ആധാര്‍ നിര്‍ബന്ധമായ 10 കാര്യങ്ങള്‍
ആധാര്‍ ഇപ്പോള്‍ വെറുമൊരു രേഖ മാത്രമല്ല, നമ്മുടെ ജീവിതത്തിന്റെ ഭാഗം തന്നെയാണ്, ഏതൊരു പ്രധാന കാര്യം ചെയ്യുമ്പോഴും കൂടെ തന്നെ കരുതേണ്ട ഒന്ന്.
facebook
FACEBOOK
EMAIL
aadhar-is-strictly-compulsory-fo-this-10-things-in-india

ആധാര്‍ ഇപ്പോള്‍ വെറുമൊരു രേഖ മാത്രമല്ല, നമ്മുടെ ജീവിതത്തിന്റെ ഭാഗം തന്നെയാണ്. ഏതൊരു പ്രധാന കാര്യം ചെയ്യുമ്പോഴും കൂടെ തന്നെ കരുതേണ്ട ഒന്ന്. സബ്‌സിഡി പോലുള്ള ആനുകൂല്യങ്ങള്‍ നേടാന്‍ മാത്രമല്ല, ഇന്‍കം ടാക്‌സ് റിട്ടേണിന് അടക്കം ഇപ്പോള്‍ ആധാര്‍ വേണം. യുഎസ് പൗരന്മാര്‍ക്കുള്ള സോഷ്യല്‍ സെക്യൂരിറ്റി നമ്പര്‍പോലെ തന്നെ ഭാരതീയന്റെ ജീവിതത്തിലെ ഒഴിച്ചു കൂടാനാകാത്ത രേഖയായി ആധാര്‍ മാറിയിരിക്കുന്നു.

സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് മാത്രമല്ല, ഇപ്പോള്‍ സ്വകാര്യ കമ്പനികളും ആധാറിന്റെ സാധ്യതകള്‍ ഉപയോഗപ്പെടുത്തി വരുന്നുണ്ട്. ജിയോ തന്നെ ആദ്യത്തെ ഉദാഹരണം. ജിയോ സിം നേടാന്‍ ആധാര്‍ രേഖ നിര്‍ബന്ധം തന്നെയാണല്ലോ. ഏതു കമ്പനിയുടേതായാലും ഇനി സിം എടുക്കണമെങ്കില്‍ ആധാര്‍ കൂടിയേ തീരൂ. തൊഴില്‍ദാതാക്കള്‍ തങ്ങളുടെ സ്ഥാപനത്തിലേക്ക് ജീവനക്കാരെ തെരഞ്ഞെടുക്കാനും ആധാറിനെ ആശ്രയിച്ചു തുടങ്ങിയിട്ടുണ്ട്. വെരിഫിക്കേഷന്‍ നടപടികള്‍ക്കു വേണ്ട കാലതാമസം ഒഴിവാക്കാം എന്നതു മാത്രമല്ല ചെലവു ഗണ്യമായി കുറയ്ക്കാനാകും
എന്നതാണ് ഇതിന്റെ മെച്ചം.

ബിസിനസ് ഇടപാടുകള്‍ക്കും ഇനി ആധാര്‍ ഒഴിച്ചുകൂടാനാവാത്തതാവും. ഓഹരിവിപണിയിലേക്ക് കൂടി ആധാര്‍ നിര്‍ബന്ധമാക്കാനൊരുങ്ങുകയാണ് സര്‍ക്കാര്‍. ഓഹരിവാങ്ങുന്നതിനും വില്‍ക്കുന്നതിനും മൂച്വല്‍ഫണ്ടില്‍ നിക്ഷേപിക്കുന്നതിനും ആധാര്‍ നിര്‍ബന്ധമാകും.

ആധാര്‍ അത്യാവശ്യമായതും ലിങ്ക് ചെയ്തിരിക്കേണ്ടതുമായ പത്ത് കാര്യങ്ങള്‍ ഇതാ

1. ബാങ്ക് എക്കൗണ്ട്: ബാങ്ക് എക്കൗണ്ട് തുടങ്ങുന്നതിന് ആധാര്‍ നിര്‍ബന്ധമാണ്. നിലവിലുള്ള എക്കൗണ്ട് ഉടമകള്‍ തങ്ങളുടെ ആധാര്‍ നമ്പര്‍ ബാങ്കില്‍ നല്‍കേണ്ടതുണ്ട്. അരലക്ഷം രൂപയില്‍ കൂടുതലുള്ള ഏത് ഇടപാടുകള്‍ക്കും ആധാര്‍ നിര്‍ബന്ധമാണ്.

