Feb 01, 2018
'ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഹെല്‍ത്ത് കെയറിനെ മാറ്റിമറിക്കും'
കൊച്ചി ആസ്റ്റര്‍ മെഡ്‌സിറ്റി ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസറും ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ കേരള ക്ലസ്റ്റര്‍ മേധാവിയുമായ ഡോ ഹരീഷ് പിള്ളയുമായുള്ള അഭിമുഖം
facebook
FACEBOOK
EMAIL
artificial-intelligence-will-revamp-the-entire-industries-drhareesh-pillai

ഡോ. ഹരീഷ് പിള്ള.

 

സാങ്കേതിക വിദ്യ എല്ലാ മേഖലകളെയും മാറ്റി മറിക്കുന്ന ഇക്കാലഘട്ടത്തില്‍ ഹെല്‍ത്ത് കെയര്‍ രംഗത്ത് എന്തുമാറ്റങ്ങളാകും സംഭവിക്കുക?

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഹെല്‍ത്ത് കെയറിനെ സമീപഭാവിയില്‍ തന്നെ മാറ്റിമറിക്കും. അസുഖത്തെ തുടര്‍ന്ന് ഡോക്ടറെ കാണുമ്പോള്‍ പലപ്പോഴും ഒരേ ചോദ്യങ്ങള്‍ തന്നെയാണ് ചോദിക്കുക. ഉത്തരങ്ങള്‍ കേട്ട് ഡോക്റ്റര്‍ തന്റെ പരിചയസമ്പത്തുപയോഗിച്ച് മരുന്നുകള്‍ നിര്‍ദേശിക്കും. എത്ര പരിചയസമ്പന്നരായാലും ചിലപ്പോഴൊക്കെ അബദ്ധങ്ങളും സംഭവിക്കാം. എന്നാല്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പ്രോഗ്രാമുകളില്‍ ഇത്തരം പാകപ്പിഴകള്‍ വളരെ അപൂര്‍വ്വമായേ സംഭവിക്കൂ.

ശരീരത്തിലെ എറ്റവും സൂക്ഷ്മ കോശത്തെ വരെ റിപ്പയര്‍ ചെയ്യാന്‍ പറ്റുന്ന ഹാന്‍ഡ് ഹെല്‍ഡ് പോര്‍ട്ടബ്ള്‍ ഇമേജിംഗ് ആന്‍ഡ് തെറാപ്പിക് ടൂള്‍ ആണ് ഇനി മെഡിക്കല്‍ രംഗത്ത് വരാനിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് നിരവധി റിസര്‍ച്ചുകള്‍ നടക്കുന്നുണ്ട്.

നാനോ പാര്‍ട്ടിക്ക്ള്‍സിന്റെ ഉപയോഗമാകും മറ്റൊന്ന്. ജീന്‍ എഡിറ്റിംഗ് ടൂള്‍ ഇപ്പോഴുണ്ട്. അനേകം ജീനുകളില്‍ ഒരെണ്ണത്തിന് അപാകതയുണ്ടെങ്കില്‍ അത് മാത്രം എഡിറ്റ് ചെയ്ത് നേരെയാക്കാന്‍ ക്രിപ്‌റ്റോ ജീന്‍ എഡിറ്റിംഗ് ടൂള്‍ വഴി സാധിക്കും.

ഇമ്യൂണ്‍ ബേസ്ഡ് തെറാപ്പിയാണ് ഇനി വരിക. ജിനോമിക്‌സ് വഴി കാന്‍സര്‍ ബാധിച്ച സെല്ലുകളെ മാത്രം ചികിത്സിക്കാന്‍ കഴിയും.

 

രാജ്യത്തെ ഹെല്‍ത്ത് കെയര്‍ രംഗം 2020ല്‍ എങ്ങനെയാകുമെന്നാണ് താങ്കളുടെ കണക്കുകൂട്ടല്‍?

നല്ലൊരു ചോദ്യമാണിത്. 2019ല്‍ പൊതു തെരഞ്ഞെടുപ്പ് വരും. അമേരിക്കയിലൊക്കെ ഹെല്‍ത്ത് കെയറാണ് തെരഞ്ഞെടുപ്പില്‍ നിര്‍ണായക പങ്കുവഹിക്കുന്ന ഒരു മേഖല. ഒബാമ കെയര്‍, യുകെയിലെ എന്‍എച്ച്എസ് ഒക്കെ തെരഞ്ഞെടുപ്പില്‍ മുഖ്യ വിഷയമായിരുന്നു. അതേപോലെ എന്തുകൊണ്ടാണ് ഇന്ത്യയില്‍ സംഭവിക്കാത്തതെന്ന് ഞാന്‍ എപ്പോഴും ചിന്തിക്കാറുണ്ടായിരുന്നു. എന്നാല്‍ മോദി ഗവണ്‍മെന്റ് ഇതില്‍ ഒരു മാറ്റം കൊണ്ടു വന്നിട്ടുണ്ടെന്ന് എനിക്കു തോന്നുന്നു.

