Sep 16, 2016
UPI ബാങ്കിംഗ് രംഗത്തെ മൊബീല്‍ വിപ്ലവം
മൃദുവായ ഒരു മൊബീല്‍ ടച്ചിലൂടെ എക്കൗണ്ട് ടു എക്കൗണ്ട് മണി ട്രാന്‍സ്ഫര്‍ -- നോ സെക്കന്‍ഡ് സാറ്റര്‍ഡേ, നോ ബാങ്ക് ഹോളിഡേ, നോ പേയ്‌മെന്റ് ഡിലേ, 24ത7 ബാങ്കിംഗ് ഫസിലിറ്റി -- ഇതിന്റെ സാക്ഷാത്കാരമാണ് യു പി ഐ
facebook
FACEBOOK
EMAIL
UPI-mobile-revolution-in-banking

റ്റ മൊബീല്‍ ടച്ചിലൂടെ പണം കൈമാറ്റം സാധ്യമാക്കും വിധം ഇന്ത്യയിലെ ബാങ്കിംഗ് മേഖലയില്‍ വലിയൊരു വിപ്ലവമാകാന്‍ ഒരുങ്ങുകയാണ് യൂണിഫൈഡ് പേയ്‌മെന്റ് ഇന്റര്‍ഫേസ് (യു.പി.ഐ). നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ അവതരിപ്പിക്കുന്ന ഈ നവീന ആശയത്തോട് ബാങ്കിംഗ് മേഖലയിലെ പ്രമുഖരും ചേര്‍ന്ന് നില്‍ക്കുന്നു. മാറുന്ന ഇന്ത്യയുടെ പുതിയ ബാങ്കിംഗ് മുഖമാകുമിതെന്ന് അവര്‍ വാദിക്കുന്നു. മൊബീല്‍ ഫോണ്‍ വഴിയുള്ള സന്ദേശ കൈമാറ്റരംഗത്ത് വാട്ട്‌സ്ആപ്പ്, കൊണ്ടുവന്ന കീഴ്‌മേല്‍ മറിക്കലിനോടാണ് യു.പി.ഐയെ ഇന്‍ഫോസിസ് സ്ഥാപകരില്‍ ഒരാളായ നന്ദന്‍ നിലേകനി ഉപമിക്കുന്നത്. വാട്ട്‌സ്ആപ് മൂവ്‌മെന്റ് എന്നാണ് നിലേകനി ഇതിനെ വിശേഷിപ്പിക്കുന്നത്. ബാങ്കിലെ നീണ്ട ക്യൂവോട് കൂടിയ കാഷ് കൗണ്ടറുകളും പല നിറത്തിലുള്ള ചെലാനുകളും എന്തിന് ഇന്റര്‍നെറ്റ് ബാങ്കിംഗിനെ പോലും വെല്ലാന്‍ ഈ ആപ്പ് ബേസ്ഡ് ബാങ്കിംഗ് സംവിധാനത്തിന് കഴിയും. ഒരു ആന്‍ഡ്രോയ്ഡ് സ്മാര്‍ട്ട് ഫോണ്‍ കൊണ്ട് പ്രവര്‍ത്തിപ്പിക്കാവുന്ന ഈ പുത്തന്‍ ബാങ്കിംഗ് സൗകര്യത്തെ അടുത്തറിയാം...

എന്താണ് യു.പി.ഐ?

ഒരു സ്മാര്‍ട്ട് ഫോണിലൂടെ പണം കൈമാറ്റം സാധ്യമാകുന്ന ഒരു ബാങ്കിംഗ് ഇന്റര്‍ഫേസ് ആണ് യു.പി.ഐ. ഈ സംവിധാനം വഴി ഒരു മൊബീല്‍ ആപ്ലിക്കേഷനിലൂടെ ഇഷ്ടമുള്ള ബാങ്ക് എക്കൗണ്ടിലേക്ക് നിങ്ങളുടെ ബാങ്ക് എക്കൗണ്ട് വഴി പണം ട്രാന്‍സ്ഫര്‍ ചെയ്യുവാനും പണം സ്വീകരിക്കുവാനും സാധിക്കും. ക്രെഡിറ്റ് കാര്‍ഡ് ട്രാന്‍സാക്ഷനിലെ ക്രെഡിറ്റ് കാര്‍ഡ് നമ്പര്‍, ഇതര ബ്രാഞ്ചുകളുടെയും ബാങ്കുകളുടെയും ഐ.എഫ്.എസ്.സി നമ്പര്‍ ഓര്‍ത്തിരിക്കാനുള്ള ബുദ്ധിമുട്ട് എന്നിവ ഒഴിവാക്കാം എന്നതാണ് യു.പി.ഐയെ മറ്റു സ്മാര്‍ട്ട് മണി ട്രാന്‍സ്ഫറിംഗ് സംവിധാനങ്ങളില്‍ നിന്നും വ്യത്യസ്തമാക്കുന്നത്. കൂടാതെ റിയല്‍ ടൈമില്‍ ട്രാന്‍സ്ഫര്‍ നടക്കുന്നത് മൂലം പണം സ്വീകരിക്കുന്ന വ്യക്തിക്ക് ആ നിമിഷം തന്നെ അത് ലഭിക്കുമെന്ന പ്രത്യേകതയുമുണ്ട്.

