Sep 06, 2017
അഭിമാനമായി അനുഭ
ലോകത്തെ ഏറ്റവും മികച്ച പ്രൊഡക്ഷന്‍ സ്റ്റുഡിയോകളോട് മത്സരിക്കാന്‍ കഴിവുള്ള ഒരു സംരംഭം കേരളത്തില്‍ കൊണ്ടുവന്നത് മുംബൈക്കാരിയായ ഈ പെണ്‍കുട്ടിയാണ് അനുഭ സിന്‍ഹ!
facebook
FACEBOOK
EMAIL
anubha-sinha-is-able-to-compete-with-the-best-production-studios

പ്രീത ടി.എസ്

ഒരു പരിചയവുമില്ലാത്ത കേരളത്തില്‍ വന്നു സ്വന്തമായൊരു സംരംഭം തുടങ്ങുമ്പോള്‍ അനുഭ സിന്‍ഹയ്ക്ക് പ്രായം 22 മാത്രം. ഭാഷയും തൊഴില്‍ സംസ്‌കാരവുമെല്ലാം തികച്ചും അപരിചിതം. ചെയ്യേണ്ട കാര്യങ്ങള്‍ ഏറ്റവും ആധുനിക സാങ്കേതികവിദ്യയുടേതും. എല്ലാ വെല്ലുവിളികളും വിജയത്തിലേക്കുള്ള വഴിയായിരുന്നു എന്ന് കാലം തെളിയിച്ചപ്പോള്‍ അനുഭയും Rays 3D എന്ന സംരംഭവും ഒരു വേറിട്ട ബിസിനസ് രംഗത്തിന്റെയും അപാരമായ തൊഴില്‍ സാധ്യതകളുടെയും പുതിയ മുഖമായി മാറി.

സ്‌കൂള്‍ വിദ്യാര്‍ത്ഥിയായിരിക്കുമ്പോഴേ പ്രോഗ്രാമിംഗ് സ്വയം പഠിച്ച് വലിയ കമ്പനികള്‍ക്ക് പ്രോജക്റ്റുകള്‍ ചെയ്തു കൊടുത്തിരുന്നു അനുഭ. ആധുനിക പ്രിന്റിംഗ് ടെക്‌നോളജിയോട് ഇഷ്ടം കൂടി അതും സ്വയം പഠിച്ച് സ്വന്തമായി ബിസിനസ് തുടങ്ങി വിജയിപ്പിച്ച ഈ പെണ്‍കുട്ടി നമുക്ക് വിസ്മയമാകാതിരിക്കുന്നതെങ്ങനെ?

ഗൂഗിളും ഫേസ്ബുക്കും ആപ്പിളും ഏറ്റവും കൂടുതല്‍ ഇന്‍വെസ്റ്റ് ചെയ്യുന്ന സാങ്കേതിക വിദ്യയായ വെര്‍ച്വല്‍ റിയാലിറ്റി ഉപയോഗിച്ച് അന്താരാഷ്ട്ര നിലവാരമുള്ള 360 ഡിഗ്രി ചിത്രങ്ങള്‍ നി ര്‍മിക്കുന്ന ഒരു സ്ഥാപനം ഇവിടെ കൊച്ചിയിലുണ്ടെന്ന് പറഞ്ഞാല്‍ എത്ര പേര്‍ വിശ്വസിക്കും? നമുക്ക് സങ്കല്‍പ്പിക്കാന്‍ കഴിയുന്നതിനും അപ്പുറമുള്ള മാറ്റങ്ങള്‍ കൊണ്ടുവരും എന്ന് വിദഗ്ധര്‍ പ്രവചിക്കുന്ന വിആര്‍ ടെക്‌നോളജിയിലൂടെ എന്റര്‍ടെയ്ന്‍മെന്റ് മേഖലയില്‍ മാത്രമല്ല ആരോഗ്യം, വിദ്യാഭ്യാസം, അഡ്വര്‍ടൈസിംഗ്, മാര്‍ക്കറ്റിംഗ് എന്നിങ്ങനെ വിവിധ രംഗങ്ങളില്‍ ഒരു പുത്തന്‍ അനുഭവം ഒരുക്കുകയാണ് അനുഭ സിന്‍ഹയും Rays 3D എന്ന സംരംഭവും.

വോഡഫോണ്‍, പെപ്‌സി, കാസ്‌ട്രോള്‍, യൂണിലിവര്‍, യഷ്‌രാജ് ഫിലിംസ്, ഗ്ലാക്‌സോ സ്മിത്ത്‌ക്ലെയിന്‍, റിലയന്‍സ് റീറ്റെയ്ല്‍ എന്നിങ്ങനെ നീളുന്നു ഇപ്പോള്‍ അനുഭയുടെ ക്ലയന്റ് ലിസ്റ്റ്.

