Aug 03, 2017
ഏഷ്യാനെറ്റ് ന്യൂസ് ജനപക്ഷ നിലപാടുകളോടെ വന്‍ കുതിപ്പില്‍
വാര്‍ത്താ ചാനലുകള്‍ക്കിടയില്‍ മത്സരം രൂക്ഷമാകുമ്പോഴും ജനപക്ഷ നിലപാടു കളുടെ കരുത്തില്‍ ഏഷ്യാനെറ്റ് ന്യൂസിന്റെ വ്യൂവര്‍ഷിപ്പ് വര്‍ധിക്കുന്നു
facebook
FACEBOOK
EMAIL
asianet-news-on-new-heights

എന്‍.എസ് വേണുഗോപാല്‍

ദൃശ്യമാധ്യമ രംഗത്തെ മലയാള വാര്‍ത്താ ചാനലുകളുടെ മുന്‍ഗാമിയും രണ്ട് പതിറ്റാണ്ടിലേറെക്കാലത്തെ അനുഭവസമ്പത്തുമുള്ള ഏഷ്യാനെറ്റ് ന്യൂസ് അതിന്റെ ഒന്നാം സ്ഥാനം അരക്കിട്ടുറപ്പിച്ചുകൊണ്ടുള്ള ജൈത്രയാത്ര തുടരുകയാണ്. മലയാള ടെലിവിഷന്‍ വാര്‍ത്താ സംപ്രേഷണത്തില്‍ ആദ്യമായി സ്വന്തമായൊരു പാത വെട്ടിത്തെളിച്ച ചാനലാണ് ഏഷ്യാനെറ്റ് ന്യൂസ്. എന്നാല്‍ പതിറ്റാണ്ടുകള്‍ക്ക് ശേഷവും മറ്റുള്ളവര്‍ക്ക് മാതൃകയെന്നോണം നൂതനമായ ചുവടുവയ്പുകള്‍ നിരന്തരം നടത്തുന്നുവെന്ന് മാത്രമല്ല മൂല്യങ്ങളില്‍ അടിയുറച്ചു നിന്നുകൊണ്ട് ജനപക്ഷ നിലപാടുകളിലൂടെ മലയാളികളുടെ ദൈനംദിന ജീവിതവുമായി ബന്ധപ്പെട്ട സമസ്ത മേഖലകളിലും അതിശക്തമായ ഇടപെടലുകളും നീതിക്ക് വേണ്ടിയുള്ള കടുത്ത പോരാട്ടവും അനുസ്യൂതം നടത്തിക്കൊണ്ടിരിക്കുകയാണ്
ഏഷ്യാനെറ്റ് ന്യൂസ്.

വാര്‍ത്താ ചാനലുകളുടെ റേറ്റിംഗിലും വ്യൂവര്‍ഷിപ്പിലുമൊക്കെ മറ്റുള്ള ചാനലുകളേക്കാള്‍ ബഹുദൂരം മുന്നിലാണ് ഏഷ്യാനെറ്റ് ന്യൂസ്. ബാര്‍ക് റിപ്പോര്‍ട്ട് പ്രകാരം ജൂലൈയില്‍ 22 വയസിലധികമുള്ള യുവജന പ്രേക്ഷകരുടെ 48 ശതമാനം പങ്കാളിത്തവും ഏഷ്യാനെറ്റ് ന്യൂസ് കൈയടക്കിയിട്ടുണ്ട്. 'ദിവസേന രാവിലെ മുതല്‍ വൈകുന്നേരം വരെയും കൂടാതെ പ്രോഗ്രാമുകളുടെ സ്ലോട്ട് അടിസ്ഥാനത്തിലും തുടര്‍ച്ചയായി മുന്നില്‍ നില്‍ക്കുന്നത് ഞങ്ങളാണ്. ചില സ്ലോട്ടുകളില്‍ രണ്ടും മൂന്നും സ്ഥാനത്തുള്ള ചാനലുകളുടെ മൊത്തം വ്യൂവര്‍ഷിപ്പിനേക്കാള്‍ കൂടുതല്‍ നേടാനും
ഞങ്ങള്‍ക്ക് സാധിച്ചിട്ടുണ്ട്' ഏഷ്യാനെറ്റ് ന്യൂസ് നെറ്റ്‌വര്‍ക്ക് പ്രൈവറ്റ് ലിമിറ്റഡിന്റെ സി.എഫ്.ഒയും ഏഷ്യാനെറ്റ് ന്യൂസിന്റെ ഡയറക്റ്ററും ബിസിനസ് ഹെഡുമായ ഫ്രാങ്ക് പി.തോമസ് ചൂണ്ടിക്കാട്ടി. വാര്‍ത്താ ചാനലുകളുടെ മൊത്തം വിപണി വരുമാനത്തിന്റെ 50 ശതമാനത്തിലധികവും ഏഷ്യാനെറ്റ് ന്യൂസ് സ്വന്തമാക്കിയിട്ടുണ്ട്.

