Sep 03, 2016
കൊച്ചി @ 2020
2020ൽ കൊച്ചിയുടെ മുഖച്ഛായ മാറ്റുന്ന കാര്യങ്ങളെ കുറിച്ച് ആർക്കിടെക്റ്റ് എസ് ഗോപകുമാര്‍ എഴുതുന്നു
facebook
FACEBOOK
EMAIL
Kochi-2020

കൊച്ചി നഗരത്തിന് ഒരുപാടുണ്ട് പ്രത്യേകതകള്‍. കേരളത്തിന്റെ വ്യാവസായിക തലസ്ഥാനം എന്നത് അതില്‍ ഒന്നുമാത്രം. ഒരിക്കല്‍ ഗീതാ ഗോപിനാഥ്, (മുഖ്യമന്ത്രി പിണറായി വിജയന്റെ സാമ്പത്തിക ഉപദേഷ്ടാവായി നിയമിക്കുന്നതിനെ സംബന്ധിച്ച ഇപ്പോഴുണ്ടായ വിവാദങ്ങളിലെ സാമ്പത്തിക വിദഗ്ധ) കൊച്ചിയില്‍ സംഘടിപ്പിച്ച ഒരു വ്യവസായ നിക്ഷേപ സംഗമത്തില്‍ പ്രസംഗിക്കവേ പറഞ്ഞ കാര്യം ഞാന്‍ ഓര്‍ത്തുപോകുകയാണ്. അവര്‍ അന്ന് പറഞ്ഞു, ലോകത്ത് ഏതെങ്കിലും ഒരു നഗരത്തെ, ജനിച്ച് ജീവിതം നയിക്കാനായി, തെരഞ്ഞെടുക്കാനുള്ള അവസരം എനിക്ക് ലഭിക്കുകയാണെങ്കില്‍ ഞാന്‍ ഇഷ്ടപ്പെടുക കൊച്ചിയെ ആകുമെന്ന്. അന്നവര്‍ കൊച്ചിയുടെ കരുത്തായി പറഞ്ഞ ഘടകങ്ങളുണ്ട്. ചരിത്രപരമായ പെരുമ, സാംസ്‌കാരിക ഔന്നത്യം, സ്ത്രീ പുരുഷ സമത്വം, സമൂഹത്തിലെ എല്ലാത്തട്ടിലുമുള്ളവര്‍ക്കും ഏതാണ്ട് തുല്യമായ വിദ്യാഭ്യാസ, ആരോഗ്യപരിരക്ഷ തുടങ്ങിയ സേവനങ്ങള്‍ നേടാനുള്ള സാഹചര്യം, സമുദ്രത്തിന്റെ സാന്നിധ്യം എന്നിവയാണവ.

എല്ലാ അര്‍ത്ഥത്തിലും അത് വസ്തുതാപരവുമാണ്. ലോകത്തിലെ പ്രമുഖ നഗരങ്ങളെല്ലാം കെട്ടിപ്പടുക്കപ്പെട്ടിരിക്കുന്നത് ഈ അടിസ്ഥാനഘടകങ്ങളിലാണ്. അതു പരിഗണിക്കുമ്പോള്‍ ലോകോത്തര നഗരമായി കൊച്ചി മാറാനുള്ള അനുകൂല ഘടകങ്ങളെല്ലാമുണ്ട്. കൊച്ചിയെ അങ്ങനെ മാറ്റിയാല്‍ അതിന്റെ നേട്ടം കൊച്ചിക്കാര്‍ക്ക് മാത്രമുള്ളതല്ല, മറിച്ച് സംസ്ഥാനത്തിന് മുഴുവനുമാണ്. 

2020ല്‍ കൊച്ചിയുടെ മുഖച്ഛായ മാറ്റുന്ന കാര്യങ്ങളില്‍ പ്രധാനപ്പെട്ട ഏഴ് കാര്യങ്ങളാണ് ഇവിടെ വിശദീകരിക്കുന്നത്. ഇതിനോടനുബന്ധമായും അല്ലാതെയും നിരവധി കാര്യങ്ങള്‍ക്ക് കൊച്ചി സാക്ഷ്യം വഹിക്കും. എന്നിരുന്നാലും വിശാലമായ അര്‍ത്ഥത്തില്‍ കൊച്ചിയുടെയും കേരളത്തിന്റെയും വികസനത്തില്‍ നിര്‍ണായക പങ്കുവഹിക്കുന്ന ആ കാര്യങ്ങള്‍ ഇതൊക്കെയാണ്.

