിപ്പുകളില്‍ നിന്നും ഉപഭോക്താക്കളെ സംരക്ഷിക്കുന്നതിനായി ബാങ്കുകള്‍ നിരവധി സുരക്ഷാ സംവിധാനങ്ങള്‍ നടപ്പാക്കിയിട്ടുണ്ടെങ്കിലും അവയെയൊക്കെ പരാജയപ്പെടുത്തിക്കൊണ്ടാണ് തട്ടിപ്പുകാരുടെ മുന്നേറ്റം. അതിനാല്‍ ബാങ്കിടപാടുകള്‍ നടത്തുമ്പോള്‍ ഉപഭോക്താക്കള്‍ സ്വയം ശ്രദ്ധിച്ചേ മതിയാകൂ.

 • സുരക്ഷിതമായ വെബ്‌സൈറ്റുകളില്‍ മാത്രം ഇ-ഷോപ്പിംഗ് നടത്തുക. പേമെന്റ് നടത്തുന്ന സമയത്ത് സംശയാസ്പദമായ സൈറ്റുകളിലേക്ക് റീഡയറക്റ്റ് ചെയ്യപ്പെടുന്നുണ്ടെങ്കില്‍ സൂക്ഷിക്കണം.

 

 • സിവിവി നമ്പര്‍, പാസ്‌വേഡ് എന്നിവ വെബ്‌സൈറ്റുകളില്‍ എന്റര്‍ ചെയ്യുമ്പോള്‍ അവ സ്‌ക്രീനില്‍ തെളിയാത്തവിധം മാസ്‌ക് ചെയ്തിരിക്കണം. കൂടാതെ ഇവ ടൈപ്പ് ചെയ്യുമ്പോള്‍ കീബോര്‍ഡിന് പകരം വെര്‍ച്വല്‍ കീബോര്‍ഡ് ഉപയോഗിക്കുക. 

 

 • മൊബീല്‍ സിം കാര്‍ഡിന്റെ ഡ്യൂപ്ലിക്കേറ്റ് എടുത്ത് ഓണ്‍ലൈന്‍ മുഖേന പണം തട്ടിയെടുക്കുന്നതാണ് ഇപ്പോള്‍ വ്യാപകമായൊരു രീതി. പ്രത്യേകിച്ച് യാതൊരു കാരണവുമില്ലാതെ നിങ്ങളുടെ മൊബീല്‍ പ്രവര്‍ത്തിക്കാതെ വന്നാല്‍ എക്കൗണ്ട് പരിശോധിക്കുകയും ഉടനടി എല്ലാവിധ ബാങ്കിടപാടുകളും ബ്ലോക്ക് ചെയ്യാന്‍ ശാഖയില്‍ നിര്‍ദേശം നല്‍കുകയും ചെയ്യണം.

 

 • ബാങ്കില്‍ നിന്നാണെന്ന തരത്തില്‍ ഉപഭോക്താവിനോട് ക്രെഡിറ്റ് / ഡെബിറ്റ് കാര്‍ഡിന്റെ വിശദാംശങ്ങള്‍, സിവിവി നമ്പര്‍, ഒ.ടി.പി
  എന്നിവ ചോദിച്ച ശേഷം പണം തട്ടിയെടുക്കുന്നുണ്ട്. ഇത്തരം വിശദാംശങ്ങള്‍ ചോദിച്ചുകൊണ്ടുള്ള ഫോണ്‍ വിളിയോ ഇ-മെയ്ല്‍ സന്ദേശമോ ലഭിച്ചാലും അതിനൊന്നും മറുപടി നല്‍കരുത്.

 

 • മൊബീല്‍ & നെറ്റ് ബാങ്കിംഗ്, ഓണ്‍ലൈന്‍ ഷോപ്പിംഗ് എന്നിവ ഒരിക്കലും ഒരു പബ്ലിക് വൈ-ഫൈ സംവിധാനത്തില്‍ നടത്തരുത്.

 

 • എസ്.എം.എസ്, ഇ-മെയ്ല്‍ അലര്‍ട്ടുകള്‍ക്കായി ബാങ്കില്‍ രജിസ്റ്റര്‍ ചെയ്യുക. നിങ്ങളറിയാതെ നടത്തപ്പെടുന്ന ഇടപാടുകള്‍ പെട്ടെന്ന് അറിയാന്‍ ഇത് സഹായിക്കും.

 

 • എ.ടി.എം ഉപയോഗിക്കുമ്പോള്‍ കീപാഡ് കൈകൊണ്ട് മറച്ചുപിടിക്കുക. പിന്‍ നമ്പര്‍ രണ്ട് പ്രാവശ്യം എന്റര്‍ ചെയ്യാന്‍ പറയുന്നുണ്ടെങ്കില്‍ ആ എ.ടി.എം ഒഴിവാക്കുക.

 

 • സുരക്ഷിതമല്ലാത്ത മൊബീല്‍ ആപ്പുകള്‍ സ്മാര്‍ട്ട്‌ഫോണുകളില്‍ ഇന്‍സ്റ്റാള്‍ ചെയ്യരുത്. അവ ഫോണിലുള്ള നിങ്ങളുടെ നിര്‍ണ്ണായക വിവരങ്ങള്‍ ചോര്‍ത്തിയെടുക്കും.

