Jul 03, 2017
വരുന്നത് യന്ത്രകാലം: നമ്മള്‍ പേടിക്കണമോ?
ഓട്ടോമേഷനിലൂടെ നഷ്ടപ്പെടാന്‍ പോകുന്ന തൊഴിലുകള്‍ പലതാണ്.
facebook
FACEBOOK
EMAIL
automation-in-new-era-of-technology

തെങ്ങു കയറാന്‍ ആളെ കിട്ടുന്നില്ല എന്ന സ്ഥിരം മലയാളിപരാതിക്ക് പരിഹാരമായി ഒരു യന്ത്രം വന്നാലോ? ഫാക്റ്ററിയില്‍ നിന്നും ഉല്‍പ്പന്നങ്ങള്‍ വാഹനങ്ങളിലെത്തിക്കാന്‍ ലോഡിംഗ് തൊഴിലാളികള്‍ക്ക് പകരം റോബോട്ടുകളെ ഉപയോഗിച്ചാല്‍ കാര്യക്ഷമതയില്‍ എത്രത്തോളം വ്യത്യാസമുണ്ടാകും? മെഷീനുകള്‍ നിയന്ത്രിക്കുന്ന അപ്പാര്‍ട്ട്മെന്റുകളും ഷോപ്പുകളും സെക്യൂരിറ്റി ജീവനക്കാര്‍ എന്ന വിഭാഗത്തെ ഇല്ലാതാക്കുന്നു പല സ്ഥലങ്ങളിലും. അതൊക്കെ പോകട്ടെ, സുരക്ഷിതമായ ജോലിയായി നമ്മള്‍ അംഗീകരിച്ച സോഫ്റ്റ്‌വെയര്‍ പ്രോഗ്രാമര്‍മാരുടെ കസേര തെറിപ്പിക്കാന്‍ കഴിവുള്ള 'ബുദ്ധിയുള്ള' മെഷീനുകള്‍ വരെ സാധാരണമാകുന്നു.

ഇതൊന്നും സംഭവിക്കാന്‍ സാധ്യതയില്ല എന്ന് പറഞ്ഞു തള്ളിക്കളയാന്‍ കഴിയില്ല, കാരണം, ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നതും ഇനി കൂടുതല്‍ തീവ്രമായി നടപ്പിലാക്കാന്‍ പോകുന്നതും ഓട്ടോമേഷന്‍ എന്ന അതിയന്ത്രവല്‍ക്കരണമാണ്. നമുക്ക് കേട്ടുപരിചയമുള്ള റോബോട്ടുകളും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗപ്പെടുത്തിയുള്ള ആപ്ലിക്കേഷനും എല്ലാം ഓട്ടോമേഷന്റെ ഭാഗമാണ്. പല ജോലികളും കൂടുതല്‍ കാര്യക്ഷമമായി ചെയ്യാന്‍ കഴിയുന്ന മെഷീനുകളും പ്രോഗ്രാമുകളും വര്‍ഷങ്ങള്‍ക്കു മുന്‍പ് കംപ്യൂട്ടര്‍ ഉയര്‍ത്തിയ ആശങ്ക വീണ്ടും സൃഷ്ടിക്കുന്നു. 'എന്റെ പണി പോകുമോ?' 2021 ആകുമ്പോഴേക്കും ഓട്ടോമേഷന്‍ കാരണം ലോകത്തില്‍ നഷ്ടമാകുന്ന ജോലികളുടെ നാലില്‍ ഒന്ന് ഇന്ത്യയിലായിലായിരിക്കും എന്ന്പഠനങ്ങള്‍. പക്ഷേ, സ്ഥിതി അത്ര ഗുരുതരമല്ല, ഓട്ടോമേഷന്‍ പുതിയ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കും എന്ന കണക്കുകൂട്ടലുകളും ധാരാളം. 'റോബോട്ടുകളെ ഉണ്ടാക്കാനും മനുഷ്യര്‍ വേണമല്ലോ? എന്ന ചോദ്യത്തിനിടയിലും യാഥാര്‍ത്ഥ്യം തെളിഞ്ഞു നി ല്‍ക്കുന്നു. ബിസിനസ് രംഗത്ത് ഏറ്റവും ആധുനികമായ ടെക്‌നോളജിയുടെ ഉപയോഗം നാള്‍ക്കുനാള്‍ വര്‍ധിക്കുകയാണ്.