നേട്ടങ്ങളെയും അംഗീകാരങ്ങളെയും കുറിച്ച് പറയാനും അവ എല്ലാവരെയും അറിയിക്കാനും മടിയാണ് അനുഭയ്ക്ക്. പല വേദികളിലും വളരെ ചുരുങ്ങിയ വാക്കുകളില്‍ സംരംഭത്തിന്റെ കാര്യങ്ങള്‍ പറഞ്ഞു പിന്മാറും അനുഭ. 'എന്നെക്കുറിച്ച് പറയേണ്ട, കേരളത്തിന് വേണ്ടി ഞാന്‍ പ്ലാന്‍ ചെയ്യുന്ന കാര്യങ്ങള്‍ മാത്രം എഴുതിയാല്‍ മതി' എന്നൊരു നിബന്ധനയോടെയാണ് അനുഭ സംസാരിച്ചതും.

പക്ഷേ, കുറച്ച് വാക്കുകളില്‍ ഒതുക്കാനുള്ളതല്ല അനുഭയുടെ സംരംഭ ജീവിതം. ഇതാ കേട്ടോളൂ.

പുലിമുരുകനും ത്രീഡിയും

ഈയടുത്ത് അനുഭയുടെ പേര് വാര്‍ത്തയില്‍ നിറഞ്ഞത് തിയറ്ററുകള്‍ തകര്‍ത്തോടി റെക്കോഡ് സൃഷ്ടിച്ച പുലിമുരുകന്‍ വഴി. ഈ ബ്ലോക്ക്ബസ്റ്റര്‍ ചിത്രം ത്രീഡി ഫോര്‍മാറ്റിലാക്കിയത് അനുഭ തന്നെ. അങ്കമാലിയില്‍ നടത്തിയ ആദ്യ പ്രദര്‍ശനം മറ്റൊരു റെക്കോഡായി. ഇരുപതിനായിരത്തിലേറെ ആളുകള്‍ ഈ ചിത്രം കാണാനെത്തിയതോടെ സംഭവം ഗിന്നസ് ബുക്കിലും ഇടംനേടി. കേരളത്തിലെ അനുഭയുടെ ആദ്യ ത്രീഡി വെര്‍ച്വല്‍ റിയാലിറ്റി പ്രോജക്റ്റാണ് പുലിമുരുകന്‍.

പുലിമുരുകന് ശേഷം ആശീര്‍വാദ് സിനിമയ്ക്ക് വേണ്ടി വിആര്‍ പ്രോജക്റ്റുകള്‍ ചെയ്യാനുള്ള ഒരുക്കത്തിലാണ് അനുഭ. അതോടൊപ്പം ന്യുക്ലിയസ് മാളിലെ 6D സ്‌ക്രീന്‍ ഏറ്റെടുത്ത് നടത്താനും പദ്ധതിയുണ്ട്.

കൊച്ചിയിലെ ഈ ഓഫീസില്‍ പല ഹോളിവുഡ്, ബോളിവുഡ് ചിത്രങ്ങളുടെയും 3D വര്‍ക്കും സ്റ്റീരിയോ വിഎഫ്എക്‌സ് സര്‍വീസും ചെയ്യുന്നുണ്ട് അനുഭയും കൂട്ടരും. ഇത്തരം പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ ചെയ്യുന്ന ലോകത്തെ ഏറ്റവും മികച്ച ഡിജിറ്റല്‍ ടെക്‌നോളജി കമ്പനികളില്‍ ഒന്നാണ് ഇപ്പോള്‍ അനുഭയുടെ ഈ സംരംഭം. ആര്‍തര്‍, പിരാന, വിപ്പോ, സിംഗ് ഈസ് കിംഗ്, പിറ്റ്‌സ എന്നിങ്ങനെ ഒട്ടേറെ സിനിമകള്‍ ത്രീഡിയിലേക്ക് കൂറുമാറിയത് ഈ സ്റ്റുഡിയോയിലാണ്.

