Jan 16, 2018
ടെക്‌നോളജിയുടെ കാലം! ഡാറ്റയുടെയും!
മനുഷ്യവികസന സൂചികകള്‍ കണക്കിലെടുക്കുമ്പോള്‍ കേരളത്തിന്റെ നേട്ടങ്ങളും അംഗീകാരങ്ങളും അതുല്യമാണ് സ്ത്രീ പുരുഷ അനുപാതം, സാക്ഷരത എന്നിങ്ങനെയുള്ള പല കണക്കുകളിലും മുന്നില്‍ നില്‍ക്കുന്നതോടൊപ്പം അനുകൂലമായ പ്രകൃതിസമ്പത്തും നമുക്കുണ്ട്
facebook
FACEBOOK
EMAIL
a-new-era-of-technology-and-data-is-the-big-change-george-muthoot

ജോര്‍ജ് മുത്തൂറ്റ്, ഡയറക്റ്റര്‍, മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പ്

 

നുഷ്യവികസന സൂചികകള്‍ കണക്കിലെടുക്കുമ്പോള്‍ കേരളത്തിന്റെ നേട്ടങ്ങളും അംഗീകാരങ്ങളും അതുല്യമാണ്. സ്ത്രീ പുരുഷ അനുപാതം, സാക്ഷരത എന്നിങ്ങനെയുള്ള പല കണക്കുകളിലും മുന്നില്‍ നില്‍ക്കുന്നതോടൊപ്പം അനുകൂലമായ പ്രകൃതിസമ്പത്തും നമുക്കുണ്ട്. ഒപ്പം, നൂറ് ശതമാനമുള്ള ടെലിഫോണ്‍ സാന്ദ്രതയും ഉയര്‍ന്ന രാഷ്ട്രീയ അവബോധവും. ധനകാര്യ സേവനമേഖലയുടെ വികസനത്തിന് യോജിച്ച സാഹചര്യങ്ങള്‍ തന്നെ ഇവയെല്ലാം.

കേരളത്തിന്റെ സാമൂഹ്യ സാമ്പത്തിക വികസനത്തെ ഏറ്റവും കൂടുതല്‍ സഹായിച്ചിട്ടുള്ള ധനകാര്യ മേഖലയെ സ്വാധീനിച്ച രണ്ട് ഘടകങ്ങള്‍ ഉദാരവല്‍ക്കരണവും വിദേശരാജ്യങ്ങളിലേക്കുള്ള കുടിയേറ്റവുമാണ്.

ഈ രംഗത്ത് മാറ്റങ്ങള്‍ കൊണ്ടുവന്ന ചില പ്രധാന സംഭവ വികാസങ്ങള്‍:


* 2005 ല്‍ ഏര്‍പ്പെടുത്തിയ പരോക്ഷനികുതി (വാറ്റ്)

* 2001 ല്‍ പ്രൊഫഷണല്‍ വിദ്യാഭ്യാസ രംഗത്ത് സ്വകാര്യമേഖലയുടെ പ്രവേശനം 

* സ്വര്‍ണ്ണ, ചിട്ടി ബിസിനസുകളുടെ പ്രചാരം


* ടൂറിസം മേഖലയിലെ നേട്ടങ്ങള്‍


ടെക്‌നോളജിയുടെ വന്‍ വളര്‍ച്ച

വ്യവസായങ്ങള്‍ തകര്‍ക്കുന്ന സംസ്ഥാനം എന്ന പേര് കേട്ടെങ്കിലും കേരളത്തിന് അഭിമാനിക്കാനാവുന്ന പല മുഹൂര്‍ത്തങ്ങളും ഉണ്ട്. 1857 ല്‍ ആരംഭിച്ച കൊച്ചിന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി ഇന്ത്യയിലെ ആദ്യകാല ചേംബറുകളില്‍ ഒന്നാണ്. രാജ്യത്ത് സ്വകാര്യ മേഖലയിലെ ആദ്യത്തെയും ഏറ്റവും വലുതുമായ ഇലക്ട്രോണിക്‌സ് കോര്‍പ്പറേഷന്‍ (കെല്‍ട്രോണ്‍, 1973), ആദ്യത്തെ വന്‍കിട രാസവള നിര്‍മാണ യൂണിറ്റ് (ഫാക്ട്, 1943) എന്നിങ്ങനെയുള്ള നേട്ടങ്ങള്‍ പലത്. ഇന്ത്യയിലെ ആദ്യത്തെ ടെക്‌നോപാര്‍ക്കും ഇവിടെ തന്നെ.