ജനപ്രീതിയില്‍ വന്‍ കുതിപ്പ്

കഴിഞ്ഞ ഒരു വര്‍ഷമായി വ്യൂവര്‍ഷിപ്പില്‍ അത്ഭുതകരമായൊരു കുതിച്ചുചാട്ടമാണ് ഏഷ്യാനെറ്റ് ന്യൂസിനുണ്ടായത്. 'രണ്ട് പതിറ്റാണ്ടിലേറെയായി ഞങ്ങള്‍ ഒന്നാം സ്ഥാനത്താണെങ്കിലും കഴിഞ്ഞ വര്‍ഷത്തോടെ മുന്‍പുണ്ടായിരുന്നതില്‍ നിന്നും വ്യൂവര്‍ഷിപ്പില്‍ 25 ശതമാനത്തോളം വര്‍ധന ഞങ്ങള്‍ക്കുണ്ടായി. അക്കാരണത്താല്‍ തന്നെ വ്യൂവര്‍ഷിപ്പിലെ വിപണി വിഹിതം ഇപ്പോള്‍ 60 ശതമാനമായി വര്‍ധിച്ചിരിക്കുകയാണ്' ഏഷ്യാനെറ്റ് ന്യൂസിന്റെ എഡിറ്ററായ എം.ജി രാധാകൃഷ്ണന്‍ ചൂണ്ടണ്ടിക്കാട്ടി.വാര്‍ത്തകളുടെയും വാര്‍ത്താധിഷ്ഠിത പരിപാടികളുടെയും ഉള്ളടക്കത്തില്‍ മാത്രമല്ല അവയുടെ രൂപത്തിലും ഭാവത്തിലും അവതരണത്തിലുമൊക്കെ വരുത്തിയ സമഗ്രമായ മാറ്റങ്ങളാണ് ഏഷ്യാനെറ്റ് ന്യൂസിന്റെ വന്‍ കുതിപ്പിന് വഴിയൊരുക്കിയത്. സുപ്രധാന വിഷയങ്ങള്‍ കേരളമൊട്ടാകെ പോയി കവര്‍ ചെയ്യുന്ന റോവിംഗ് റിപ്പോര്‍ട്ടര്‍ എന്ന പ്രോഗ്രാമിന് കഴിഞ്ഞ വര്‍ഷം പ്രേക്ഷകരില്‍ നിന്നും ലഭിച്ച വന്‍ സ്വീകാര്യത ഇതിനൊരു ഉദാഹരണമാണ്.