യു.പി. ഐ കൊണ്ട് എന്തൊക്കെ ചെയ്യാം?

ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും പണം കൈമാറാം, വ്യാപാര സ്ഥാപനങ്ങളിലെ പേയ്‌മെന്റ് നടത്താം, ഓണ്‍ലൈന്‍ സൈറ്റുകളില്‍ നിന്നും പര്‍ച്ചേസ് ചെയ്യുന്ന സാധനങ്ങളുടെ പേയ്‌മെന്റ് നടത്താം, മൊബൈല്‍ വാലറ്റ് ചാര്‍ജ് ചെയ്യാം. ഇതുകൂടാതെ കിട്ടാനുള്ള പേയ്‌മെന്റിന്റെ റിമൈന്‍ഡര്‍ സെറ്റ് ചെയ്യുവാനും യു.പി.ഐയിലൂടെ സാധിക്കും.

എങ്ങനെ യു.പി.ഐ ഉപയോഗിക്കാം?

സ്റ്റെപ് 1: 21 ബാങ്കുകള്‍ക്കാണ് നാഷണല്‍ പേയ്‌മെന്റ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ യു.പി.ഐ അനുമതി നല്‍കിയിരിക്കുന്നത്. ആ ബാങ്കുകളില്‍ ഒന്നിന്റെ യു.പി.ഐ ആന്‍ഡ്രോയ്ഡ് ആപ്പ് ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യണം. അത് ഉപഭോക്താവിന്റെ ബാങ്കിന്റെ ആപ്പ് ആകണമെന്ന് യാതൊരു നിര്‍ബന്ധവുമില്ല.

സ്റ്റെപ് 2: മൊബീല്‍ നമ്പര്‍ ഓതന്റിക്കേഷന്‍ ആണ് രണ്ടാമത്തെ ഘട്ടം. ഉപഭോക്താവിന്റെ മൊബീല്‍ നമ്പറിലേക്ക് വരുന്ന ഒരു എസ്.എം.എസിലൂടെ ഇത് സാധ്യമാകും. ഇതോടെ ഈ ആപ്പ് മൊബീലിന്റെ ഭാഗമാകും. മറ്റു ആപ്ലിക്കേഷനുകള്‍ പോലെ യു.പി.ഐ ആപ്പും പാസ്‌വേഡ് ലോക്ക് ചെയ്യാം.

സ്റ്റെപ് 3: ഒരു ജി-മെയ്ല്‍ എക്കൗണ്ട് പോലുള്ള വിര്‍ച്വല്‍ ഐഡി ക്രിയേറ്റ് ചെയ്യുകയാണ് അടുത്ത ഘട്ടം. അത്ര തന്നെ ലളിതവുമാണ് ഈ ഘട്ടം. ഉപഭോക്താവിന്റെ പേരോ മൊബീല്‍ നമ്പറോ ഓര്‍ത്തിരിക്കാന്‍ ഇഷ്ടമുള്ള മറ്റെന്തിലും വാക്കോ എക്കൗണ്ട് നെയിം ആയി ഉപയോഗിക്കാം. ഡൊമൈന്‍ ഡൗണ്‍ലോഡ് ചെയ്ത ബാങ്കിന്റെ പേരാകും.

ഉദാഹരണം:
yourname@AxisBank
MobileNumber@AxisBank

സ്റ്റെപ് 4: ഉപഭോക്താവിന്റെ ബാങ്ക് എക്കൗണ്ട് നമ്പര്‍ ഈ വിര്‍ച്വല്‍ ഐഡിയുമായി കണക്റ്റ് ചെയ്യുകയാണ് അടുത്ത ഘട്ടം. അതിനായി എക്കൗണ്ട് നമ്പര്‍, പേര്, ഡെബിറ്റ് കാര്‍ഡിന്റെ അവസാനത്തെ ആറ് സംഖ്യ, കാര്‍ഡിന്റെ എക്‌സ്പയറി ഡേറ്റ് എന്നിവയാണ് ഇവിടെ കൊടുക്കേണ്ട വിവരങ്ങള്‍. ഇത് ഒറ്റ തവണ രജിസ്‌ട്രേഷന്‍ ആണ്. ഈ ഘട്ടം പൂര്‍ത്തിയായാല്‍ യു.പി.ഐ ആപ്പ് പ്രവര്‍ത്തന സജ്ജമായി. തുടര്‍ന്നുള്ള ഓരോ വിനിമയങ്ങള്‍ക്കും ഈ മൊബീല്‍ ആപ്ലിക്കേഷന്‍ ലോഗ്-ഇന്‍ ചെയ്താല്‍ മതി. 

