Dec 26, 2017
മിനിമം വേജസ് ആക്ടിലെ ഭേദഗതികള്‍ സംരംഭകര്‍ക്ക് തിരിച്ചടിയായി
ബില്ലിലെ വ്യവസ്ഥകള്‍ കേരളത്തിലെ വ്യാപാര വ്യവസായ സേവന മേഖലകളിലെ സംരംഭങ്ങളുടെ നിലനില്‍പ്പിനെ തന്നെ ഇല്ലാതാക്കിയേക്കുമെന്ന് സംരംഭകര്‍
facebook
FACEBOOK
EMAIL
amendments-to-the-minimum-wages-act-were-turned-down-to-entrepreneurs

ഒരാളിന് തൊഴില്‍ കൊടുക്കുന്നുവെന്ന കാരണത്താല്‍ ഇത്രയും ഭീകരമായ ശിക്ഷ സര്‍ക്കാര്‍ തൊഴിലുടമകള്‍ക്ക് നല്‍കണോ? ജീവിച്ചുപോകാന്‍ വേണ്ടി മാത്രം കച്ചവടം നടത്തുന്ന ലക്ഷക്കണക്കിന് ആളുകളെ വഴിയാധാരമാക്കുന്ന ഇത്തരം നടപടികള്‍ക്ക് ഒരിക്കലും ഞങ്ങള്‍ കൂട്ടുനില്‍ക്കില്ല' വ്യാപാര സമൂഹം ഇതിനെ ശക്തിയുക്തം എതിര്‍ക്കും. ജി.എസ്.ടി കാരണം മിക്ക വ്യാപാരികളും പ്രതിസന്ധിയിലാണ്. അതോടൊപ്പം ഇത്തരം നടപടികള്‍ വ്യാപാര മേഖലയെ കൂടുതല്‍ തളര്‍ത്തും. അതിനാല്‍ വ്യാപാര സ്ഥാപനങ്ങളുടെ ക്ലാസിഫിക്കേഷന്‍, സര്‍ട്ടിഫിക്കേഷന്‍ തുടങ്ങിയ സര്‍ക്കാരിന്റെ പരിപാടികളുമായി ആരും സഹകരിക്കേണ്ടതില്ലെന്നാണ് ഞങ്ങളുടെ തീരുമാനം.

രാജ സേതുനാഥ്, ചെയര്‍മാന്‍, കേരള ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി

മിനിമം വേജസില്‍ ഹരിയാന കഴിഞ്ഞാല്‍ കേരളമാണ് ഏറ്റവും മുന്നിലുള്ളത്. ജി.എസ്.ടി കാരണം എല്ലാവര്‍ക്കും ഒരേ നികുതി നിരക്കാണ് ബാധകം. എന്നാല്‍ മറ്റ് സംസ്ഥാനങ്ങളിലെ കുറഞ്ഞ കൂലിയും കേരളത്തിന്റെ പുതിയ നിയമ ഭേദഗതികളും കാരണം സംസ്ഥാനത്തെ ഉല്‍പ്പന്നങ്ങള്‍ക്ക് വിപണിയില്‍ മല്‍സരിക്കാനാകാത്ത സ്ഥിതിയുണ്ടാകും. പുതിയ നിയമങ്ങള്‍ കര്‍ക്കശമാക്കി നടപ്പാക്കിയാല്‍ സംസ്ഥാനത്തെ ചെറുകിട സ്ഥാപനങ്ങള്‍ പൂട്ടിപ്പോകുകയും തൊഴിലില്ലായ്മ വര്‍ദ്ധിക്കുകയും ചെയ്യും.
സജീവ് മഞ്ഞില, സെക്രട്ടറി, തൃശ്ശൂര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ്

