'കേരളത്തില്‍ എസ്.ബി.ഐ ലൈഫിന് മികച്ച വളര്‍ച്ചാ സാധ്യത'
ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഏറ്റവും കൂടുതല്‍ പ്രീമിയമുള്ള പോളിസികള്‍ വില്‍ക്കുന്നത് കേരളത്തിൽ
facebook
FACEBOOK
EMAIL
SBI-Life-has-scope-for-good-growth-in-Kerala

(എസ്.ബി.ഐ ലൈഫിന്റെ കേരള റീജണല്‍ ഡയറക്റ്ററായ ജി.സുഭാഷ് ബാബുവുമായി ധനം സ്പെഷ്യൽ കറസ്പോണ്ടന്റ് എൻ എസ് വേണുഗോപാൽ നടത്തിയ അഭിമുഖം)

എസ്.ബി.ഐ ലൈഫിനുള്ള സുപ്രധാന പോളിസികള്‍ എന്തൊക്കെയാണ്?

മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കുമുള്ള ഇന്‍ഷുറന്‍സ് പോളിസികള്‍ക്ക് പുറമേ നിക്ഷേപവുമായി ബന്ധപ്പെട്ട യുലിപ് പോളിസികളും എസ്.ബി.ഐ ലൈഫിനുണ്ട്. ഞങ്ങള്‍ ഏറ്റവും കൂടുതല്‍ മുന്‍ഗണന കൊടുക്കുന്നതും ഉപഭോക്താക്കള്‍ ഏറ്റവും കൂടുതല്‍ ആവശ്യപ്പെടുന്നതും പെന്‍ഷന്‍ സ്‌കീമുകളാണ്.

പെന്‍ഷന്‍ സ്‌കീമുകളുടെ സവിശേഷതകള്‍?

അകാലമരണത്തിന്റെ റിസ്‌കിനെയാണ് ലൈഫ് ഇന്‍ഷുറന്‍സിലൂടെ സംരക്ഷിക്കുന്നത്. എന്നാല്‍ ദീര്‍ഘകാലം ജീവിച്ചിരിക്കുമ്പോഴുള്ള റിസ്‌കിനെയാണ് പെന്‍ഷന്‍ പോളിസികളിലൂടെ സംരക്ഷിക്കുന്നത്. അതിനാല്‍ പെന്‍ഷന്‍ എല്ലാവര്‍ക്കും അത്യാവശ്യമാണ്. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മാത്രമേ പെന്‍ഷന്‍ ലഭിക്കുകയുള്ളൂ എന്നത് തെറ്റായ ധാരണയാണ്. വ്യാപാരികള്‍ക്കും സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്കും ഉള്‍പ്പടെ ആര്‍ക്കും ഇന്ന് പെന്‍ഷന്‍ നേടാനാകും.

ഞങ്ങളുടെ റിട്ടയര്‍ സ്മാര്‍ട്ട് എന്ന യൂണിറ്റ് ലിങ്ക്ഡ് പെന്‍ഷന്‍ സ്‌കീമില്‍ കുറഞ്ഞത് അഞ്ച് വര്‍ഷം വരെ പ്രീമിയം അടച്ചാല്‍ മതി. ഉദാഹരണമായി 40 വയസുള്ള ഒരു വ്യക്തി 45 വയസുവരെ ഇതിന്റെ പ്രീമിയം അടച്ചാല്‍ 50/60 വയസു മുതല്‍ പെന്‍ഷന്‍ വാങ്ങാനാകും. കൂടാതെ പരമ്പരാഗത വിഭാഗത്തില്‍പ്പെടുന്ന സരള്‍ പെന്‍ഷന്‍ എന്നൊരു പോളിസിയും എസ്.ബി.ഐ ലൈഫിനുണ്ട് . ഇവ രണ്ടുമാണ് കേരളത്തില്‍ ഞങ്ങള്‍ ഏറ്റവും കൂടുതല്‍ വില്‍ക്കുന്നത്. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഏറ്റവും കൂടുതല്‍ പ്രീമിയമുള്ള പോളിസികള്‍ വില്‍ക്കുന്നതും കേരളത്തിലാണ്.

കേരളത്തില്‍ എസ്.ബി.ഐ ലൈഫിന്റെ സാന്നിധ്യം എത്രമാത്രം ശക്തമാണ്?