ജനങ്ങളെ ഏറ്റവും കൂടുതല്‍ ബാധിക്കുന്നതും അവരെ ഉല്‍കണ്ഠപ്പെടുത്തുന്നതുമായ പ്രശ്‌നങ്ങളെ നിഷ്പക്ഷമായും ധീരമായും ചായ്‌വുകളില്ലാതെയും പ്രൊഫഷണല്‍ മികവോടെയും നൂതന സാങ്കേതികവിദ്യയുടെ സഹായത്തോടെ അവതരിപ്പിക്കുന്നുവെന്നതാണ് ഏഷ്യാനെറ്റ് ന്യൂസിന്റെ വിജയം. ഇതിനൊരു മികച്ച ഉദാഹരണമാണ് രാത്രി 8 മണിക്ക് സംപ്രേഷണം ചെയ്യുന്ന ന്യൂസ് അവര്‍. 2016ലെ പ്രീ-പോള്‍ ഇലക്ഷനോടെ തന്നെ ന്യൂസ് അവര്‍ എന്ന പ്രോഗ്രം ജനശ്രദ്ധ നേടിയിരുന്നുവെങ്കിലും കഴിഞ്ഞ ഏതാനും മാസത്തിനിടെ അതിന്റെ പ്രേക്ഷക പങ്കാളിത്തം 55 ശതമാനമായി വര്‍ധിച്ചിരിക്കുകയാണ്. 'ഏതൊരു വാര്‍ത്താ ചാനലിന്റെയും പ്രൈം ടൈമിലുള്ള ഒരു ഫ്‌ളാഗ്ഷിപ്പ് പ്രോഗ്രാമാണ് ഇത്തരം ചര്‍ച്ചകള്‍. അവയാണ് ഒരു ചാനലിന്റെ സ്വരവും നിറവും സ്വഭാവവുമൊക്കെ നിര്‍ണ്ണയിക്കുന്നത്. മറ്റു മാധ്യമങ്ങള്‍ ഒഴിവാക്കിയ വിഷയങ്ങള്‍ ഞങ്ങള്‍ നിരന്തരം ചര്‍ച്ച ചെയ്തുവെന്നതാണ് ന്യൂസ് അവറിന്റെ സ്വീകാര്യതക്ക് അടിസ്ഥാനം', രാധാകൃഷ്ണന്‍ ചൂണ്ടിക്കാട്ടി.

ലോ അക്കാദമി സമരമായിരുന്നു ന്യൂസ് അവറിന്റെ ജനപ്രീതിയില്‍ വലിയൊരു വഴിത്തിരിവ് സൃഷ്ടിച്ചത്. സമരം വിജയിക്കുന്നതുവരെ ആഴ്ചകളോളം ആ വിഷയം മാത്രമാണ് ന്യൂസ് അവര്‍ ചര്‍ച്ച ചെയ്തുകൊണ്ടിരുന്നത്. ഇ.പി ജയരാജന്‍ മന്ത്രി സ്ഥാനം രാജിവെക്കുന്നതുവരെയും കുട്ടികളെ പീഡിപ്പിച്ച ഫാദര്‍ റോബിനെ അറസ്റ്റ് ചെയ്യുന്നതുവരെയും ജിഷ്ണു പ്രണോയിയുടെ മരണത്തെ തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങളുമൊക്കെ ദിവസ
ങ്ങളോളം ചര്‍ച്ച ചെയ്തതിലൂടെ സമൂഹത്തിലെ മുഖ്യധാരയില്‍ തന്നെ അത്തരം വിഷയങ്ങളെ എപ്പോഴും നിലനിര്‍ത്തുന്നതിനും ഏഷ്യാനെറ്റ് ന്യൂസ് ശ്രദ്ധിച്ചു. വിഷയങ്ങളുടെ കാലികപ്രസക്തി, പ്രധാന ആങ്കറായ വിനു വി.ജോണിന്റെ അവതരണ ശൈലി, അതിശക്തമായ വിമര്‍ശനം എന്നിവക്ക് പുറമേ പ്രശ്‌നങ്ങളെ കൈ
വിട്ടുകളയാതെ തുടര്‍ച്ചയായി ചര്‍ച്ച ചെയ്തുകൊണ്ടിരുന്നതുമാണ് ന്യൂസ് അവറിന്റെ ജനപ്രീതി ഉയര്‍ത്തിയത്.