ഒരു ഡിസ്‌നി കണക്ഷന്‍

ഇന്റല്‍ പോലുള്ള ഒട്ടേറെ ഗ്ലോബല്‍ കമ്പനികള്‍ക്ക് വേണ്ടി വിആര്‍ വര്‍ക്കുകള്‍ ചെയ്തിട്ടുണ്ട് അനുഭ എന്നതും അറിയപ്പെടാത്ത കാര്യം. ലോകത്തെ ഏറ്റവും മികച്ച പ്രൊഡക്ഷന്‍ സ്റ്റുഡിയോകള്‍ അംഗങ്ങളായ അഡ്വാന്‍സ്ഡ് ഇമേജിംഗ് സൊസൈറ്റി എന്ന അന്താരാഷ്ട്ര സംഘടനയില്‍ അനുഭയുടെ സംരംഭവുമുണ്ട്. ഇതിന്റെ ബോര്‍ഡ് മീറ്റിംഗിന്റെ ചെയര്‍മാന്‍ മറ്റാരുമല്ല, ഡിസ്‌നി ആനിമേഷന്‍ സ്റ്റുഡിയോയുടെ പ്രതിനിധി. അനുഭ പറയാന്‍ മടിക്കുന്ന മറ്റൊരു നേട്ടം.

സ്വയം പഠിച്ച പാഠങ്ങള്‍

സ്‌കൂളില്‍ പഠിക്കുന്ന കാലം മുതലേ പല പ്രമുഖ കമ്പനികള്‍ക്കും വേണ്ടി പ്രോഗ്രാമിംഗ് ചെയ്തിട്ടുള്ള അനുഭ എന്നും ടെക്‌നോളജിയുടെ വഴിയേയാണ് സഞ്ചരിച്ചിട്ടുള്ളത്. അതും സ്വയം നേടിയെടുത്ത അറിവിന്റെയും അനുഭവത്തിന്റെയും കരുത്തില്‍.

മുംബൈയില്‍ കോളെജ് പഠനത്തോടൊപ്പം ലെന്റികുലര്‍ ടെക്‌നോളജി പഠിച്ചാണ് അനുഭ ഒരു പ്രിന്റിംഗ് കമ്പനി തുടങ്ങിയത്. ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികള്‍ മുതല്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ വരെ പലരും പ്രൊമോഷനുകള്‍ക്കും പോസ്റ്ററുകള്‍ക്കും വേണ്ടി ഈ പുതിയ കമ്പനിയെ തേടിയെത്താന്‍ തുടങ്ങിയതോടെ ബിസിനസ് പുതിയ തലത്തിലേക്കെത്തി. ഒരു ചിത്രത്തിലെ ആളുകളോ വസ്തുക്കളോ ചലിക്കുന്നുണ്ടെന്ന് തോന്നിപ്പിക്കുന്ന ഈ സാങ്കേതികവിദ്യ ഉപയോഗിച്ച് അനുഭയും ടീമും മുംബൈയില്‍ ഉയര്‍ത്തിയ പല ബോര്‍ഡുകളും ഏറെ ശ്രദ്ധ നേടിയെടുക്കുകയും ചെയ്തു.

'ഒന്നും ഞാന്‍ പ്ലാന്‍ ചെയ്തതല്ല എന്നതാണ് സത്യം. എന്റെ ജീവിതത്തില്‍ ഓരോന്നായി സംഭവിക്കുകയായിരുന്നു. അല്ലെങ്കില്‍ പൂനെയില്‍ ഒരു ബാക് എന്‍ഡ് ഓഫീസ് തുടങ്ങേണ്ട ഞാന്‍ കേരളത്തില്‍ വരുമോ? വളരെ ആകസ്മികമായാണ് എന്റെ ബിസിനസ് ജീവിതത്തില്‍ പലതും സംഭവിച്ചിട്ടുള്ളത്.'

കൊച്ചിയിലെ തുടക്കം

ഷോലെയുടെ ത്രീഡി വര്‍ക്ക് തുടങ്ങിയപ്പോഴായാണ് അനുഭ കൊച്ചിയില്‍ ഒരു ബാക് എന്‍ഡ് ഓഫീസ് തുടങ്ങുന്നത്.

ഒരു പുതിയ ഔട്ട്‌സോഴ്‌സിങ് സംവിധാനത്തിനും ഇതോടെ തുടക്കമിട്ടു. രണ്ടായിരത്തോളം ആളുകള്‍ക്കാണ് ത്രീഡി കണ്‍വേര്‍ഷനില്‍ പരിശീലനം നല്‍കിയിട്ടുള്ളത്. വീട്ടിലിരുന്ന് ചെയ്യാവുന്ന രീതിയിലാണ് ജോലി ഭാഗിച്ച് നല്‍കുന്നത്. ഇവര്‍ പൂര്‍ത്തിയാക്കുന്ന ഫ്രെയ്മുകള്‍ കലൂര്‍ കടവന്ത്ര റോഡിലുള്ള ഓഫീസില്‍ പൂര്‍ണ്ണരൂപത്തിലാകുന്നു.