കേരളത്തില്‍ ഞങ്ങള്‍ക്ക് പ്രധാനമായും നാല് ചാനലുകളുണ്ട്. എസ്.ബി.ഐ ലൈഫിന്റെ 60 ശാഖകളിലായി ഏകദേശം 7000 ഇന്‍ഷുറന്‍സ് അഡൈ്വസേഴ്‌സുള്ള ഏജന്‍സി ചാനലാണ് ഏറ്റവും പ്രധാനം. എസ്.ബി.ഐയുടെ കേരളത്തിലെ 471 ശാഖകളും എസ്.ബി.ടിയുടെ 852 ശാഖകളും ചേര്‍ന്നുള്ള ബാങ്കഷ്വറന്‍സ് ചാനലാണ് മറ്റൊന്ന്. സ്ഥാപനങ്ങളുടെ ഗ്രാറ്റുവിറ്റി, പെന്‍ഷന്‍ ഫണ്ട് തുടങ്ങിയവ മാനേജ് ചെയ്യുന്ന ഗ്രൂപ്പ് ബിസിനസാണ് മൂന്നാമത്തേത്. നടപ്പ് സാമ്പത്തിക വര്‍ഷത്തെ ആദ്യത്തെ അഞ്ച് മാസങ്ങള്‍ക്കുള്ളില്‍ തന്നെ ഗ്രൂപ്പ് ബിസിനസിലൂടെ 289 കോടി രൂപ ഞങ്ങള്‍ നേടിക്കഴിഞ്ഞു. ചില സ്ഥാപനങ്ങളുടെ പങ്കാളിത്തത്തിലൂടെയുള്ള ആള്‍ട്ടര്‍നേറ്റീവ് ചാനലാണ് നാലാമത്തേത്.

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ കേരള റീജണിന്റെ പ്രകടനം?

വ്യക്തിഗത പ്രീമിയത്തില്‍ മുന്‍ വര്‍ഷത്തെക്കാള്‍ 26 ശതമാനം വളര്‍ച്ചയോടെ 310 കോടി രൂപയാണ് കഴിഞ്ഞ വര്‍ഷം ഞങ്ങള്‍ സമാഹരിച്ചത്. കഴിഞ്ഞ വര്‍ഷത്തെ മൊത്തം ബിസിനസ് 538 കോടിയായിരുന്നു. വ്യക്തിഗത ബിസിനസില്‍ കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് വരെയുള്ളതിനെക്കാള്‍ 65 ശതമാനവും മൊത്തം ബിസിനസില്‍ 209 ശതമാനവും വളര്‍ച്ച നേടാനായിട്ടുണ്ട് . വ്യക്തിഗത ബിസിനസില്‍ ഈ വര്‍ഷം 531 കോടി രൂപയാണ് ഞങ്ങള്‍ ലക്ഷ്യമിട്ടിട്ടുള്ളത്.

കേരളത്തില്‍ ലക്ഷ്യമിടുന്ന പ്രധാന വികസന പദ്ധതികള്‍?

എസ്.ബി.ഐ ലൈഫിന് ഇന്ത്യയിലൊട്ടാകെയായി ഒരു ലക്ഷവും കേരളത്തില്‍ ഏഴായിരവും അഡൈ്വസേഴ്‌സാണുള്ളത്. ഇത് വര്‍ധിപ്പിക്കുക എന്നതാണ് ഏറ്റവും പ്രധാനം. കേരളത്തില്‍ സ്റ്റേറ്റ് ബാങ്ക് ഗ്രൂപ്പിന് 1350ഓളം ശാഖകളുണ്ട്. അതിനാല്‍ ഏജന്‍സി ചാനലിനും ബാങ്കഷ്വറന്‍സ് ചാനലിനും ഒരുപോലെ ഊന്നല്‍ നല്‍കും.

യുലിപ്പുകളെക്കുറിച്ചുള്ള ഉപഭോക്താക്കളുടെ ആശങ്കള്‍ മാറിയിട്ടുണ്ടോ ?

യുലിപ്പുകളെക്കുറിച്ച് ഉപഭോക്താക്കള്‍ക്ക് മനസിലാക്കിക്കൊടുക്കേണ്ടതുണ്ട്. കാരണം യുലിപ്പുകള്‍ക്ക് നഷ്ട സാധ്യതയുണ്ട്. ഓഹരി വിപണി മുകളിലേക്കും താഴേക്കും പോകുക സ്വാഭാവികമാണ്. പക്ഷെ വിപണി താഴേക്ക് പോകുമ്പോള്‍ യുലിപ്പുകളില്‍ നിന്നും ഭയന്ന്
പിന്‍മാറിയാല്‍ വന്‍നഷ്ടം സംഭവിച്ചേക്കും. ഇക്കാര്യത്തില്‍ മതിയായ ബോധവല്‍ക്കരണം നടത്താന്‍ ഞങ്ങളും ശ്രമിക്കുന്നുണ്ട്. കേരളത്തില്‍ 80 ശതമാനവും യുലിപ് പോളിസികളാണ് ഞങ്ങള്‍ വില്‍ക്കുന്നത്.

ക്രെഡിറ്റ് ലൈഫ് ഇന്‍ഷുറന്‍സിന്റെ പ്രാധാന്യത്തെക്കുറിച്ച് വിശദീകരിക്കാമോ?