തൊഴിലുടമകള്‍ക്ക് ഭീകരമായ ശിക്ഷകള്‍ നടപ്പാക്കുന്നത് ഇക്കണോമിക് ആക്റ്റിവിറ്റിയെ പ്രോല്‍സാഹിപ്പിക്കുകയല്ല പകരം പിന്നോട്ടടിക്കുകയേയുള്ളൂ. സംരംഭകരുടെ ഭാഗത്ത് ചെറിയ വീഴ്ചകള്‍ ഉണ്ടായേക്കാം. അതിന് ഭീമമായ പിഴ ചുമത്തുന്നതിന് പകരം രേണ്ടാ മൂന്നോ വര്‍ഷത്തെ സമയം നല്‍കി അവരെ കറക്ട് ചെയ്ത് നിയമത്തിനകത്തേക്ക് കൊണ്ടുവരിക എന്നതാണ് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാകേണ്ട ഗുണപരമായൊരു സമീപനം.
പി.വി നിധീഷ്, പ്രസിഡന്റ്, മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ്

ഒരു ഭാഗത്ത് ഈസ് ഓഫ് ഡൂയിംഗ് ബിസിനസിനുള്ള ഒട്ടേറെ നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുമ്പോള്‍ മറുഭാഗത്ത് ബിസിനസ് മേഖലയെ ഒന്നടങ്കം നിശ്ചലമാക്കുന്ന തരത്തിലുള്ള പുതിയ നിയമ ഭേദഗതികളും പ്രവര്‍ത്തനങ്ങളും ഉ്യുാകുന്നുവെന്നത് തികച്ചും ഖേദകരമാണ്. വന്‍കിട ചെറുകിട സ്ഥാപനങ്ങള്‍ക്കെല്ലാം ഒരേതരം പിഴ ഈടാക്കുന്നതില്‍ യാതൊരു യുക്തിയുമില്ല.

അതിനാല്‍ സ്ഥാപനങ്ങളെ ടേണോവര്‍ അടിസ്ഥാനത്തില്‍ തരംതിരിച്ചായിരിക്കണം പുതിയ നിയമങ്ങള്‍ നടപ്പാക്കുന്നത്.
എസ്.എന്‍ രഘുചന്ദ്രന്‍ നായര്‍, പ്രസിഡന്റ്, ട്രിവാന്‍ഡ്രം ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്റ് ഇന്‍ഡസ്ട്രി

ധനം വായിച്ച് പത്തുകൊല്ലം മുന്‍പ്‌സംരംഭകനായ വ്യക്തിയാണ് ഞാന്‍. സമീപവാസികളായ നാലഞ്ച് സ്ത്രീകള്‍ക്ക് ജോലി കൊടുക്കുന്ന സ്ഥാപനം തരക്കേടില്ലാത്ത രീതിയില്‍ മുന്നോട്ടുപോകുന്നു. അടുത്തിടെ സര്‍ക്കാര്‍ തൊഴില്‍ നിയമങ്ങളില്‍ വരുത്തിയ ചില ഭേദഗതികള്‍ വായിച്ച് എന്തു ചെയ്യുമെന്നറിയാത്ത അവസ്ഥയിലാണ് ഞാന്‍. സര്‍ക്കാര്‍ നിഷ്‌കര്‍ഷിക്കുന്ന ശമ്പളം നല്‍കി സംരംഭം ലാഭകരമായി മുമ്പോട്ട് കൊണ്ടുപോകാനാവില്ല. ഇത്രയും വലിയ തുക പിഴ നല്‍കി സംരംഭം മുന്നോട്ടു കൊണ്ടുപോകേണ്ടി വരുമോ എന്ന ആശങ്കയുമുണ്ട്. എന്താണ് ഈ അവസരത്തില്‍ ചെയ്യാനാകുക.

അടുത്തിടെ ഒരു സംരംഭകന്‍ ധനത്തിന് അയച്ച കത്തിന്റെ ചുരുക്കമാണിത്. ഇദ്ദേഹം മാത്രമല്ല കേരളത്തിലെ ലക്ഷക്കണക്കിന് വ്യാപാരികളും വ്യവസായികളുമൊക്കെ ഇതേ ആശങ്കയിലകപ്പെട്ടിരിക്കുകയാണ്. മിനിമം വേജസ് ആക്ടിലും നാഷണല്‍ ഹോളിഡേയ്‌സ് ബില്ലിലുമൊക്കെ സംസ്ഥാന സര്‍ക്കാര്‍ വരുത്തിയ നിയമഭേദഗതികളാണ് ബിസിനസ് സമൂഹത്തിന്റെ ഈ ആശങ്കകള്‍ക്ക് ആധാരം.