തിരുവിതാംകൂറും കൊച്ചിയും മലബാറും ബാങ്കിംഗ് സംവിധാനം വികസിപ്പിച്ചതും തൃശ്ശൂര്‍ ബാങ്കുകളുടെ കേന്ദ്രമായതും സ്വര്‍ണ്ണ പണയം, ചിട്ടി മുതലായ വ്യത്യസ്തമായ ധനകാര്യ മാര്‍ഗങ്ങള്‍ക്ക് കേരളത്തില്‍ തുടക്കമായതും എടുത്തുപറയേണ്ടതാണ്.

മാന്ദ്യമുണ്ടായിട്ടുപോലും 2000 ന്റെ അവസാന വര്‍ഷങ്ങളില്‍ ഐ.റ്റി, ജൂവല്‍റി, ഫിനാന്‍സ്, ടൂറിസം എന്നീ രംഗങ്ങളില്‍ കേരളം വന്‍ മുന്നേറ്റം നടത്തി. സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഏറ്റവും അനുയോജ്യമായ ഇക്കോ സിസ്റ്റമാണ് ഇവിടത്തേത്. സാക്ഷരതയിലും രാഷ്ട്രീയ അവബോധത്തിലും ഉയര്‍ന്നു നില്‍ക്കുന്നവരുടെയിടയില്‍ ഏറ്റവും മികച്ചതും നിയമസാധുതയുള്ളതും പ്രൊഫഷണലായി പ്രവര്‍ത്തിക്കുന്നതുമായ ബിസിനസ് മോഡലുകള്‍ക്ക് മാത്രമേ നിലനില്‍ക്കാന്‍ കഴിയൂ എന്നതും മറ്റൊരു പ്രത്യേകതയാണ്.

ഉല്‍പ്പാദനമേഖലയ്ക്ക് തീരെ അനുയോജ്യമല്ലാത്ത ഭൂമിശാസ്ത്രപരമായ സ്ഥാനം പക്ഷെ, കേരളത്തിന്റെ ടൂറിസം, ടെക്‌നോളജി സാധ്യതകള്‍ക്ക് അനുഗ്രഹമായി മാറി. കഴിഞ്ഞ 20 വര്‍ഷമായി വളര്‍ച്ചയുടെ പാതയിലാണ് ടൂറിസം മേഖല. ഒട്ടേറെ റിസോര്‍ട്ടുകള്‍, ഹോട്ടലുകള്‍, ട്രാന്‍സ്‌പോര്‍ട്ട് കമ്പനി കള്‍ എന്നിവ കേരളത്തിന്റെ ഭാഗമായതും അതുകൊണ്ടുതന്നെ. പുതിയ സംരംഭങ്ങള്‍ പലതുണ്ടായി, എന്‍ആര്‍ഐ നിക്ഷേപങ്ങള്‍ കണ്‍വന്‍ഷന്‍ സെന്ററുകളും മാളുകളും ഒക്കെയായി.

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം പോലെ കുടുംബശ്രീയും കേരളത്തിന് ഏറെ അംഗീകാരങ്ങള്‍ നേടിത്തന്നു. സംരംഭകത്വത്തിന്റെ ആവേശം വ്യാപകമാക്കാന്‍ ഇവ ഏറെ സഹായിച്ചു എന്നതാണ് പ്രധാന കാര്യം.

ഇനി വരാനുള്ളത്

ധനകാര്യ സേവന മേഖലയില്‍ ഏറ്റവും വലിയ ഡിസ്‌റപ്ഷന്‍ ഉണ്ടാക്കിയത് ഡിജിറ്റല്‍ ടെക്‌നോളജിയാണ്. പഴയ ബിസിനസ് മോഡലുകളെ ഇത് മാറ്റിമറിച്ചു. ഇപ്പോള്‍ ഫിന്‍ടെക്ക് കമ്പനികളുടെ വരവോടെ ഓണ്‍ലൈനായി ഫിനാന്‍ഷ്യല്‍ പ്രൊഡക്ടുകള്‍ വാങ്ങാം എന്ന സ്ഥിതിയായി, മികച്ച കസ്റ്റമര്‍ അനുഭവവും അവര്‍ ഉറപ്പുവരുത്തി. ഈ പ്രൊഡക്ടുകള്‍ ഡിസൈന്‍ ചെയ്യുന്നതിന്റെയും വില്‍ക്കുന്നതിന്റെയും രീതി തന്നെ മാറി.

