നിരത്തു കീഴടക്കാന്‍ ഇവര്‍ വരുന്നു
ഉല്‍സവകാലത്തെ വരവേല്‍ക്കാന്‍ നിരവധി കാര്‍ മോഡലുകളാണ് വാഹനവിപണിയിലേക്ക് എത്തുന്നത്
facebook
FACEBOOK
EMAIL
automobile-on-new-bhoom

ഉല്‍സവകാലത്തെ വരവേല്‍ക്കാന്‍ നിരവധി കാര്‍ മോഡലുകളാണ് വാഹനവിപണിയിലേക്ക് എത്തുന്നത്. ഇവയുടെ വരവോടെ വില്‍പ്പനയിടിവിനെ മറികടന്ന് വിപണി ഉയര്‍ച്ചയുടെ പുതിയ തലങ്ങള്‍ താണ്ടുമെന്നാണ് പ്രതീക്ഷ. അടുത്ത ഏതാനും മാസങ്ങളില്‍ വിപണിയിലെത്തുന്ന മോഡലുകളെ പരിചയപ്പെടാം

റിനോ കാപ്റ്റര്‍
അഴകാര്‍ന്ന ക്രോസോവറാണ് കാപ്റ്റര്‍. വിപണിയില്‍ ഹ്യുണ്ടായ് ക്രെറ്റയുടെ എതിരാളിയായിരിക്കും ഈ മോഡല്‍. റിനോ ഡസ്റ്ററിന്റെ M0 പ്ലാറ്റ്‌ഫോമില്‍ രൂപകല്‍പ്പന ചെയ്ത കാപ്റ്ററിന് ഡസ്റ്ററിന്റെ മുകളിലുള്ള സ്ഥാനമാണ് റിനോ നല്‍കുന്നത്. K9K 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിനും 1.5 ലിറ്റര്‍ പെട്രോള്‍ എന്‍ജിനുമാണ് ഇതിലുണ്ടാവുക. ഓട്ടോമാറ്റിക് ഗിയര്‍ ബോക്‌സ് ഉണ്ടാകുമെന്ന് അഭ്യൂഹങ്ങളുണ്ട്.

ദാറ്റ്‌സണ്‍ ഗോ ക്രോസ്
ഈ ക്രോസോവര്‍ മോഡലിന്റെ കണ്‍സപ്റ്റ് രൂപം 2016 ഓട്ടോ എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ഹെക്‌സഗണല്‍ ഗ്രില്‍, വട്ടത്തിലുള്ള ഫോഗ് ലാമ്പുകള്‍, ലോവര്‍ ബമ്പറിലെ എല്‍ഇഡി ലൈറ്റുകള്‍, അലോയ് വീലുകള്‍...തുടങ്ങിയ സവിശേഷതകളുണ്ട്. ഗോ പ്ലസ് എംപിവി പ്ലാറ്റ്‌ഫോമില്‍ നിര്‍മിച്ച വാഹനത്തിന് ഗോ പ്ലസ് എംപിവിയുടെ അതേ 1.2 ലിറ്റര്‍ എന്‍ജിനാണ്. 5-10 ലക്ഷം രൂപയുടെ ഇടയിലാണ് വില പ്രതീക്ഷിക്കുന്നത്.

മാരുതി എസ് ക്രോസ് ഫേസ് ലിഫ്റ്റ്
ഏതാനും മാസങ്ങള്‍ക്കുള്ളില്‍ മുഖം മാറ്റിയ എസ് ക്രോസിനെ വിപണിയില്‍ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് മാരുതി സുസുക്കി. പുതിയ പെട്രോള്‍ എന്‍ജിന്‍ ഇതില്‍ അവതരിപ്പിക്കാന്‍ ഇടയുണ്ട്. നിലവിലുള്ള ഡീസല്‍ എന്‍ജിനുകളില്‍ മാറ്റമുണ്ടാകില്ല.

ജീപ്പ് കോമ്പസ്
സ്‌പോര്‍ട്‌സ് യൂട്ടിലിറ്റി വാഹന പ്രേമികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഡലാണ് പുതിയ കോമ്പസ്. ചെറോക്കിയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് രൂപകല്‍പ്പന ചെയ്ത പുതിയ കോമ്പസിന്റെ ഇന്റീരിയറും എക്സ്റ്റീരിയറും കൂടുതല്‍ സ്റ്റൈലിഷ് ആയിട്ടുണ്ട്. 2.0 ലിറ്റര്‍ ഡീസല്‍, 1.4 ലിറ്റര്‍ പെട്രോള്‍ എന്‍ജിനുകളും 7-സ്പീഡ് ഓട്ടോമാറ്റിക് യൂണിറ്റുമാണുള്ളത്. ഹ്യുണ്ടായ് ക്രെറ്റ്, ഹ്യുണ്ടായ് ടുസോണ്‍ (Tucson), മഹീന്ദ്ര എക്‌സ് യു വി 500, ടാറ്റ ഹെക്‌സ തുടങ്ങിയ മോഡലുകളായിരിക്കും കോമ്പസിന്റെ മുഖ്യ എതിരാളികള്‍. വില 18 ലക്ഷത്തിനും 25 ലക്ഷം രൂപയ്ക്കും ഇടയിലായിരിക്കും.