ഒരു കടം തിരിച്ചടയ്ക്കാനാവാതെ വരുമ്പോഴുണ്ടാകുന്ന റിസ്‌കിനെ പ്രതിരോധിക്കുന്നതിന് വേണ്ടി എടുക്കുന്നവയാണ് ക്രെഡിറ്റ് ലൈഫ് ഇന്‍ഷുറന്‍സ്. ഉദാഹരണം റിന്‍ രക്ഷ എന്ന ഞങ്ങളുടെ പോളിസി. 35 വയസുള്ള ഒരു വ്യക്തി 20 വര്‍ഷ കാലാവധിക്ക് 15 ലക്ഷത്തിന്റെ ഭവന വായ്പ എടുത്തിട്ടുണ്ടെങ്കില്‍ പ്രതിമാസ വായ്പാ തിരിച്ചടവിനോടൊപ്പം 400 രൂപ കൂടെ അടച്ചാല്‍ ഇത്തരമൊരു സംരക്ഷണം ഉറപ്പാക്കാനാകുമെന്നതാണ് നേട്ടം.

ലൈഫ് ഇന്‍ഷുറസ് മേഖല നേരിടുന്ന പ്രധാന വെല്ലുവിളികള്‍? 

അടുത്തകാലത്തായി ഉപഭോക്താക്കള്‍ക്ക് വേണ്ടി ഐ.ആര്‍.ഡി.എ ഈ രംഗത്ത് പല പരിഷ്‌ക്കാരങ്ങളും നടപ്പാക്കിയിട്ടുണ്ട്. അതിന്റെ ഭാഗമായി മുമ്പ് ഏജന്റുമാര്‍ക്ക് കിട്ടിക്കൊണ്ടിരുന്ന കമ്മീഷന്‍ ഇപ്പോള്‍ വളരെ കുറഞ്ഞിട്ടുണ്ട്. അതിനാല്‍ ഈയൊരു തൊഴിലില്‍ നിലനില്‍ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഒരു പ്രൊഫഷണല്‍ തലത്തിലേക്ക് മാറേണ്ട അത്യാവശ്യമാണ്. ലൈഫ് ഇന്‍ഷുറന്‍സിനെക്കുറിച്ചുള്ള അവബോധം ജനങ്ങള്‍ക്കിടയില്‍ കുറവാണെന്നതാണ് മറ്റൊരു വെല്ലുവിളി.

കേരളത്തില്‍ കമ്പനി നടപ്പാക്കിയിട്ടുള്ള സി.എസ്.ആര്‍ പ്രവര്‍ത്തനങ്ങള്‍ എന്തൊക്കെയാണ്?

കേരളത്തില്‍ കഴിഞ്ഞ രണ്ടര വര്‍ഷത്തിനുള്ളില്‍ 105 സ്ഥാപനങ്ങള്‍ക്കായി ഏകദേശം 2.19 കോടി രൂപ ചെലവഴിച്ചു. എം.എസ്.സ്വാമിനാഥന്‍ ഫൗണ്ടേഷനുമായി ചേര്‍ന്ന് വയനാട്ടിലെ ഒരു പ്രത്യേക ആദിവാസി വിഭാഗത്തിലെ കുട്ടി കള്‍ക്കായി ഒരു ലേണിംഗ് സെന്റര്‍ സജ്ജമാക്കുകയും വിവിധ മേഖലകളിലേക്ക് വേണ്ടി തൊഴില്‍ പരിശീലനം നല്‍കുകയും ചെയ്തു. മഴ ലഭിക്കാത്തതിനാല്‍ കൃഷി ചെയ്യാനാകാത്ത അട്ടപ്പാടിയിലെ മുള്ളി എന്ന പ്രദേശത്തെ 50 കുടുംബങ്ങള്‍ക്കായി ഒരു ജലസേചന പദ്ധതി നടപ്പാക്കിവരുന്നു. കൂടാതെ 35ഓളം സ്‌കൂളുകളില്‍ സ്മാര്‍ട്ട് ക്ലാസ് റൂമുകള്‍, സയന്‍സ് ലാബുകള്‍ തുടങ്ങിയവയും സ്ഥാപിച്ചിട്ടുണ്ട്. പാലിയേറ്റീവ് കെയര്‍, ഭിന്നശേഷിയുള്ള കുട്ടികളുടെ പഠനം തുടങ്ങിയ വിവിധ മേഖലകളിലും എസ്.ബി.ഐ ലൈഫ് സജീവമായ ഇടപെട്ടിട്ടുണ്ട്.

COMMENTS
comments powered by Disqus
WHAT IS YOUR REACTION?
0
smiletear
0
smile
0
neutral
0
grin
0
angry
 
Back to Top