അഫോഡബിലിറ്റി, ആക്‌സസ്, അഷ്വറന്‍സ് എന്നീ മൂന്നു കാര്യങ്ങള്‍ക്ക് ഗവണ്‍മെന്റ് പ്രാധാന്യം നല്‍കുന്നുണ്ട്. ആന്‍ജിയോപ്ലാസ്റ്റിയുടെയും ആന്‍ജിയോഗ്രാമിന്റെയും വില കുറയ്ക്കാന്‍ പോവുകയാണെന്ന് റെഡ് ഫോര്‍ട്ടില്‍ സ്വാതന്ത്യദിന പ്രസംഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പറയുകയും അതു നടപ്പാക്കുകയും ചെയ്തു. സ്റ്റെന്റുകളുടെ വിലയില്‍ നിയന്ത്രണം കൊണ്ടു വന്നു. ഓര്‍ത്തോപീഡിക് ഇംപ്ലാന്റിന്റെ വില കുറച്ചു, സിറിഞ്ചുകളുടെ വില കുറച്ചു. ക്ലിനിക്കല്‍ സൗകര്യങ്ങള്‍ എല്ലാവര്‍ക്കും താങ്ങാനാവുന്ന വിധത്തിലാക്കുകയാണ് ഇതിലൂടെ ഗവണ്‍മെന്റ് ലക്ഷ്യമിടുന്നത്. ഹാര്‍ട്ട് സര്‍ജറിക്ക് ഗവണ്‍മെന്റ് തുക നിശ്ചയിക്കുന്ന ഒരവസ്ഥ ഉടന്‍ വന്നേക്കാം. നേരത്തെ ഒരു ഫോക്കസ്ഡ് അപ്രോച്ച് ഇല്ലായിരുന്നു. ഇപ്പോള്‍ അത്തരത്തില്‍ ചെറിയ നീക്കങ്ങള്‍ എങ്കിലും നടക്കുന്നുണ്ടെന്നത് പോസിറ്റീവ് കാര്യമാണ്.

മെഡിക്കല്‍ ടൂറിസം രംഗത്ത് കേരളത്തിന്റെ വെല്ലുവിളിയെന്താണ്? മെഡിക്കല്‍ വാല്യു ട്രാവല്‍ സൊസൈറ്റി സംസ്ഥാനത്തിന് എത്രമാത്രം ഗുണം ചെയ്യും?

കേരളത്തിന് മെഡിക്കല്‍ ടൂറിസം ഹബ്ബായി മാറാന്‍ അടിസ്ഥാന സൗകര്യ വികസന രംഗത്തെ മുന്നേറ്റം അനിവാര്യമാണ്. കൊച്ചി മെട്രോയും അതിനും ഏറെ മുമ്പേ നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടുമെല്ലാം കേരളത്തിന്റെ മുഖച്ഛായ മാറ്റാന്‍ ഉപകരിച്ചിട്ടുണ്ട്. ഇനി വാട്ടര്‍ മെട്രോ വരുന്നതോടെ ജനജീവിതം കുറേക്കൂടി മെച്ചപ്പെടും. സര്‍ക്കാര്‍ അടിസ്ഥാന സൗകര്യ വികസന രംഗത്ത് കൂടുതല്‍ ശ്രദ്ധയൂന്നുമ്പോള്‍ സ്വകാര്യ നിക്ഷേപം കൂടും.


കണ്ടെയ്‌നര്‍ ടെര്‍മിനല്‍ വന്നതുകൊണ്ടാണ് ചേരാനല്ലൂര്‍ എന്ന പ്രദേശത്ത് ആസ്റ്റര്‍ മെഡ്‌സിറ്റി സ്ഥാപിക്കാന്‍ തീരുമാനിച്ചത്. അതോടെ ആ ഗ്രാമത്തിന്റെ സാഹചര്യങ്ങള്‍ മെച്ചപ്പെട്ടു. 3000 പേര്‍ക്ക് ആസ്റ്റര്‍ ഇവിടെ ജോലി നല്‍കി. ഇതില്‍ 78 ശതമാനവും അഞ്ചു കിലോമീറ്റര്‍ ചുറ്റളവിലുള്ളവരാണ്. എല്ലാ ആശുപത്രികളും അങ്ങനെയാണ് സമൂഹത്തില്‍ ചെയ്യുന്നത്.