'ഒരുപാട് സ്ത്രീകള്‍ക്ക് ഇതിലൂടെ വരുമാനമാര്‍ഗം കണ്ടെത്താന്‍ കഴിയുന്നുണ്ട് എന്നത് എന്നെ സംബന്ധിച്ചിടത്തോളം അഭിമാനമുണ്ടാക്കുന്ന കാര്യമാണ്. ഏറ്റവും പുതിയ ടെക്‌നോളജി എന്ന് കേട്ട് പേടിക്കാനൊന്നുമില്ല, ഇത് ആര്‍ക്ക് വേണമെങ്കിലും ചെയ്യാവുന്ന കാര്യമാണ്.' അക്ഷയ കേന്ദ്രങ്ങളെയും കുടുംബശ്രീയെയും ഇതിന്റെ ഭാഗമാക്കിയിട്ടുണ്ട് എന്നത് അനുഭ എന്ന സംരംഭകയുടെ മറ്റൊരു നേട്ടമാണ്.

ഇത് ബിസിനസ് മാത്രമല്ല

സാങ്കേതികവിദ്യ ഏതെല്ലാം വിധത്തില്‍ മനുഷ്യര്‍ക്ക് സഹായകമാണെന്നു തെളിയിക്കുകയാണ് അനുഭയും കൂട്ടരും. പെയിന്‍ മാനേജ്‌മെന്റില്‍ വെര്‍ച്വല്‍ റിയാലിറ്റിക്ക് എന്തെല്ലാം സാധ്യമാണെന്ന് കണ്ടെത്താനുള്ള റിസര്‍ച്ച് കേരളത്തിലെ ചില ആശുപത്രികളുമായി സഹകരിച്ച് നടന്നുകൊണ്ടിരിക്കുകയാണ് ഇപ്പോള്‍, അനുഭ പറയുന്നു. ഓട്ടിസം ബാധിച്ച കുട്ടികള്‍ക്കായി കേരള സര്‍ക്കാരിന്റെ ഒരു പ്രോജക്റ്റും ചെയ്തിട്ടുണ്ട് അനുഭ.

ഒട്ടേറെ സാമൂഹ്യപ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് നടത്തുന്ന അനുഭയ്ക്ക് ഇനി എന്താണ് വേണ്ടതെന്നു വ്യക്തമായ ധാരണയുണ്ട്.

'കൂടുതല്‍ ആളുകള്‍ക്ക് പ്രയോജനം ലഭിക്കുന്ന രീതിയില്‍ ടെക്‌നോളജി ഉപയോഗപ്പെടുത്താനാണ് എന്റെ പ്ലാന്‍. ആരോഗ്യരംഗത്തും വിദ്യാഭ്യാസമേഖലയിലും ഒട്ടേറെ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ഇതിലൂടെ കഴിയും. അത് എനിക്കും ഈ ബ്രാന്‍ഡിനും ഗുണം മാത്രമേ ചെയ്യുകയുള്ളൂ.'

സിനിമയുടെ ലോകത്തേക്ക്

വിഷ്വല്‍ ഇഫക്ട്, ആനിമേഷന്‍ രംഗത്ത് ലോകപ്രശസ്തമായ സോണി പിക്‌ചേഴ്‌സ് ഇമേജ്‌വര്‍ക്ക്‌സിന്റെ സ്ഥാപകനായ ഫ്രാങ്ക് ഫോസ്റ്ററെ പരിചയപ്പെട്ടതാണ് അനുഭയുടെ ജീവിതത്തിലെ വഴിത്തിരിവ്.

ഷോലെ എന്ന ചിത്രത്തിന്റെ ചില ഭാഗങ്ങള്‍ ഒന്നരദിവസത്തിനുള്ളില്‍ ത്രീഡി ആക്കി മാറ്റിയാണ് അനുഭ ഫോസ്റ്ററെ അതിശയിപ്പിച്ചത്. മൂന്ന് വര്‍ഷത്തേക്ക് സോണിയുടെ കരാര്‍ തുടങ്ങിയതും അങ്ങനെ. സ്വന്തമായി സ്റ്റുഡിയോ എന്ന ചിന്ത പോലുമില്ലാതിരുന്ന നാളുകളിലാണ് അനുഭ സിനിമയുടെ ലോകത്തേക്ക് മാറുന്നത്. എന്തായാലും, സോണി എന്ന വമ്പന്‍ ബ്രാന്‍ഡുമായുള്ള പാര്‍ട്ട്ണര്‍ഷിപ്പ് അനുഭയെ മറ്റ് വിഷ്വല്‍ കമ്പനികളുടെ ശ്രദ്ധയില്‍ കൊണ്ടുവന്നു. മികച്ച ക്വാളിറ്റി, കുറഞ്ഞ ചെലവ് എന്നതായിരുന്നു Rays 3Dയുടെ ആകര്‍ഷണം.