മനുഷ്യരേക്കാള്‍ മികച്ചതായി ജോലി ചെയ്യാന്‍ കഴിയുന്ന, ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കുന്ന, ഉപഭോക്താക്കള്‍ക്ക് നല്ല സേവനം നല്‍കുന്ന മെഷീനോ പ്രോഗ്രാമോ ലഭ്യമാണെങ്കില്‍ അതില്‍ നിക്ഷേപിക്കാനാണ് ഇന്ന് പല സംരംഭക ര്‍ക്കും താല്‍പ്പര്യം. കമ്പനിയുടെ അടിസ്ഥാന ആവശ്യങ്ങളുടെ ഭാഗമായി മാറിക്കഴിഞ്ഞു ഓട്ടോമേഷന്‍.

കേരളത്തിലെ ബിസിനസ് രംഗത്തെ ഒട്ടേറെ പ്രശ്‌നങ്ങള്‍ക്കും ആവശ്യങ്ങള്‍ക്കും ഓട്ടോമേഷന്‍ പരിഹാരമാകും എന്നതിനോടൊപ്പം മറ്റൊരു വലിയ ചോദ്യവും ഉയര്‍ത്തുന്നു. കേരളത്തിന്റെ തൊഴില്‍ മേഖലയെ ഇത് എങ്ങനെ ബാധിക്കും? തൊഴില്‍ അവസരങ്ങള്‍ വളരെ കുറവുള്ള നമ്മുടെ സംസ്ഥാനത്ത് ഇത് യുവതലമുറക്ക് പ്രശ്‌നമാകുമോ? ഭാവിയിലെ ഈ അവസരങ്ങള്‍ ഉപയോഗപ്പെടുത്താന്‍ പ്രാപ്തമാണോ നമ്മുടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍?

ഏതെല്ലാം ജോലികളെ ബാധിക്കും?

ഇന്‍ഫോസിസ് 11,000 ജീവനക്കാരെ 'റിലീസ്' ചെയ്തത് ഈയിടെ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. കോഗ്‌നിസന്റ് ആറായിരം പേരെ ഒഴിവാക്കുന്നത് പല ജോലികളും മെഷീനുകള്‍ ഏറ്റെടുത്തതുകൊണ്ടാണ്. ജീവനക്കാരുടെ പ്രകടനത്തിനൊപ്പം തന്നെ ഓട്ടോമേഷന്‍ മൂലം ലഭ്യമായ വര്‍ധിച്ച കാര്യക്ഷമതയും വലിയ പങ്ക് വഹിച്ചിട്ടുണ്ടെന്നു കമ്പനികള്‍ പറയുന്നുമുണ്ട്.

സമീപഭാവിയില്‍ കേരളത്തിലെ തൊഴിലുകള്‍ക്കും അവസരങ്ങള്‍ക്കും വലിയ മാറ്റമൊന്നും വന്നില്ലെങ്കിലും ഒട്ടേറെ മേഖലകളില്‍ ഓട്ടോമേഷന്‍ കൂടുതല്‍ വ്യാപകമാകും. മാനുഫാക്ച്ചറിംഗ്, ഐ.റ്റി, ഐറ്റിഇഎസ്, ബാങ്കിംഗ് എന്നീ മേഖലകളിലാണ് മാറ്റങ്ങള്‍ പ്രതീക്ഷിക്കുന്നത്.

'കേരളത്തില്‍ കാര്‍ഷിക രംഗത്ത് ഓട്ടോമേഷന് ഏറെ സാധ്യതയുണ്ട്. പ്രത്യേകിച്ചും തൊഴിലാളികളുടെ ലഭ്യതക്കുറവുള്ള മേഖലകളില്‍,' ഏണ്‍സ്റ്റ് ആന്‍ഡ് യംഗ് ഹെഡ്, മാര്‍ക്കറ്റ്‌സ് (കേരളം, തമിഴ്‌നാട്) ആയ രാജേഷ് നായര്‍ പറയുന്നു. 'മാനു
ഫാക്ചറിംഗിലും പലതരം മാറ്റങ്ങള്‍ വരാം. ഇവ കൂടുതല്‍ ഹൈടെക് രംഗത്തായിരിക്കും. മികവും കാര്യക്ഷമതയും ആവശ്യമായ ജോലികള്‍ മെച്ചപ്പെടുത്താന്‍ ഓട്ടോമേഷന്‍ സഹായിക്കുന്നതുകൊണ്ട് ഇത്തരം രംഗങ്ങളിലും യന്ത്രവല്‍ക്കരണം വര്‍ധിക്കും.'

ഒരു ഉദാഹരണം നോക്കാം. ബോഷ് കമ്പനി അവരുടെ സ്മാര്‍ട്ടഫോണ്‍ സ്‌ക്രീനിനു താങ്ങാന്‍ കഴിയുന്ന 'ടച്ചുകളുടെ' അളവ് പരീക്ഷിക്കുന്നത് ഒരു റോബോട്ടിനെ ഉപയോഗിച്ചാണ്. കേരളത്തിലെ സ്റ്റാര്‍ട്ടപ്പായ ശാസ്ത്ര റോബോട്ടിക്‌സ് നിര്‍മിച്ച റോബോട്ട് ആണ് ഇപ്പോള്‍ ഈ ഇന്റര്‍നാഷണല്‍ കമ്പനിയുടെ സഹായി.

