Nov 14, 2016
കാര്‍ഡ് മുതല്‍ ഇഎംഐ വരെ; കറന്‍സി ക്ഷാമത്തെ നേരിട്ട് വ്യാപാരികള്‍
വലിയ നോട്ടുകള്‍ പിന്‍വലിച്ചതില്‍ ആദ്യമൊന്നു പകച്ചെങ്കിലും പല വഴികളിലൂടെ വ്യാപാരം തിരിച്ചുപിടിക്കാന്‍ വ്യാപാരികള്‍ ശ്രമിക്കുകയാണ്
facebook
FACEBOOK
EMAIL
Traders-are-tackling-currency-shortage

ടക്കന്‍ കേരളത്തിലെ പ്രമുഖ ഗൃഹോപകരണ വില്‍പ്പന ഗ്രൂപ്പായ നിക്ഷാന്‍ ഇലക്ട്രോണിക്‌സ്, പെട്ടെന്നൊരു ദിവസം കറന്‍സികള്‍ ഇല്ലാതായപ്പോള്‍ എല്ലാവരെയും പോലെ പകച്ചു പോയതാണ്. 70 ശതമാനത്തിലേറെ വില്‍പ്പന ഒറ്റ ദിവസം കുറഞ്ഞത് വലിയ തിരിച്ചടിയായി. എന്നാല്‍ ആരെയും കുറ്റം പറഞ്ഞ് കാര്യങ്ങള്‍ ശരിയാവുന്നതു വരെ കാത്തിരിക്കാന്‍ ഇവര്‍ കൂട്ടാക്കിയില്ല. വിപണി തിരിച്ചു പിടിക്കാന്‍ പുതിയ മാര്‍ഗങ്ങള്‍ കണ്ടെത്തുകയായിരുന്നു അവര്‍. മറ്റെല്ലാ സ്ഥാപനങ്ങളെയും പോലെ ഡെബിറ്റ്, ക്രെഡിറ്റ കാര്‍ഡുകള്‍ ഉപയോഗിച്ച് വില്‍പ്പന നടത്തുന്നതിന് നിക്ഷാന്‍ ഇലക്ട്രോണിക്‌സും മുന്‍കൈയെടുത്തു. അതിനു പുറമേ പ്രമുഖ ധനകാര്യ സ്ഥാപനവുമായി ചേര്‍ന്ന് പുതിയൊരു ഇഎംഐ സ്‌കീം തന്നെ ഏര്‍പ്പെടുത്തി. '2016 ല്‍ സാധനം വാങ്ങൂ, 2017 ല്‍ പണം നല്‍കൂ' എന്ന രീതിയില്‍ കാംപെയ്‌നും നടത്തി. ഡൗണ്‍ പേമെന്റ് പോലും കൂടാതെ ഇതു വഴി സാധനങ്ങള്‍ വാങ്ങാനാകുന്നു. അടുത്ത ഫെബ്രുവരി മുതല്‍ ഇഎംഐ അടച്ചു തുടങ്ങിയാല്‍ മതി. ഇതോടെ കച്ചവടം സാധാരണ നിലയിലേക്ക് വന്നതായി മാനേജിംഗ് ഡയറക്റ്റര്‍ എംഎംവി മൊയ്തു പറയുന്നു.

വില്‍പ്പനയിടിവ് 90 ശതമാനം വരെ

നല്ല ഉദ്ദേശത്തോടെ ചെയ്ത കാര്യം എന്ന നിലയില്‍ വ്യാപാരീ സമൂഹം ഈ നടപടിയെ സ്വാഗതം ചെയ്യുന്നുണ്ടെങ്കിലും വേണ്ടത്ര തയാറെടുപ്പ് നടത്താത്തതിനാല്‍ ഏറ്റവും കൂടുതല്‍ പ്രതിസന്ധിയിലായത് വ്യാപാരികളാണെന്നും അവര്‍ പറയുന്നു. പലയിടത്തും ഹോട്ടലുകളും വഴിയോര കച്ചവട സ്ഥാപനങ്ങളും ചെറുകിട വ്യാപാര സ്ഥാപനങ്ങളും അടച്ചിടുക തന്നെ ചെയ്യുകയായിരുന്നുവെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി ജോബി വി ചുങ്കത്ത് പറയുന്നു. ഇതേ തുടര്‍ന്നാണ് സംഘടന കടകളടച്ചിടാന്‍ ആഹ്വാനം ചെയ്തത്. എന്നാല്‍ കറന്‍സി പിന്‍വലിക്കല്‍ പരിധിയിലും മറ്റും ഇളവുകള്‍ വരുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറായതോടെ സമരം മാറ്റിവെക്കുകയായിരുന്നു. സംസ്ഥാനത്ത് ആദ്യ ദിവസങ്ങളില്‍ 90 ശതമാനം വരെ വില്‍പ്പന ഇല്ലാതായെന്ന് അദ്ദേഹം പറയുന്നു.