വിവിധ തൊഴില്‍ മേഖലകളില്‍ സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള ഏറ്റവും കുറഞ്ഞ വേതനം ഉറപ്പാക്കുന്നതിന് വേണ്ടി 1948ല്‍ കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയതാണ് മിനിമം വേജസ് ആക്റ്റ്. കേരളത്തിലെ ഭൂരിഭാഗം തൊഴില്‍ മേഖലകള്‍ക്കും ഇത് ബാധകമാണ്. രേഖകളുടെ പരിശോധനകള്‍, വീഴ്ചകള്‍ക്കുള്ള പിഴ തുടങ്ങിയവയിലാണ് സര്‍ക്കാര്‍ അടുത്തയിടെ ഭേദഗതി വരുത്തിയത്. ഇക്കഴിഞ്ഞ ഒക്‌റ്റോബര്‍ 20ലെ സര്‍ക്കാര്‍ ഗസറ്റില്‍ മിനിമം വേജസ് (കേരള അമന്‍ഡ്‌മെന്‍ഡ്)ആക്ട് 2017ന്റെ വിഞ്ജാപനം സര്‍ക്കാര്‍ പുറപ്പെടുവിച്ചതോടെ ഈ നിയമം പ്രാബല്യത്തിലായി.

സംരംഭകര്‍ നല്‍കേണ്ടത് കനത്ത പിഴകള്‍

കേരളത്തിലെ വ്യാപാര വ്യവസായ സേവന മേഖലകളിലെ സംരംഭങ്ങളുടെ നിലനില്‍പ്പിനെ തന്നെ ഇല്ലാതാക്കുകയാണ് മിനിമം വേജസ് ആക്ടില്‍ ഭേദഗതി വരുത്തിക്കൊണ്ട് സംസ്ഥാന നിയമസഭ പാസാക്കിയ ബില്ലിലെ വ്യവസ്ഥകളെന്ന് സംരംഭകര്‍ ഒന്നടങ്കം പറയുന്നു.

മിനിമം വേജസ് ആക്റ്റിലെ സെക്ഷന്‍ 20, 22, 22അ എന്നിവ പ്രകാരം തൊഴിലുടമകള്‍ക്കുള്ള പിഴയില്‍ ഭീമമായ വര്‍ധനയാണ് സര്‍ക്കാര്‍ വരുത്തിയിരിക്കുന്നത്. മിനിമം വേതനം കൊടുക്കാതിരിക്കുക, ഓവര്‍ടൈം വേതനം നല്‍കാതിരിക്കുക, വീക്കിലി ഓഫ് അനുവദിക്കാതിരിക്കുക തുടങ്ങിയ വീഴ്ചകള്‍ക്ക് മുന്‍പ് 500 രൂപ വരെയുള്ള പിഴയോ അല്ലെങ്കില്‍ ആറ് മാസം തടവോ അല്ലെങ്കില്‍ ഇവ രണ്ടുമോ ആയിരുന്നു ശിക്ഷ. എന്നാല്‍ പുതിയ നിയമത്തിലെ സെക്ഷന്‍ 22 പ്രകാരം ഇത് ഒരു ലക്ഷം രൂപയായി ഉയര്‍ത്തിയിരിക്കുന്നു.