ഇനി ഡാറ്റ അടിസ്ഥാനമാക്കിയാകും പുതിയ ഉല്‍പ്പന്നങ്ങളും സേവനങ്ങളും ധനകാര്യ മേഖലയില്‍ സൃഷ്ടിക്കപ്പെടുന്നത്. അനലിറ്റിക്‌സിലും ഡിജിറ്റല്‍ ബിഹേവിയറിലും സംഭവിക്കുന്ന പുതിയ മാറ്റങ്ങളിലൂടെ കസ്റ്റമറുടെ പെരുമാറ്റത്തെയും താല്‍പ്പര്യങ്ങളെയും കുറിച്ചുള്ള ഒട്ടേറെ വിവരങ്ങളാണ് ലഭിക്കുന്നത്. ഇതോടൊപ്പം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, മെഷീന്‍ ലേണിംഗ്, കസ്റ്റമര്‍ അനലറ്റിക്‌സ് എന്നിവയും ഏറെ പ്രാധാന്യം നേടും.

ഡിജിറ്റല്‍ ഓണ്‍ലൈന്‍ സെയ്ല്‍സ്: ഷോറൂമുകളിലൂടെ വില്‍ക്കപ്പെട്ടിരുന്ന പല ഉല്‍പ്പന്നങ്ങള്‍ക്കും ഇനി ഓണ്‍ലൈന്‍ ആയിരിക്കും 'ദ് ബിഗ് ഡീലര്‍.' ജന്‍ധന്‍, ആധാര്‍, മൊബീല്‍ എന്നിവയിലൂടെ കസ്റ്റമര്‍ക്ക് മികച്ച സേവനം നല്‍കാന്‍ എല്ലാ മേഖലകള്‍ക്കും അവസരം ലഭിക്കും.

ജിഎസ്ടി, അനലറ്റിക്‌സ്: ജിഎസ്ടി നടപ്പിലായതോടെ സ്റ്റോക്കിനെക്കുറിച്ചുള്ള വിശദമായ ഡാറ്റ ലഭിക്കുന്നത് എംഎസ്എംഇ മേഖലയ്ക്കുള്ള ഫണ്ടുകള്‍ നേടാന്‍ സഹായിക്കും. പ്രോഫിറ്റ് & ലോസ്, ബാലന്‍സ് ഷീറ്റ് എന്നിവയെ അടിസ്ഥാനമാക്കിയല്ലാത്ത ഈ ഫണ്ടിംഗ് ഏറെ പ്രചാരം നേടും.

സംരംഭകര്‍ ചെയ്യേണ്ടത്

ഇന്‍ട്രപ്രണര്‍ഷിപ്പ് സംരംഭത്തിനുള്ളില്‍ തന്നെ ആശയങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരുന്ന ശൈലി പിന്തുടരുക. മുന്‍പ് പഠിച്ച ആവശ്യമില്ലാത്ത കാര്യങ്ങള്‍ വിട്ടുകളയുക, പുതിയത് പഠിക്കുക.

വേഗത ശീലമാക്കണം. ചെലവും മറ്റ് സാമ്പത്തിക കാര്യങ്ങളും പ്രത്യേകം ശ്രദ്ധിക്കണം.

സ്റ്റാര്‍ട്ടപ്പിന്റെ കാഴ്ചപ്പാടോടെ ആശയങ്ങള്‍ പരീക്ഷിക്കുക, പത്തെണ്ണത്തില്‍ രണ്ടെണ്ണം വിജയിക്കാം, അവ കൂടുതല്‍ വളര്‍ ത്തുക.

ടെക്‌നോളജിയെ മികച്ച രീതിയില്‍ ഉപയോഗിച്ച് കസ്റ്റമര്‍ക്ക് കൂടുതല്‍ സേവനങ്ങള്‍ നല്‍കുക.

പുതിയ കാലത്തെ കസ്റ്റമര്‍ക്ക് എന്താണ് ആവശ്യമെന്നു നേരത്തെ കണ്ടെത്തി അത് നല്‍കാന്‍ ശ്രദ്ധിക്കണം.

COMMENTS
comments powered by Disqus
WHAT IS YOUR REACTION?
0
smiletear
0%
1
smile
100%
0
neutral
0%
0
grin
0%
0
angry
0%
 
Back to Top