പ്രമുഖ ജൂവല്‍റി ഗ്രൂപ്പായ മലബാര്‍ ഗോള്‍ഡ് പരമാവധി കാര്‍ഡ് വഴിയും ആര്‍ടിജിഎസ് വഴിയും പണം കൈമാറ്റം ചെയ്യാനുള്ള അവസരം ഒരുക്കിയാണ് മാന്ദ്യത്തെ നേരിടുന്നത്. അതിനുള്ള ബോധവത്കരണവും അവര്‍ ചെയ്യുന്നു. ആദ്യ ദിവസങ്ങളില്‍ 60 ശതമാനം വില്‍പ്പന കുറഞ്ഞിരുന്നുവെങ്കിലും മെച്ചപ്പെട്ടു വരുന്നുണ്ടെന്ന് എക്‌സിക്യൂട്ടീവ് ഡയറക്റ്റര്‍ എ കെ നിഷാദ് പറയുന്നു. ഷോറൂമുകളില്‍ എത്തുന്നവരില്‍ മുക്കാലും നേരത്തെ പണമടച്ച് സ്വര്‍ണം ബുക്ക് ചെയ്തിരുന്നവരാണെന്നാണ് നിഷാദ് പറയുന്നത്. അതേസമയം സാധനങ്ങളുടെയും ഭൂമിയടക്കമുള്ളവയുടെയും വില കുറയുമെന്നതിനാല്‍ കറന്‍സി പിന്‍വലിക്കല്‍ നടപടിയെ പ്രതീക്ഷയോടെയാണ് അദ്ദേഹം കാണുന്നത്. എന്നാല്‍ തിരുവനന്തപുരത്തെ സിമന്റ് ഡീലര്‍ എ എം മുസ്തഫ പ്രതിസന്ധിയെ തരണം ചെയ്യാനാകാത്ത സ്ഥിതിവിശേഷമായി വിശദീകരിക്കുന്നു. പിന്‍വലിച്ചതിനെ തുടര്‍ന്ന് അഞ്ചു ദിവസത്തോളം വ്യാപാരം തന്നെ നിര്‍ത്തി വെച്ചതായി അദ്ദേഹം പറയുന്നു. പണമില്ലാത്തതിനാല്‍ വ്യാപാരികളില്‍ നിന്ന് ഓര്‍ഡര്‍ ലഭിക്കാന്‍ പ്രയാസമായിരുന്നു. പഴയ നോട്ടുകളാണെങ്കില്‍ സ്വീകരിക്കുന്നുമില്ല എന്ന സ്ഥിതിയില്‍ വ്യാപാരം നിര്‍ത്തിവെക്കുകയേ മാര്‍ഗമുണ്ടായിരുന്നൂള്ളൂവെന്ന് അദ്ദേഹം പറയുന്നു.

തിരിച്ചുപിടിച്ച് വ്യാപാരികള്‍

നഷ്ടപ്പെട്ട ബിസിനസില്‍ 75-80 ശതമാനവും വീണ്ടെടുക്കാന്‍ സത്വര നടപടികളിലൂടെ സാധിച്ചതായി ജോയ്ആലുക്കാസ് ചെയര്‍മാന്‍ ജോയ് ആലുക്കാസ് പറയുന്നു. പണം നല്‍കിയുള്ള ഇടപാടുകളേക്കാള്‍ കൂടുതലായി നടക്കുന്നത് പഴയ സ്വര്‍ണം നല്‍കി പുതിയത് മാറ്റിയെടുക്കുന്നതായിരുന്നു. മുമ്പന്നത്തേതിനേക്കാള്‍ കൂടുതലായി ആളുകള്‍ ഡെബിറ്റ്-ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് തുടങ്ങിയതായും അദ്ദേഹം പറയുന്നു. കേരളത്തെയല്ല, വടക്കേയിന്ത്യന്‍ സംസ്ഥാനങ്ങളെയാണ് നോട്ട് ക്ഷാമം കൂടുതല്‍ ബാധിച്ചിരിക്കുന്നതെന്നും ജോയ് ആലുക്കാസ് പറയുന്നു.