മിനിമം വേജസ് നല്‍കുന്നതില്‍ ഒരു തൊഴിലുടമ വീഴ്ച വരുത്തിയാല്‍ മിനിമം വേജസിന് പുറമേ അതിന്റെ പത്തിരട്ടി വരെ നഷ്ടപരിഹാരമായി തൊഴിലാളിക്ക് നല്‍കാനുള്ള ഉത്തരവ് ഡെപ്യൂട്ടി ലേബര്‍ കമ്മീഷണര്‍മാര്‍ക്ക് പുറപ്പെടുവിക്കാനാകുമെന്ന് നിയമ വിദഗ്ധനായ അഡ്വ.സി.ബി മുകുന്ദന്‍ ചൂണ്ടിക്കാട്ടുന്നു. അത് നിലനില്‍ക്കവേയാണ് പുതിയ ഭേദഗതി പ്രകാരം 500 രൂപ പിഴയെന്നതിനെ ഒരു ലക്ഷം രൂപയായി ഉയര്‍ത്തിയിരിക്കുന്നത്.

500 രൂപ വരെയുള്ള പിഴ 5000 രൂപ വരെയായി വര്‍ധിപ്പിക്കാനായിരുന്നു കേന്ദ്ര തൊഴില്‍ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശമെങ്കിലും കേരളം അതിനെ ഒരു ലക്ഷം രൂപയായിട്ടാണ് ഉയര്‍ത്തിയിരിക്കുന്നത്. ജീവിച്ചുപോകാന്‍ വേണ്ടി മാത്രം കച്ചവടം നടത്തുന്ന ലക്ഷക്കണക്കിന് ആളുകളെ വഴിയാധാരമാക്കുന്ന നടപടികളാണ് ഇതെന്നാണ് സംരംഭകര്‍ ചൂണ്ടിക്കാട്ടുന്നു.

അശാസ്ത്രീയ നടപടികള്‍

രേഖകള്‍ കൃത്യമായി സൂക്ഷിക്കാതിരിക്കുക, അവ പരിശോധനക്ക് വരുന്ന ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാക്കാതിരിക്കുക, വേജ് സ്ലിപ്പുകള്‍ നല്‍കാതിരിക്കുക, മസ്റ്റര്‍റോള്‍, വേതന രജിസ്റ്റര്‍ എന്നിവ സൂക്ഷിക്കാതിരിക്കുക തുടങ്ങിയ വീഴ്ചകള്‍ക്ക് മുന്‍പ് പരമാവധി 500 രൂപയാണ് പിഴയെങ്കില്‍ ഇപ്പോഴത് രണ്ട് ലക്ഷം രൂപ വരെയായി വര്‍ധിപ്പിച്ചിരിക്കുകയാണ്. കൂടാതെ ഇത്തരം വീഴ്ചകള്‍ തുടരുന്നപക്ഷം ഓരോ ദിവസത്തിനും 2000 രൂപ നിരക്കില്‍ അധിക പിഴ ഈടാക്കുന്നതിനുംവകുപ്പുണ്ട്. ഇത്തരം വീഴ്ചകള്‍ രണ്ടാമതും ആവര്‍ത്തിച്ചാല്‍ ഓരോന്നിനും അഞ്ച് ലക്ഷം രൂപ വരെ പിഴ നല്‍കേണ്ടിവരുമെന്ന വ്യവസ്ഥയും പുതിയ ഭേദഗതിയില്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. ഓരോ വീഴ്ചക്കുമുള്ള പിഴ ഒരു കാരണവശാലും ഒരു ലക്ഷം രൂപയില്‍ കുറയരുതെന്നും നിയമം അനുശാസിക്കുന്നു.

സര്‍ക്കാരിന്റെ നടപടി ഒട്ടും തന്നെ ശാസ്ത്രീയമല്ലെന്നതാണ് പൊതുവെയുള്ള വിമര്‍ശനം. മിനിമം വേജസ് ആക്റ്റ് പരിഷ്‌ക്കരിക്കുന്നതിന് മുന്‍പ് വ്യാപാര വ്യവസായ സംഘടനകളുമായി ആലോചിക്കാനും സര്‍ക്കാര്‍ തയാറായില്ല. സ്ഥാപനത്തിലെ രേഖകള്‍ പിടിച്ചെടുക്കാനും നിസാരമായ തെറ്റുകള്‍ക്ക് ഭീമമായ പിഴ ചുമത്താനുമുള്ള അധികാരം ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചതോടെ വന്‍ അഴിമതിക്കും വിലപേശലിനുമുള്ള അവസരമൊരുക്കിയിരിക്കുകയാണ് സര്‍ക്കാര്‍.