മാത്രമല്ല, കേരളത്തില്‍ ചികിത്സ തേടിയെത്തുന്ന വിദേശികളുടെ എണ്ണവും വര്‍ധിച്ചു. കേരള മെഡിക്കല്‍ വാല്യു സൊസൈറ്റി ഒരു ഗെയിം ചെയ്ഞ്ചറാകും. കേരള ട്രാവല്‍ മാര്‍ട്ട് പോലെ സര്‍ക്കാരിന്റെ പിന്തുണയോടെ നമുക്കിനി മുന്നോട്ടു പോകാം. മെഡിക്കല്‍ വാല്യു ഡെസ്റ്റിനേഷന്‍ എന്ന നിലയില്‍ ഒമാനിലും സൗദി അറേബ്യയിലുമൊക്കെ നമുക്കിനി കൂടുതല്‍ ശക്തമായി കടന്നെത്താം.

ഹെല്‍ത്ത് കെയറില്‍ ഇനിവരുന്ന അവസരങ്ങളെന്തൊക്കെയാണ്?

ഹോം കെയര്‍ വിഭാഗമാണ് ഇനി വളരാന്‍ പോകുന്നത്. കേരളത്തില്‍ പ്രായമായ ആളുകളുടെ എണ്ണം കൂടികൊണ്ടിരിക്കുകയാണ്. അതേപോലെ ധാരാളം വിദേശ മലയാളികള്‍ ഉണ്ട്.

അവരുടെയൊക്കെ മാതാപിതാക്കള്‍ പലരും ഇവിടെ ഒറ്റയ്ക്ക് കഴിയുകയാണ്. ഇവര്‍ക്കൊന്നും ആശുപത്രികളില്‍ എത്തി സേവനം തേടുക എളുപ്പമല്ല. ഹോസ്പിറ്റലുകള്‍ അവരുടെ അടുത്ത് എത്തണം. ഉദാഹരണത്തിന് ബ്രെയിന്‍ സ്‌ട്രോക്ക് വന്നാല്‍ ചികിത്സയ്ക്കു മാത്രം ആശുപത്രിയില്‍ എത്തിയാല്‍ മതി. അതിനുശേഷം ഹോസ്പിറ്റലില്‍ തുടരേണ്ട കാര്യമല്ല. നഴ്‌സിംഗ് കെയര്‍ മാത്രം മതിയാകും. ഇന്റര്‍മീഡിയറി കെയര്‍ സൗകര്യങ്ങള്‍ ഒരുക്കുന്നവര്‍ക്ക് ഇവിടെ സാധ്യതകളുണ്ട്. മൊബീല്‍ ആപ്‌സ്, ഹെല്‍ത്ത് കെയര്‍ ആപ്‌സ് ഇവയ്ക്കും സാധ്യതകളുണ്ട്. ന്യൂട്രീഷ്യന്‍ ആന്റ്് വെല്‍നെസ് ആണ് മറ്റൊരു വിഭാഗം.

ആസ്റ്ററിന്റെ വിപുലീകരണ പദ്ധതികള്‍?

കണ്ണൂരില്‍ 200 ബെഡുകളുള്ള ഒരു ആശുപത്രി ഈ വര്‍ഷം തന്നെ തുറക്കും. കാസര്‍ഗോട്, കണ്ണൂര്‍, മംഗലാപുരം എന്നിവടങ്ങളില്‍ നിന്നുള്ളവരെ ഉദ്ദേശിച്ചാണിത്. വയനാടില്‍ 100 ബെഡുകളുള്ള ഒരു ഹോസ്പിറ്റല്‍ അടുത്തിടെ തുറന്നിരുന്നു.

തിരുവനന്തപുരത്ത് 700 ബെഡുകളുള്ള വലിയൊരു ഹോസ്പിറ്റാലാണ് ഉദ്ദേശിക്കുന്നത്. അതിന് അംഗീകാരം ലഭിച്ചിട്ടുണ്ട്. പിന്നെ ചേരാനെല്ലൂര്‍ ആസ്റ്ററിന്റെ രണ്ടാം ഘട്ടം. 150 ബെഡുകളുള്ള മള്‍ട്ടി സ്‌പെഷ്യാലിറ്റി ചില്‍ഡ്രന്‍സ് ഹോസ്പിറ്റലാണ് ഇവിടെ വരുന്നത്. ബാംഗഌരില്‍ രണ്ടാമത്തെ ഹോസ്പിറ്റല്‍ ആസ്റ്റര്‍ ആര്‍വി ഉടന്‍ വരും. ഇതു കൂടാതെ ജിസിസി രാജ്യങ്ങളിലും ആശുപത്രികള്‍ തുടങ്ങുന്നുണ്ട്.

COMMENTS
comments powered by Disqus
WHAT IS YOUR REACTION?
0
smiletear
0
smile
0
neutral
0
grin
0
angry
 
Back to Top