2. ഇന്‍കം ടാക്‌സ് റിട്ടേണ്‍: ഇന്‍കം ടാക്‌സ് ഫയലിംഗിന് ആധാര്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്.

3. പാന്‍ കാര്‍ഡ്: പുതിയതായി പാന്‍ കാര്‍ഡിന് അപേക്ഷിക്കുകയാണെങ്കില്‍ആധാര്‍ ഇല്ലാതെ കഴിയില്ല. മാത്രമല്ല, പഴയ പാന്‍ കാര്‍ഡുമായി ആധാര്‍ലിങ്ക് ചെയ്യേണ്ടതുമുണ്ട്. ഓണ്‍ലൈനായും സമീപത്തെ അക്ഷയ കേന്ദ്രം സന്ദര്‍ശിച്ചും എളുപ്പത്തില്‍ ഇതു ചെയ്യാനാകും. Send SMS to 567678 അല്ലെങ്കില്‍ 56161 എന്ന നമ്പറുകളിലേക്ക് UIDPAN എന്ന് എസ്എംഎസ് ചെയ്തും ലിങ്ക് ചെയ്യാനാകും.

4. എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് എക്കൗണ്ട്: എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍, പ്രൊവിഡന്റ് ഫണ്ട് എക്കൗണ്ട് ആധാറുമായി ലിങ്ക് ചെയ്യണമെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്. www.epfindia.com എന്ന വെബ്‌സൈറ്റ് വഴി ഇത് ചെയ്യാനാകും.

5. മൊബീല്‍ ഫോണ്‍ നമ്പര്‍: പുതിയ മൊബീല്‍ കണക്ഷന്‍ ലഭിക്കണമെങ്കില്‍ ആധാര്‍ നിര്‍ബന്ധമാണ്. നിലവിലുള്ള നമ്പര്‍ ആധാറുമായി ലിങ്ക് ചെയ്യുകയും വേണം. ഇതിനായി അതാത് സേവനദാതാക്കളുടെ ഓഫീസുകളിലും മിക്ക മൊബീല്‍ വില്‍പ്പന-സര്‍വീസ് കേന്ദ്രങ്ങളിലും സൗകര്യമുണ്ട്.

6. സ്‌കോളര്‍ഷിപ്പുകള്‍: കേന്ദ്ര സ്‌കോളര്‍ഷിപ്പുകള്‍ക്കായും മറ്റു സാമ്പത്തിക സഹായങ്ങള്‍ക്കായും അപേക്ഷിച്ചിരിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാണ്.

7. പാസ്‌പോര്‍ട്ട്: പാസ്‌പോര്‍ട്ടിന് അപേക്ഷിക്കാന്‍ ഏറ്റവും അത്യാവശ്യമുള്ള രേഖയായി വിദേശകാര്യ മന്ത്രാലയം ആധാറിനെ പ്രഖ്യാപിച്ചിട്ടുണ്ട്. ആധാര്‍ ഇല്ലെങ്കില്‍ നിങ്ങള്‍ക്ക് പാസ്‌പോര്‍ട്ടും ലഭിക്കില്ല.

8. റെയ്ല്‍വേ ഇളവുകള്‍: ദുരുപയോഗങ്ങള്‍ വ്യാപകമായതോടെ റെയില്‍വേ നല്‍കുന്ന ടിക്കറ്റു നിരക്കിലെ ഇളവുകള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്.

9. ഉച്ചക്കഞ്ഞി: ആധാര്‍ കാര്‍ഡ് ഇല്ലാത്ത വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂളുകളില്‍ നിന്ന് ഉച്ചക്കഞ്ഞി ലഭിക്കില്ലെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുള്ളത്.

10. പൊതുവിതരണം: റേഷന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കേണ്ടതുണ്ട്. എങ്കില്‍ മാത്രമേ സബ്‌സിഡി അടക്കമുള്ള ആനുകൂല്യങ്ങള്‍ ലഭ്യമാകുകയുള്ളൂ. കേരളത്തില്‍ പുതിയ റേഷന്‍ കാര്‍ഡിനുള്ള അപേക്ഷയ്‌ക്കൊപ്പം ആധാര്‍ നല്‍കേണ്ടതുള്ളതിനാല്‍ പ്രത്യേകം ലിങ്ക് ചെയ്യേണ്ടതില്ല. കേന്ദ്ര സര്‍ക്കാരിന്റെ വിവിധ ക്ഷേമ പദ്ധതികള്‍ക്കും ആധാര്‍ അത്യാവശ്യ ഘടകമാണ്.

COMMENTS
comments powered by Disqus
WHAT IS YOUR REACTION?
0
smiletear
0%
0
smile
0%
1
neutral
100%
0
grin
0%
0
angry
0%
 
Back to Top