'ഏത് സര്‍ക്കാര്‍ അധികാരത്തിലിരുന്നാലും അവരോട് വിമര്‍ശനാത്മകമായൊരു ബന്ധം നിലനിര്‍ത്തുകയെന്നതാണ് ഏഷ്യാനെറ്റ് ന്യൂസിന്റെ പോളിസി. അത് അവരോട് എന്തെങ്കിലും വിരോധമുണ്ടായിട്ടല്ല' രാധാകൃഷ്ണന്‍ പറഞ്ഞു. 500 എപ്പിസോഡുകളിലേക്ക് അടുക്കുന്ന ഏഷ്യാനെറ്റിലെ കവര്‍ സ്‌റ്റോറിയും ചാനലിന്റെ തനതായ പോളിസിക്ക് അനുസരണമായി ആരുടെയും മുഖം നോക്കാതെ തുറന്നടിച്ചുള്ള വിമര്‍ശന ശൈലിയാണ് പിന്തുടരുന്നത്. 'വളരെ ലളിതമായ ഭാഷയില്‍ ജനപക്ഷ നിലപാടുകളോട് ചേര്‍ന്നു നില്‍ക്കുന്ന ഒരു ആഖ്യാന ശൈലിയാണ് ഞാനിതില്‍ സ്വീകരിച്ചിട്ടുള്ളത്. ഒരുപക്ഷെ ജനങ്ങള്‍ സ്വയം പറയാനാഗ്രഹിക്കുന്ന കാര്യങ്ങള്‍ ഇതിലൂടെ വ്യക്തമാക്കപ്പെടുന്നതിനാലായിരിക്കാം അവരിത് ഇഷ്ടപ്പെടുന്നത്' ഏഷ്യാനെറ്റ് ന്യൂസിന്റെ അസിസ്റ്റന്റ് എക്‌സിക്യൂട്ടിവ് എഡിറ്റായ സിന്ധു സൂര്യകുമാര്‍ പറഞ്ഞു. 

വാര്‍ത്തക്കപ്പുറത്തെ സാമൂഹിക പ്രതിബദ്ധത

ടെലിവിഷന്‍ വാര്‍ത്താ ചാനലുകള്‍ എപ്പോഴും വിവാദങ്ങള്‍ക്ക് പിന്നാലെയാണെന്ന വിമര്‍ശനം ശക്തമാണ്. എന്നാല്‍ മറ്റുള്ള ചാനലുകളില്‍ നിന്നും തികച്ചും വ്യത്യസ്തമായി റേറ്റിംഗ് ഉള്‍പ്പെടെയുള്ള യാതൊരു ഘടകങ്ങളും കണക്കിലെടുക്കാതെയുള്ള ചില പ്രത്യേക പ്രോഗ്രാമുകളും ഏഷ്യാനെറ്റ് ന്യൂസ് ചെയ്യുന്നുണ്ട്. 2015ല്‍ ഏഷ്യാനെറ്റ് ന്യൂസ് 20 വര്‍ഷം പൂര്‍ത്തിയാക്കിയതിനെ തുടര്‍ന്ന് കേരളത്തിലെ വിദ്യാഭ്യാസം, വ്യവസായം, കല, സാഹിത്യം, സ്‌പോര്‍ട്‌സ് തുടങ്ങിയ രംഗങ്ങളിലുണ്ടായ മാറ്റത്തെ ആസ്പദമാക്കി 'കേരളം മാറിമറിഞ്ഞ 20 വര്‍ഷങ്ങള്‍' എന്നൊരു പരമ്പര സംപ്രേഷണം ചെയ്യുകയുണ്ടായി. കൂടാതെ കേരളപ്പിറവിയുടെ വജ്രജൂബിലിയോട് അനുബന്ധിച്ച് 'വീണ്ടും തെരഞ്ഞെടുപ്പിലേക്ക്-കേരളത്തിന്റെ ആറ് ദശാബ്ദങ്ങള്‍' എന്നൊരു പരമ്പരയിലൂടെ കേരളത്തിന്റെ 60 വര്‍ഷക്കാലത്തെ രാഷ്ട്രീയ ചരിത്രവും ചാനല്‍ അവതരിപ്പിക്കുകയുണ്ടായി.