 

 • വെബ്‌സൈറ്റുകളില്‍ ബാങ്കിടപാ
  ടുകള്‍ നടത്തുമ്പോള്‍ പാസ്‌വേര്‍ഡും മറ്റും ബ്രൗസറില്‍ സേവ് ചെയ്യരുത്.

 

 • ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ നഷ്ടപ്പെട്ടാല്‍ ബാങ്കുമായി ബന്ധപ്പെട്ട് ഉടനടി കാര്‍ഡ് ബ്ലോക്ക് ചെയ്യുക.

 

 • ഓണ്‍ലൈന്‍ ഷോപ്പിംഗ് നടത്തുന്നവര്‍ Secure Sockets Layer (SSL) സര്‍ട്ടിഫിക്കറ്റുള്ള സൈറ്റുകളെ ആശ്രയിക്കുക. URL ബോക്‌സിനടുത്തായി ലോക്ക് അടയാളമുള്ള സൈറ്റുകള്‍ സുരക്ഷിതമാണെന്നാണ് നിഗമനം.

 

 • വെബ്‌സൈറ്റുകളില്‍ http എന്നതിനു പകരം https എന്ന പ്രൊട്ടൊക്കോള്‍ ഉള്ള സൈറ്റുകള്‍ കൂടുതല്‍ സുരക്ഷിതമാണ്. ഇതിലെ S എന്ന അക്ഷരം Secure എന്നതാണ് അര്‍ത്ഥമാക്കുന്നത്.

 

 • ബാങ്കിടപാടുകള്‍ നടത്തുന്ന കംപ്യൂട്ടറുകളിലും സ്മാര്‍ട്ട്‌ഫോണുകളിലും നിര്‍ബന്ധമായും ആന്റി-വൈറസ് സോഫ്റ്റ്‌വെയറുകള്‍ ഉപയോഗിക്കുക.

 

 • എല്ലാവിധ ബാങ്ക് ഇടപാടുകളുടെയും പാസ്‌വേഡുകള്‍ ഇടക്കിടെ മാറ്റുക.

 

 • സ്ഥിരമായി ഓണ്‍ലൈന്‍ പര്‍ച്ചേസ് നടത്തുന്നവര്‍ പ്രീപെയ്ഡ് കാര്‍ഡുകള്‍ ഉപയോഗിക്കുക. ഇതിലൂടെ ഡെബിറ്റ് കാര്‍ഡിനെ സംരക്ഷിക്കാം.

 

 • നിങ്ങളുടെ ബാങ്കിന്റെ കസ്റ്റമര്‍ കെയര്‍ നമ്പര്‍ എപ്പോഴും കൈവശം സൂക്ഷിക്കുക. പെട്ടെന്ന് കാര്‍ഡുകള്‍ ബ്ലോക്ക് ചെയ്യാന്‍ ഇത് അത്യാവശ്യമാണ്.

 

 • വ്യാപാര സ്ഥാപനങ്ങളില്‍ ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ മറ്റൊരു സ്ഥലത്തേക്ക് കൊണ്ടുപോയി സൈ്വപ് ചെയ്യാന്‍ സെയ്ല്‍സ്മാനെ അനുവദിക്കരുത്.

 

 • ഫെയ്‌സ്ബുക്ക് ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയ എക്കൗണ്ടുകളിലെ ജനന തീയതിയും മൊബീല്‍ നമ്പരും ഉപയോഗിച്ച് ബാങ്കുകളില്‍ നിന്നും പണം തട്ടിയെടുക്കുന്ന രീതി വ്യാപകമാണ്. അതിനാല്‍ ഇത്തരം വിവരങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രദര്‍ശിപ്പിക്കാതിരിക്കുക.

 

 • ഡിജിറ്റലായുള്ള ഡെബിറ്റ് ഇടപാടുകളെല്ലാം ഒരൊറ്റ ക്ലിക്കില്‍ ലോക്ക് ചെയ്ത് വെക്കുന്നതിനുള്ള സംവിധാനം സൗത്ത് ഇന്ത്യന്‍ ബാങ്ക് ഒരുക്കിയിട്ടുണ്ട്. അതുപോലെ ഡെബിറ്റ് കാര്‍ഡ് ആവശ്യമുള്ളപ്പോള്‍ ഓണ്‍/ ഓഫ് ചെയ്യുന്നതിനുള്ള സംവിധാനം ഫെഡറല്‍ ബാങ്കും സജ്ജമാക്കിയിട്ടുണ്ട്. ഇത്തരം നൂതന സങ്കേതങ്ങള്‍ നിങ്ങളുടെ ബാങ്കും നല്‍കിയിട്ടുണ്ടെങ്കില്‍ അവ നിര്‍ബന്ധമായും ഉപയോ
  ഗിക്കുക.
COMMENTS
comments powered by Disqus
WHAT IS YOUR REACTION?
0
smiletear
0%
1
smile
100%
0
neutral
0%
0
grin
0%
0
angry
0%
 
Back to Top