തൊഴിലുടമകളുടെ വീഴ്ചകള്‍ക്ക് കേരളത്തിലെ പിഴ 500 രൂപയില്‍ നിന്നും ഒരു ലക്ഷം രൂപയായി ഉയര്‍ത്തിയപ്പോള്‍ കര്‍ണ്ണാടകത്തില്‍ അത് വെറും പതിനായിരം രൂപയായിട്ടാണ് വര്‍ധിപ്പിച്ചത്. അതായത് അയല്‍ സംസ്ഥാനങ്ങളിലെ സംരംഭകര്‍ പിഴയിനത്തില്‍ വെറും പതിനായിരം രൂപ അടക്കേണ്ടി വരുമ്പോള്‍ കേരളത്തിലെ സംരംഭകര്‍ക്ക് ലക്ഷക്കണക്കിന് രൂപയുടെ ബാദ്ധ്യതയുണ്ടാകുമെന്നര്‍ത്ഥം.

ഉല്‍സവ അവധി വേതനം

കേരള ഇന്‍ഡസ്ട്രിയല്‍ എസ്റ്റാബ്ലിഷ്‌മെന്റസ് (നാഷണല്‍ & ഫെസ്റ്റിവല്‍ ഹോളിഡേയ്‌സ്) അമന്‍ഡ്‌മെന്റ് ബില്‍ 2017 പ്രകാരം ഉല്‍സവ അവധി ദിവസങ്ങളിലെ വേതനത്തെ കുറിച്ചുള്ള പുതിയ നിബന്ധനകള്‍ വ്യവസായ, വാണിജ്യ സംരംഭങ്ങള്‍ക്കും മറ്റുള്ള ബിസിനസ് സ്ഥാപനങ്ങള്‍ക്കും കരാര്‍ അടിസ്ഥാനത്തില്‍ തൊഴിലാളികളെ സപ്ലൈ ചെയ്യുന്നവര്‍ക്കുമൊക്കെ ബാധകമാണ്. പുതിയ ഭേദഗതി പ്രകാരം ഒരു ജീവനക്കാരന്‍ മാത്രമുള്ള കടകളില്‍ പോലും വര്‍ഷത്തില്‍ വേതനത്തോടു കൂടിയ നാല് ദേശീയ അവധികള്‍ അനുവദിക്കണമെന്ന നിയമം ചെറുകിട സ്ഥാപനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്നതിനാല്‍ ദേശീയ അവധി ദിനങ്ങളുമായി ബന്ധപ്പെട്ട ബാദ്ധ്യതകളില്‍ നിന്നും ചെറുകിട സ്ഥാപനങ്ങളെ ഒഴിവാക്കണമെന്ന ആവശ്യവും സംരംഭകര്‍ ഉന്നയിക്കുന്നു.

കൂടാതെ ഒമ്പത് ഉല്‍സവ അവധി ദിനങ്ങളില്‍ ഒരു തൊഴിലാളിക്ക് വേതനത്തിനുള്ള അര്‍ഹതയുണ്ടാകണമെങ്കില്‍ തൊട്ടുമുമ്പുള്ള 90 ദിവസങ്ങളില്‍ 30 ദിവസങ്ങളിലെങ്കിലും അയാള്‍ സ്ഥാപനത്തില്‍ ജോലി ചെയ്തിരിക്കേണ്ടതുണ്ട്. എന്നാല്‍ നാല് ദേശീയ അവധി ദിവസങ്ങളുടെ കാര്യത്തില്‍ അത്തരത്തിലുള്ള യാതൊരു വ്യവസ്ഥകളും നിയമത്തില്‍ പറഞ്ഞിട്ടില്ല.