80 ശതമാനം വില്‍പ്പനയിടിവ് സംഭവിച്ചെങ്കിലും ചുരുങ്ങിയ നാളുകള്‍ കൊണ്ടു തന്നെ അതിന്റെ 80 ശതമാനവും തിരിച്ചു പിടിക്കാന്‍ കഴിഞ്ഞെന്ന് അസ്വാനി ലച്ച്മന്‍ദാസ് ഗ്രൂപ്പ് പാര്‍ട്ണര്‍ ദീപക് അസ്വാനി പറയുന്നു. ഗ്രാമവാസികളെ സംബന്ധിച്ചിടത്തോളം കാര്‍ഡ് ഉപയോഗം കുറവായിരുന്നുവെങ്കിലും നഗരവാസികള്‍ ഏറെയ പങ്കും ഷോപ്പിംഗ് ബുദ്ധിമുട്ടില്ലാതെ നടത്തി.

പ്രതിസന്ധി തുടരുന്നു

അതേസമയം ഇപ്പോഴും പ്രതിസന്ധി നേരിടുകയാണെന്ന് ലെന്‍സ് & ഫ്രെയിംസ് മാനേജിംഗ് പാര്‍ട്ണര്‍ കെ എസ് ഉസ്മാന്‍ പറയുന്നു. ഇപ്പോള്‍ തന്നെ 2000 രൂപയുടെ നോട്ടുമായി വരുന്നവര്‍ക്ക് ബാക്കി നല്‍കാന്‍ ആകുന്നില്ല, കാര്‍ഡ് പേമെന്റുകള്‍ 20 ശതമാനം മാത്രമേ നടക്കുന്നുള്ളൂ. കുടിവെള്ളം കൊണ്ടു വരുന്നവര്‍ക്ക് കൊടുക്കാന്‍ വരെ പണം തികയുന്നില്ല, പക്ഷേ നല്ല ഉദ്യമമാണല്ലോ എന്നു വിചാരിച്ച് ബുദ്ധിമുട്ടുകള്‍ സഹിക്കുകയാണെന്ന് അദ്ദേഹം പറയുന്നു. ആളുകള്‍ ഇപ്പോഴും പഴയ കറന്‍സികളുമായി കടയിലെത്തുന്നതായി ജോസ് ഇലക്ട്രിക്കല്‍സിന്റെ എംജെ ആന്റണി വെളിപ്പെടുത്തുന്നു. എന്നാല്‍ അത് സ്വീകരിക്കുന്നില്ല. മുമ്പത്തെ അപേക്ഷിച്ച് 20 ശതമാനം പോലും ബിസിനസ് ഇപ്പോള്‍ നടക്കുന്നില്ല. കാര്‍ഡ് പേമെന്റ് നടത്തുന്നവര്‍ വളരെ കുറവാണെന്നും അദ്ദേഹം പറയുന്നു. നോട്ടുകള്‍ വിപണിയില്‍ ലഭ്യമായിത്തുടങ്ങിയതോടെ ബിസിനസ് സാധാരണ നിലയിലേക്ക് വന്നു കൊണ്ടിരിക്കുകയാണെന്ന് കോഴിക്കോട്ടെ മിലൗ ഷോറൂം നടത്തുന്ന ജോസി വി ചുങ്കത്ത് പറയുന്നു. പ്രഖ്യാപനം ഉണ്ടായതിന്റെ ആദ്യ ദിവസം വില്‍പ്പനയൊന്നും നടന്നില്ല. പിന്നീട് കാര്‍ഡുകളുമായി ആളുകള്‍ എത്തിത്തുടങ്ങി. ഇപ്പോള്‍ പുതിയ 2000ത്തിന്റെ നോട്ടും നൂറിന്റെയും അമ്പതിന്റെയും നോട്ടുകളുമായി വരുന്നുണ്ട്. ബിസിനസ് 80 ശതമാനവും തിരിച്ചു പിടിക്കാനും ആയിട്ടുണ്ട്.

കറന്‍സി സംബന്ധിച്ച് ആശങ്കകളും വ്യക്തതക്കുറവും ഉണ്ടായപ്പോഴും സംയമനത്തോടെ പിടിച്ചു നിന്നു എന്നതാണ് വ്യാപാരി സമൂഹത്തിന്റെ വിജയം.

COMMENTS
comments powered by Disqus
WHAT IS YOUR REACTION?
0
smiletear
0%
2
smile
67%
0
neutral
0%
0
grin
0%
1
angry
34%
 
Back to Top