മലയാള സാഹിത്യത്തെ ആസ്പദമാക്കി ആദ്യമായൊരു ടെലിവിഷന്‍ പരമ്പര ചെയ്തതും ഏഷ്യാനെറ്റാണ്. 'വാക്ക്
പൂക്കും കാലം' എന്ന ഈ പരമ്പരയിലൂടെ കേരളത്തിന്റെ 60 വര്‍ഷത്തെ സാഹിത്യ ചരിത്രമാണ് സംപ്രേഷണം ചെയ്യപ്പെട്ടത്. 'സാഹിത്യകാരന്മാര്‍ക്ക് പുറമേ മമ്മൂട്ടി ഉള്‍പ്പെടെയുള്ള സിനിമാ താരങ്ങളുടെ വലിയൊരു സഹകരണം ഈ പ്രോഗ്രാമിന് ലഭിക്കുകയുണ്ടായി' രാധാകൃഷ്ണന്‍ പറഞ്ഞു. കേരള നിയമസഭ ഏര്‍പ്പെടുത്തിയ സാംസ്‌കാരിക പരിപാടിക്കുള്ള ആദ്യത്തെ ശങ്കരനാരായണന്‍ തമ്പി പുരസ്‌ക്കാരവും ഈ പരമ്പര നേടിയെടുക്കുകയുണ്ടായി. 'എന്റെ പുഴ' എന്ന പ്രോഗ്രാമിന്റെ 44 എപ്പിസോഡുകളിലൂടെ കേരളത്തിലെ 44 നദികളുടെ സാംസ്‌കാരിക പശ്ചാത്തലം, അവയുടെ പാരിസ്ഥിതിക പ്രാധാന്യം, ഇപ്പോഴത്തെ ദുരവസ്ഥ എന്നിവയൊക്കെ ചിത്രീകരിച്ചതും ഏഷ്യാനെറ്റിന് വളരെയേറെ പ്രശംസ നേടിക്കൊടുത്തു. ഇത്തരത്തിലുള്ള അര്‍ത്ഥവത്തും ക്രിയാത്മകവുമായ ഇടപെടലുകളിലൂടെയാണ് ചാനലിന് പ്രേക്ഷക ശ്രദ്ധ ആര്‍ജിക്കാനായത്.

'എന്റെ കേരളം@60' എന്ന പരമ്പരയിലൂടെ കേരളത്തിലെ 14 ജില്ലകളുടെയും സാംസ്‌കാരികവും ചരിത്രപരവുമായ വളര്‍ച്ചയെ വിശദമാക്കുന്നൊരു പരമ്പരയും ഏഷ്യാനെറ്റ് അവതരിപ്പിച്ചു. ഡ്രോണുകളുടെ സഹായത്തോടെ ചിത്രീകരിച്ച അതിമനോഹരമായ വിഷ്വലുകള്‍ ഈ പരമ്പരയുടെ വലിയൊരു ആകര്‍ഷണീയതയായിരുന്നു. പ്രകൃതിയെയും പരിസ്ഥിതിയെയും കുറിച്ച് ജനങ്ങള്‍ക്കിടയില്‍ അവബോധം സൃഷ്ടിക്കുന്നതിനായി വേള്‍ഡ് ഫോറസ്റ്റ് ദിനത്തില്‍ പാലോട് ബോട്ടാനിക്കല്‍ ഗാര്‍ഡനില്‍ വച്ച് ഏഷ്യാനെറ്റ് ന്യൂസ് 'എന്റെ മരം, എന്റെ ജീവന്‍' എന്നൊരു പരിപാടി സംഘടിപ്പിച്ചു. ഏഴായിരത്തോളം ജനങ്ങള്‍ അതില്‍ പങ്കെടുക്കാനെത്തുകയും അവര്‍ മരങ്ങളെ പുണര്‍ന്ന് നില്‍ക്കുകയും ചെയ്തതിലൂടെ ഒരു പുതിയ ഗിന്നസ് റെക്കോഡ് തന്നെ ഏഷ്യാനെറ്റ് ന്യൂസ് സൃഷ്ടിച്ചു.