ഭീഷണി സെമി സ്‌കില്‍ഡ് തൊഴിലാളികള്‍ക്ക്

ഫ്‌ളിപ്കാര്‍ട്ട്, മഹീന്ദ്ര, ഡിറ്റിഡിസി തുടങ്ങിയ കമ്പനികള്‍ അവരുടെ വെയര്‍ഹൗസുകളിലെ ചരക്കു നീക്കത്തിന് ഉപയോഗിക്കുന്നത് റോബോട്ടുകളെയാണ്. 24 മണിക്കൂര്‍ തുടര്‍ച്ചയായി ജോലി ചെയ്യാന്‍ കഴിവുള്ള 'ബട്ട്‌ലര്‍' എന്ന റോബോട്ടുകള്‍. മുപ്പത് മിനിറ്റ് സ്വയം ചാര്‍ജ് ചെയ്ത് വീണ്ടും പ്രവര്‍ത്തനസജ്ജമാകുന്നവ.

ഹോണ്ടയുടെ അഹമ്മദാബാദിലുള്ള സ്‌കൂട്ടര്‍ ഫാക്ടറിയില്‍ 72 പേര്‍ ജോലി ചെയ്യേണ്ടിടത്ത് ഇപ്പോഴുള്ളത് 14 തൊഴിലാളികളും അഞ്ച് റോബോട്ടുകളും. ലോകത്തിലേക്കും വച്ച് ഏറ്റവും മികച്ച ഓട്ടോമേഷനുള്ള ഫാക്റ്ററികളിലൊന്നാണിത്.

ഓട്ടോമേഷന്‍ കൂടുതല്‍ പ്രചാരത്തിലാകുന്നത് നീലക്കോളര്‍ ജോലികളെയാണ് ഏറ്റവും കൂടുതല്‍ ബാധിക്കുക. മികച്ച തൊ
ഴിലുകള്‍ നേടാനുള്ള യോഗ്യതയില്ലാത്തവരും വര്‍ഷങ്ങളായി ഒരേ ജോലി ചെയ്യുന്നവരും ഇതില്‍ ഉള്‍പ്പെടും. പ്രത്യേക വൈദഗ്ദ്യം ആവശ്യമില്ലാത്ത, ലോജിസ്റ്റിക്‌സ് പോലുള്ള രംഗങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്കും ഇത് പ്രശ്‌നമുണ്ടാക്കും. വെല്‍ഡിംഗ്, സ്റ്റാമ്പിംഗ്, മെറ്റീരിയല്‍സ് സപ്ലൈ, കാര്‍ പെയ്ന്റിംഗ്, പാക്കേജിംഗ് എന്നിങ്ങനെ പല ജോലികളും ചെയ്യാന്‍ കഴിവുള്ള മെഷീനുകള്‍ നിലവില്‍ വന്നുകഴിഞ്ഞു.
ഡാറ്റ പ്രോസസിംഗ്, ഡാറ്റ കളക്ഷന്‍ തുടങ്ങി ഒരേ സ്വഭാവമുള്ള ജോലി തുടര്‍ച്ചയായി ചെയ്യുന്ന ജീവനക്കാര്‍ക്കും ഓട്ടോമേഷന്‍ ഭീഷണിയാകും എന്നാണ് വിദഗ്ധരുടെ അ ഭിപ്രായം. ഒരു സെക്ഷനില്‍ ജോലി ചെയ്തിരുന്നവര്‍ക്ക് മറ്റ് സെക്ഷനുകളില്‍ ജോലി ചെയ്യാന്‍ കഴിയും എന്ന കാഴ്ചപ്പാടും മാറും. കാരണം, സാങ്കേതികവിദ്യകള്‍ കൈകാര്യം ചെയ്യാനുള്ള കഴിവ് ഈ ജീവനക്കാര്‍ക്കുണ്ടാകണമെന്നില്ല .

സര്‍വീസ് രംഗമായിരിക്കും ഓട്ടോമേഷന്‍ കൂടുതലായി ഉപയോഗപ്പെടുത്താന്‍ പോകുന്നത്. സോഫ്റ്റ്‌വെയര്‍ റോബോട്ടുകള്‍ക്ക് ഏറെ പ്രാധാന്യമുള്ള മേഖലയാണിത്. ഇന്റര്‍ നെറ്റ് ഓഫ് തിംഗ്‌സ് ഈ രംഗത്ത് വരുത്തുന്ന മാറ്റങ്ങള്‍ ചെറുതല്ല.