എന്താണ് വിആര്‍?

'ഇനി വെര്‍ച്വല്‍ റിയാലിറ്റിയുടെ കാലമാണ്. അഡ്വര്‍ടൈസിംഗ്, മാര്‍ക്കറ്റിംഗ് തുടങ്ങി ഏത് രംഗത്തും വിആര്‍ ഉപയോഗപ്പെടുത്താവുന്നതാണ്,' അനുഭ സിന്‍ഹ പറയുന്നു.

സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് ചിത്രീകരിക്കുന്ന രംഗങ്ങള്‍ തികച്ചും യഥാര്‍ത്ഥമാണെന്ന പ്രതീതി കാഴ്ചക്കാരില്‍ ഉണ്ടാക്കുന്ന ടെക്‌നോളജിയാണ് വിആര്‍. പ്രത്യേകതരം ഹെഡ്‌സെറ്റുകള്‍ ഉപയോഗിച്ചാണ് ഈ ചിത്രങ്ങള്‍ കാണുന്നത്. വെറും കാഴ്ച എന്നതിനപ്പുറം ഒരു അനുഭവം സൃഷ്ടിക്കുന്നു ഈ ഫിലിമുകള്‍.

ലോകത്ത് തന്നെ വളരെ കുറച്ചുപേര്‍മാത്രം കൈകാര്യം ചെയ്യുന്ന ത്രീഡി ക്യാമറ റിഗ് (ആറ് ക്യാമറകളുടെ സെറ്റ്) അനുഭ വികസിപ്പിച്ചെടുത്തൂ എന്നുകൂടി പറഞ്ഞാലേ ഈ സംരംഭകയുടെ കഴിവുകളെ കുറിച്ച് ചെറിയ ധാരണയെങ്കിലും കിട്ടുകയുള്ളു. വിദേശ കമ്പനികളെ അപേക്ഷിച്ച് കുറഞ്ഞ ചെലവില്‍ ഇത്തരം ചിത്രങ്ങള്‍ ചെയ്യാനും Rays 3Dക്ക് കഴിയുന്നു.

ഫേസ്ബുക്ക് റിയാലിറ്റി സ്മാര്‍ട്ട്ഗ്ലാസ്സുകള്‍ നിര്‍മിക്കുന്നതും മൈക്രോസോഫ്റ്റ് ഹോളന്‍സ് ഹെഡ്‌സെറ്റുകള്‍ വിപണിയിലെത്തിച്ചതും സ്‌നാപ് ചാറ്റ് സ്‌പെക്റ്റക്കിള്‍സ് പുറത്തിറക്കിയതുമെല്ലാം ഈ ടെക്‌നോളജിയുടെ സാധ്യതകള്‍ മനസിലാക്കി തന്നെ. സിറിയയിലെ അഭയാര്‍ത്ഥി പ്രശ്‌നത്തിന്റെ ഭീകരതയും ദയനീയതയും ലോകത്തിനു മുന്നിലെത്തിക്കാന്‍ ഐക്യരാഷ്ട്ര സംഘടനാ ഉപയോഗിച്ചത് ഒരു വെര്‍ച്വല്‍ റിയാലിറ്റി ചിത്രമാണ്.

ഓട്ടോമൊബീല്‍ ഉള്‍പ്പെടെയുള്ള ബ്രാന്‍ഡുകള്‍ക്ക് ബ്രോഷറുകള്‍ക്ക് പകരം ഉപയോഗിക്കാവുന്ന ടെക്‌നോളജിയാണ് വിആര്‍. വളരെ പെട്ടെന്ന് തീരുമാനമെടുക്കാന്‍ ഒരു കസ്റ്റമറെ പ്രേരിപ്പിക്കുന്നതാണ് ഇത്തരം പ്രൊമോഷണല്‍ ചിത്രങ്ങള്‍. പരമ്പരാഗതമായ രീതികളെക്കാള്‍ ചെലവ് കുറച്ച് പരസ്യങ്ങളും ചെയ്യാന്‍ കഴിയും എന്നതാണ് വിആറിന്റെ നേട്ടം.

COMMENTS
comments powered by Disqus
WHAT IS YOUR REACTION?
0
smiletear
0
smile
0
neutral
0
grin
0
angry
 
Back to Top