യോഗ്യരായ വ്യക്തികളുടെ അംഗീകാരത്തിനായി സ്ത്രീശക്തി പുരസ്‌കാരം, ടി.എന്‍.ജി അവാര്‍ഡ്, ഏഴ് മേഖലകളിലെ പ്രതിഭകളെ ആദരിക്കുന്നതിനായുള്ള കീര്‍ത്തിമുദ്ര അവാര്‍ഡ് തുടങ്ങിയവയും ഏഷ്യാനെറ്റ് ന്യൂസ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. കേരളത്തിലെ സ്‌കൂള്‍ വിദ്യാര്‍ത്ഥികളില്‍ നിന്നും കണ്ടെത്തുന്ന ശാസ്ത്രാഭിരുചിയുള്ള വിദ്യാര്‍ത്ഥികളുടെ മൂന്ന് ടീമുകള്‍ക്കും അവരുടെ അദ്ധ്യാപകര്‍ക്കും നാസ ഉള്‍പ്പെടെയുള്ള വിദേശ സ്ഥാപനങ്ങള്‍ സന്ദര്‍ശിക്കുന്നതിനായി സ്‌പേസ് സല്യൂട്ട് എന്നൊരു പദ്ധതിയും ചാനല്‍ നടപ്പാക്കിയിട്ടുണ്ട്. കേരളത്തിലും മിഡില്‍ ഈസ്റ്റില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട 20 വിദ്യാര്‍ഥികള്‍ക്കും അവരുടെ 10 അധ്യാപകര്‍ക്കും ഡല്‍ഹിയിലെ റിപ്പബ്ലിക്ദിന പരേഡ് കാണുന്നതിനും പ്രസിഡന്റിനെ സന്ദര്‍ശിക്കുന്നതിനുമായി പ്രൗഡ് ടു ബി ആന്‍ ഇന്ത്യന്‍ എന്നൊരു പരിപാടിയും ഏഷ്യാനെറ്റ് നടപ്പാക്കിയിട്ടുണ്ടെന്ന് ഫ്രാങ്ക് പി.തോമസ് അറിയിച്ചു. ഗള്‍ഫിലെ വിദ്യാര്‍ത്ഥികളും അധ്യാപകരും ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒരു ശ്രദ്ധേയമായ പ്രോഗ്രാമായി ഇത് മാറിക്കഴിഞ്ഞു.

സമാനതകളില്ലാത്ത വിപുലമായ കവറേജ്

അമേരിക്കന്‍ പ്രസിഡന്റിന്റെ തെരഞ്ഞെടുപ്പ് വേളയില്‍ ദേശീയ ചാനലുകളോട് കിടപിടിക്കത്തക്ക വിധത്തില്‍ ടൈംസ് സ്‌ക്വയറില്‍ നിന്നും ട്രംപ് ടവറിന്റെ ചുവട്ടില്‍ നിന്നുമൊക്കെ ലൈവ് റിപ്പോര്‍ട്ടിംഗ് നടത്തിയ ഏക മലയാളം ചാനലാണ് ഏഷ്യാനെറ്റ് ന്യൂസ്. ഇതിനു പുറമേ അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ വച്ച് അഞ്ച് ടോക്ക് ഷോയും ഏഷ്യാനെറ്റ് ന്യൂസ് നടത്തുകയുണ്ടായി. മദര്‍ തെരേസ, ചാവറ അച്ചന്‍ എന്നിവരെ വിശുദ്ധരായി പ്രഖ്യാപിച്ച
ചടങ്ങും വത്തിക്കാന്‍ സിറ്റിയില്‍ നിന്നും കഴിഞ്ഞ വര്‍ഷം ഏഷ്യാനെറ്റ് ന്യൂസ് ലൈവായി സംപ്രേഷണം ചെയ്തിരുന്നു. ഇത്തരത്തില്‍ മലയാളികള്‍ക്ക് പ്രിയപ്പെട്ട ആഗോളതല സംഭവങ്ങളൊക്കെ അതാത് സ്ഥലത്ത് നിന്നും ലൈവായി സംപ്രേഷണം ചെയ്തുവെന്നതും ഏഷ്യാനെറ്റ് ന്യൂസിന്റെ മികവിന് തെളിവേകുന്നു.