ചെലവ് എങ്ങനെ മാനേജ് ചെയ്യും?

ഓട്ടോമേഷന് വേണ്ടി വരുന്ന ചെലവ് ചില്ലറയല്ല എന്ന് എല്ലാവര്‍ക്കും അറിയാം. പുതിയ ആപ്ലിക്കേഷനായാലും റോബോട്ടിക്‌സായാലും സംരംഭകരും കമ്പനികളും നടത്തേണ്ടത് വലിയ നിക്ഷേപം തന്നെയാണ്. പക്ഷേ, ഇതിനെ പിന്തുണയ്ക്കുന്നവര്‍ പറയുന്ന ഒരു കാര്യമുണ്ട്, ദീര്‍ഘകാല നേട്ടത്തിന് ഓട്ടോമേഷന്‍ കൂടിയേ തീരൂ,

വിപണിയിലെ മത്സരം കാരണം ഉല്‍പ്പന്നങ്ങള്‍ ക്കും സേവനങ്ങള്‍ക്കും കൂടുതല്‍ വില ഈടാക്കാന്‍ കഴിയില്ല. അപ്പോള്‍ കൂടുതല്‍ മാര്‍ജിന്‍ ലഭിക്കാനുള്ള വഴി ചെലവ് കുറയ്ക്കല്‍ മാത്രമാണ്. ജീവനക്കാരുടെ എണ്ണം കുറയ്ക്കുക, ഉല്‍പ്പാദനം വര്‍ധിപ്പിക്കുക... ഇതിനു ഓട്ടോമേഷനാണ് ഉത്തരമെങ്കില്‍ അതിനായി മുതല്‍മുടയ്ക്കാന്‍ എല്ലാവര്‍ക്കും താല്‍പ്പര്യവുമാണ്.

തൊഴിലാളികളെ മാനേജ് ചെയ്യല്‍, തൊഴില്‍ തര്‍ക്കങ്ങള്‍... ഇങ്ങനെ ഒട്ടേറെ കാര്യങ്ങളാണ് ഓട്ടോമേഷന് അനുകൂലമായി ചിന്തിക്കാന്‍ സംരംഭകരെ പ്രേരിപ്പിക്കുന്നത്. റോബോട്ടുകളുടെ വിലയില്‍ വരുന്ന കുറവും ഒരു കാരണമാണ്.

തയ്യാറെടുക്കാം മാറ്റങ്ങള്‍ക്കായി

ഓട്ടോമേഷന്‍ വരുന്നു എന്ന മട്ടില്‍ ആശങ്കപ്പെടുകയോ അത് അവഗണിക്കുകയോ ചെയ്യാതിരിക്കാനാണ് കേരളത്തിന്റെ ബിസി
നസ് ലോകം ശ്രദ്ധിക്കേണ്ടത്. ജീവനക്കാര്‍ക്ക് വേണ്ടപരിശീലനം നല്‍കി, അവസരങ്ങള്‍ ഉപയോഗപ്പെടുത്താന്‍ അവരെ പ്രാപ്തരാക്കണം. റോബോട്ടിക്‌സ്, ത്രീഡി പ്രിന്റിംഗ്, മെഷീനിംഗ് തുടങ്ങിയ പുതിയ വിഷയങ്ങള്‍ പഠിക്കാനുണ്ട് എല്ലാവര്‍ക്കും.
വരാന്‍ പോകുന്ന മെഷീനുകള്‍ മാനേജ് ചെയ്യാനും മോണിറ്റര്‍ ചെയ്യാനും കഴിവുള്ളവരാകണം തൊഴിലാളികള്‍. എങ്കില്‍, തൊഴില്‍ നഷ്ടം എന്ന ഒരു കാര്യം തന്നെ കേരളം ചര്‍ച്ച ചെയ്യേണ്ടി വരില്ല.

നാളേയ്ക്ക് വേണ്ടി തയ്യാറെടുക്കാന്‍ സഹായിക്കുന്ന, വിദ്യാഭ്യാസ സ്ഥാപനങ്ങളിെല പുതിയ കോഴ്‌സുകളില്‍ നിന്ന് തുടങ്ങാം കേരളത്തിലെ തൊഴില്‍ മേഖല ഓട്ടോമേഷനെയും കടത്തിവെട്ടുന്നതിനുള്ള ഒരുക്കം.

 

COMMENTS
comments powered by Disqus
WHAT IS YOUR REACTION?
0
smiletear
0
smile
0
neutral
0
grin
0
angry
 
Back to Top