എങ്ങനെയാണ് യു.പി.ഐ ആപ്പിലൂടെ പണ വിനിമയം നടത്തുന്നത് ?

പേയ്‌മെന്റുകള്‍ നടത്താന്‍: ആര്‍ക്കാണോ പണം നല്‍കേണ്ടത് അയാളുടെ വിര്‍ച്വല്‍ ഐ.ഡി, പേര്, കൈമാറേണ്ട തുക എന്നിവ നിശ്ചിത ഇടത്തില്‍ നല്‍കുക. ഉടന്‍ തന്നെ ഉപഭോക്താവിന്റെ ബാങ്ക് എക്കൗണ്ടില്‍ നിന്നും പണം ലഭിക്കേണ്ടയാളുടെ ബാങ്ക് എക്കൗണ്ടിലേക്ക് വിനിമയം ചെയ്യപ്പെടും.

ഇ-കൊമേഴ്‌സ് സൈറ്റുകളിലെ പേയ്‌മെന്റിന്: ഇനി മുതല്‍ ഇ-കൊമേഴ്‌സ് സൈറ്റുകളിലും പേയ്‌മെന്റ് ഓപ്ഷനായി യു.പി.ഐ ഉണ്ടാകും. അതിലാണ് പേയ്‌മെന്റ് നടത്തുന്നതെങ്കില്‍ ആ ഓപ്ഷന്‍ തെരഞ്ഞെടുത്താല്‍ ഉപഭോക്താവിന്റെ മൊബീല്‍ ഫോണില്‍ അലര്‍ട്ട് ലഭിക്കും. തുടര്‍ന്ന് ലഭിക്കുന്ന വിര്‍ച്വല്‍ ഐ.ഡി ഉപയോഗിച്ച് പേയ്‌മെന്റ് നടത്താം.

ഏതൊക്കെ ബാങ്കുകള്‍ക്ക് യു.പി.ഐ അനുമതിയുണ്ട്?

ആന്ധ്രാ ബാങ്ക്, ആക്‌സിസ് ബാങ്ക്, ബാങ്ക് ഓഫ് മഹാരാഷ്ട്ര, ഭാരതീയ മഹിളാ ബാങ്ക്, കനറാ ബാങ്ക്, കാത്തലിക് സിറിയന്‍ ബാങ്ക്, ഡിസിബി ബാങ്ക്, ഫെഡറല്‍ ബാങ്ക്, ഐ.സി.ഐ.സി.ഐ ബാങ്ക്, ടി.ജെ.എസ്.ബി സഹകാരി ബാങ്ക്, ഓറിയന്റല്‍ ബാങ്ക് ഓഫ് കൊമേഴ്‌സ്. കര്‍ണാടക ബാങ്ക്, യുക്കോ ബാങ്ക്, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ, യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ. പഞ്ചാബ് നാഷണല്‍ ബാങ്ക്, സൗത്ത് ഇന്ത്യന്‍ ബാങ്ക്, വിജയ ബാങ്ക്, യെസ് ബാങ്ക് എന്നിവയ്ക്കാണ് യു.പി.ഐ ആപ്പുകള്‍ ഉള്ളത്. ഐ.ഡി.ബി.ഐ ബാങ്കിനും ആര്‍.ബി.എല്‍ ബാങ്കിനും യു.പി.ഐ ആപ്പ് ഇല്ലെങ്കിലും അവയുടെ എക്കൗണ്ടുകള്‍ മേല്‍പറഞ്ഞവയില്‍ ഏതെങ്കിലുമൊരു ബാങ്കിന്റെ ആപ്പ് ഉപയോഗിച്ച് കണക്റ്റ് ചെയ്യാം.

പക്ഷേ, ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ്ക്കും മുന്‍നിര ബാങ്കുകളില്‍ ഒന്നായ ബാങ്ക് ഓഫ് ബറോഡയ്ക്കും നിലവില്‍ യു.പി ഐ അനുമതിയില്ല. രണ്ടാം ഘട്ടത്തില്‍ ഈ ബാങ്കുകളും യു.പി.ഐ സംവിധാനം പ്രയോജനപ്പെടുത്തുമെന്നു കരുതുന്നു.

COMMENTS
comments powered by Disqus
WHAT IS YOUR REACTION?
0
smiletear
0%
0
smile
0%
1
neutral
100%
0
grin
0%
0
angry
0%
 
Back to Top