എഡിറ്റോറിയല്‍ വിഭാഗത്തിന് മാനേജ്‌മെന്റ് നല്‍കിയിട്ടുള്ള പരിപൂര്‍ണ്ണ സ്വാതന്ത്ര്യവും ഒപ്പം കൂട്ടായ പരിശ്രമവുമാണ് ചാനലിന്റെ വിജയത്തില്‍ നിര്‍ണ്ണായക പങ്ക് വഹിക്കുന്നതെന്ന് രാധാകൃഷ്ണന്‍ വ്യക്തമാക്കി. ചാനലിന്റെ വിശ്വാസ്യത കാത്തുസൂക്ഷിക്കുന്നതോടൊപ്പം തന്നെ ഒന്നാം സ്ഥാനം നിലനിര്‍ത്തുകയും ചെയ്യുക എന്നതാണ് ഏഷ്യാനെറ്റ് ന്യൂസ് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം, ബാംഗ്ലൂര്‍, ചെന്നൈ, മുംബൈ, ഡല്‍ഹി, ദുബായ് എന്നിവിടങ്ങളിലാണ് ചാനലിന്റെ വിപണന വിഭാഗം പ്രവര്‍ത്തിക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ചാനലിന് പുറമേ കന്നടയില്‍ സുവര്‍ണ്ണ ന്യൂസ് എന്നൊരു ടിവി ചാനലും കന്നടപ്രഭ എന്നൊരു ദിനപത്രവും ഏഷ്യാനെറ്റ് ന്യൂസ് നെറ്റ്‌വര്‍ക്കിനുണ്ട്. ഡിജിറ്റല്‍ തലത്തിലുള്ള സാന്നിധ്യവും കമ്പനി ശക്തമാക്കിയിട്ടുള്ളതായി ഫ്രാങ്ക് പി.തോമസ് പറഞ്ഞു. മലയാളത്തില്‍ asianetnews.tv കന്നടയില്‍ suvarnanews.tv,
ഇംഗ്ലീഷില്‍ newsable.asianetnews.tv, തെലുങ്കില്‍ telugu.asianetnews.tv എന്നിവയും കമ്പനി ആരംഭിച്ചിട്ടുണ്ട്. പുതുതായി ആരംഭിച്ച റിപ്പബ്ലിക് ടിവി ചാനലിലും കമ്പനി വലിയൊരു നിക്ഷേപം നടത്തിയിട്ടുണ്ട്.

സ്റ്റാര്‍ ഇന്ത്യ (സൗത്ത്) മാനേജിംഗ് ഡയറക്റ്ററായ കെ.മാധവന്‍ ഏഷ്യാനെറ്റ് ന്യൂസ് നെറ്റ്‌വര്‍ക്ക് പ്രൈവറ്റ് ലിമിറ്റഡിന്റെ വൈസ് ചെയര്‍മാനാണ്. രാജീവ് ചന്ദ്രശേഖര്‍ ചെയര്‍മാനായുള്ള ജൂപ്പിറ്റര്‍ കാപ്പറ്റലിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനമാണ് ഏഷ്യാനെറ്റ് ന്യൂസ് നെറ്റ്‌വര്‍ക്ക് പ്രൈവറ്റ്
ലിമിറ്റഡ്.

COMMENTS
comments powered by Disqus
WHAT IS YOUR REACTION?
0
smiletear
0
smile
0
neutral
0
grin
0
angry
 
Back to Top