ദേശീയ അവധി ദിനത്തിന്റെ തലേന്നും പിറ്റേന്നും മാത്രം ജോലി ചെയ്ത തൊഴിലാളിക്ക് പോലും അവധി ദിവസത്തെ വേതനം നല്‍കണമെന്നുള്ള ഹൈക്കോടതി വിധിയും മുന്‍പ് ഉണ്ടായിട്ടുണ്ട്. ഇത്തരം നൂലാമാലകള്‍ കാരണം നിയമാനുസൃതം അനുവദിക്കുന്ന 13 അവധി ദിവസങ്ങളുടെ കാര്യത്തിലും തൊട്ടുമുമ്പുള്ള 90 ദിവസത്തെ കാലയളവില്‍ 60 ദിവസമെങ്കിലും തൊഴിലാളി ജോലിയില്‍ ഉണ്ടായാല്‍ മാത്രമേ അവധി വേതനത്തിന് അയാള്‍ക്ക് അര്‍ഹതയുണ്ടാകൂവെന്ന ഭേദഗതി കൂടി നിയമത്തില്‍ കൂട്ടിച്ചേര്‍ക്കണമെന്നാണ് സംരംഭകരുടെ നിര്‍ദ്ദേശം. ഒരു കോണ്‍ട്രാക്ടര്‍ ഉല്‍സവ അവധി ദിവസങ്ങളിലെ വേതനം തൊഴിലാളികള്‍ക്ക് നല്‍കിയില്ലെങ്കില്‍ മുഖ്യ തൊഴില്‍ദാതാവ് കോണ്‍ട്രാക്ട് തൊഴിലാളികള്‍ക്ക് പ്രസ്തുത വേതനം നല്‍കണമെന്ന നിബന്ധനയോടും സംരംഭകര്‍ക്ക് വിയോജിപ്പുണ്ട്.

തൊഴിലാളികളുടെ സര്‍വീസ് കാലയളവ് നിഷ്‌കര്‍ഷിച്ചിട്ടില്ലാത്തതിനാല്‍ ഏതാനും ദിവസങ്ങളിലേക്ക് മാത്രം നിയോഗിക്കപ്പെടുന്ന കാഷ്വല്‍ തൊഴിലാളികള്‍ക്ക് പോലും നാല് ദേശീയ അവധി ദിവസങ്ങളിലെ വേതനം നല്‍കാന്‍ തൊഴിലുടമകള്‍ നിര്‍ബന്ധിതരാകും.

മിനിമം വേജസ് ആക്റ്റിലെ പുതിയ ഭേദഗതികള്‍ പിന്‍വലിക്കണമെന്നും ഫെസ്റ്റിവല്‍ ഹോളിഡെയ്‌സിനെ സംബന്ധിച്ചുള്ള അപാകതകള്‍ ഒഴിവാക്കണമെന്നുമുള്ള നിവേദനം വിവിധ വ്യാപാര വ്യവസായ സംഘടനകള്‍ സര്‍ക്കാരിന് നല്‍കിയിട്ടുണ്ടെങ്കിലും അവയില്‍ അനുകൂലമായൊരു തീരുമാനം ഉണ്ടായിട്ടില്ല. മിനിമം വേജസ് ആക്റ്റിലെ പിഴയില്‍ വരുത്തിയ ഭീമമായ വര്‍ധനവിനെതിരെ ചില കോര്‍പ്പറേറ്റ് സംരംഭങ്ങള്‍ ഹൈക്കോടതിയെ സമീപിച്ചിട്ടുള്ളതിനാല്‍ അതില്‍ കക്ഷി ചേരാനും ചില സംഘടനകള്‍ തയാറെടുക്കുകയാണ്. അതോടൊപ്പം ചെറുകിട ഇടത്തരം സംരംഭകരെ വഴിയാധാരമാക്കുന്ന സര്‍ക്കാരിന്റെ ഇത്തരം നടപടികള്‍ക്കെതിരെ ശക്തമായ പ്രക്ഷോഭപരിപാടികളിലേക്കും വ്യാപാര വ്യവസായ സംഘടനകള്‍ നീങ്ങിയേക്കുമെന്നാണ് സൂചന.

 

 

COMMENTS
comments powered by Disqus
WHAT IS YOUR REACTION?
0
smiletear
0
smile
0
neutral
0
grin
0
angry
 
Back to Top