പുതിയ ഹ്യുണ്ടായ് വെര്‍ണ്ണ
ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ തന്നെ വെര്‍ണ്ണയുടെ പുതിയ പതിപ്പ് വിപണിയില്‍ പ്രതീക്ഷിക്കാം. ഹ്യുണ്ടായിയുടെ നവീന ഡിസൈന്‍ രീതിയാണ് ഇതിലും ആവിഷ്‌കരിച്ചിരിക്കുന്നത്. മുന്‍ മോഡലിന്റേതു പോലെ ഉയര്‍ന്ന വകഭേദങ്ങളില്‍ ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, കീലെസ് എന്‍ട്രി, കാമറകളും സെന്‍സറുകളും തുടങ്ങിയവയൊക്കെ ഉണ്ടാകും. റെയര്‍ ഡിസ്‌ക് ബ്രേക്കുകളും ഇതില്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. നിലവിലുള്ള 1.4, 1.6 ലിറ്റര്‍ പെട്രോള്‍, ഡീസല്‍ എന്‍ജിനുകളോടൊപ്പം ഹൈബ്രിഡ് സാങ്കേതികവിദ്യയും ആവിഷ്‌കരിക്കാന്‍ ഇടയുണ്ട്.

ടാറ്റ നെക്‌സണ്‍
ഈ വര്‍ഷം അവസാനത്തോടെ വിപണിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്ന മോഡലാണ് ടാറ്റ നെക്‌സണ്‍. സെസ്റ്റിന്റെയും ബോള്‍ട്ടിന്റെയും അതേ പ്ലാറ്റ്‌ഫോമിലാണ് വരവെങ്കിലും രൂപകല്‍പ്പനയില്‍ റേഞ്ച് റോവര്‍ ഇവോക്കില്‍ നിന്ന് കടമെടുത്ത സവിശേഷതകളാകും ഇതിനുണ്ടാവുക. ടാറ്റയുടെ പുതിയ 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിനും റ്റിയാഗോയിലുള്ള റെവോട്രോണ്‍ എന്‍ജിന്റെ ടര്‍ബോചാര്‍ജ്ഡ് വകഭേദവുമാണ് ഇതിലുണ്ടാവുക. 7-10 ലക്ഷം രൂപയുടെ ഇടയിലാണ് വില പ്രതീക്ഷിക്കുന്നത്.

ഫോര്‍ഡ് ഇക്കോസ്‌പോര്‍ട്ട് ഫേസ്‌ലിഫ്റ്റ്
നിലവിലുള്ള രൂപത്തെ കൂടുതല്‍ ആകര്‍ഷകമാക്കിയായിരിക്കും പുതിയ ഇക്കോസ്‌പോര്‍ട്ടിനെ കമ്പനി അവതരിപ്പിക്കുന്നത്. ഈ വര്‍ഷം അവസാനത്തോടെ വിപണിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്ന പുതിയ ഇക്കോസ്‌പോര്‍ട്ടിന് ഓള്‍ വീല്‍ ഡ്രൈവ് ഓപ്ഷന്‍ ഉണ്ടാകുമെന്നാണ് കരുതുന്നത്. എന്‍ജിനുകളില്‍ മാറ്റമുണ്ടാകില്ല.

പുതിയ മാരുതി സുസുക്കി സ്വിഫ്റ്റ്
12 വര്‍ഷമായി ഇന്ത്യന്‍ കാര്‍ വിപണിയിലെ ഹിറ്റ് താരമാണ് മാരുതി സുസുക്കി സ്വിഫ്റ്റ്. ഇതിനിടെ നിരവധി രൂപമാറ്റങ്ങളും സ്വിഫ്റ്റിനുണ്ടായി. മൂന്നാം തലമുറ സ്വിഫ്റ്റ് അവതരിപ്പിക്കുന്നതിനുള്ള ശ്രമത്തിലാണ് ഇപ്പോള്‍ മാരുതി. ഓട്ടോ എക്‌സ്‌പോ 2018ല്‍ പുതിയ മോഡല്‍ പ്രദര്‍ശിപ്പിക്കുമെന്നാണ് കരുതുന്നത്. 1.2 ലിറ്റര്‍, 1.3 ലിറ്റര്‍ പെട്രോള്‍, ഡീസല്‍ എന്‍ജിനുകള്‍ തന്നെയായിരിക്കും പുതിയ വകഭേദത്തിലും ഉണ്ടാവുക.

COMMENTS
comments powered by Disqus
WHAT IS YOUR REACTION?
0
smiletear
0
smile
0
neutral
0
grin
0
angry
 
Back to Top