കൊച്ചി മെട്രോ

കൊച്ചി മെട്രോ വന്‍ മാറ്റങ്ങള്‍ക്കാവും വഴിവെയ്ക്കുക. വന്‍ നിരക്ക് ജനങ്ങളെ ഇതില്‍ നിന്ന് അകറ്റും എന്നൊക്കെ ഇപ്പോള്‍ പലരും പറയുന്നുണ്ടെങ്കിലും മെട്രോ ഇതിനകം വന്ന നഗരങ്ങളിലെല്ലാം ജനങ്ങള്‍ ആവേശത്തോടെ അതിനെ നെഞ്ചേറ്റിയിട്ടുണ്ട്. ഡെല്‍ഹി, കൊല്‍ക്കത്ത, ദുബായ് എന്നുവേണ്ട മെട്രോയുള്ള നഗരങ്ങളിലെല്ലാം ഇത് കാണാം. ഇതോടൊപ്പം യൂണിഫൈഡ് മെട്രോ ട്രാന്‍സ്‌പോര്‍ട്ട് സംവിധാനം കൂടി സാക്ഷാത്കരിക്കപ്പെടുന്നതോടെ കൊച്ചി ഇന്നത്തെ കൊച്ചിയായിരിക്കില്ല.

കൊച്ചി സ്മാര്‍ട്ട് ജനങ്ങളുടെ നഗരമാണ്. ഏതൊരു പുതിയ സംവിധാനവും ഇവിടെയുള്ളവര്‍ ഇരുകൈയും നീട്ടി സ്വീകരിക്കും. ഉദാഹരണത്തിന് ഓണ്‍ലൈന്‍ ടാക്‌സി സര്‍വീസുകള്‍ തന്നെ നോക്കു. കേരളത്തിലെ മറ്റേത് പട്ടണത്തില്‍ ഊബറും ഒലയുമൊക്കെ ഇതുപോലെ ഇന്‍സ്റ്റന്റ് ഹിറ്റാകും? അതാണ് കൊച്ചി. 

കൊച്ചി മെട്രോ റെയ്ല്‍ ലിമിറ്റഡ് കേരളത്തിലെ മറ്റേതൊരു നിര്‍വഹണ സംവിധാനവും പോലുള്ളതല്ല. അതിനുള്ളില്‍ വിദേശത്തുനിന്നുള്ളവരുണ്ട്. വൈദഗ്ധ്യമുള്ള യുവാക്കളുണ്ട്. നല്ല ചിന്തകള്‍ക്കും ആശയങ്ങള്‍ക്കും സംവാദങ്ങള്‍ക്കും അതില്‍ ഇടമുണ്ട്. കൊച്ചി മെട്രോയില്‍ അവതരിപ്പിക്കുന്ന സ്മാര്‍ട്ട് കാര്‍ഡ് നഗരജീവിതത്തിന്റെ തലം മാറ്റും. അതോടൊപ്പം ജല, റോഡ് ഗതാഗതങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്നതും ഐറ്റി ഹബുകളിലേക്ക് മെട്രോ ദീര്‍ഘിപ്പിക്കുന്നതുമൊക്കെ നഗര നിരത്തിലെ കാറുകളെ മാറ്റാന്‍ സാധ്യതയുണ്ട്. ഇതോടൊപ്പം മികവുറ്റ പൊതുഗതാഗത സംവിധാനമുള്ള നഗരമായി കൊച്ചി മാറും.

വാട്ടര്‍ മെട്രോ

മെട്രോ റെയ്‌ലിനൊപ്പം കൊച്ചിയുടെ മുഖച്ഛായ മാറ്റുന്ന മറ്റൊരു പദ്ധതിയാണ് വാട്ടര്‍ മെട്രോ. വാട്ടര്‍ ട്രാന്‍സ്‌പോര്‍ട്ട് സംവിധാനം നടപ്പില്‍ വരുന്നതോടെ കുറഞ്ഞ ചെലവില്‍ യാത്രാ സൗകര്യവും ചരക്ക് നീക്കവും സാധ്യമാകും. നഗരത്തിനുള്ളിലെ കനാലുകളുടെ ചപ്പുചവറുകള്‍ നീക്കി, ആഴം കൂട്ടി, വെള്ളത്തിന്റെ ഒഴുക്ക് സുഗമമാക്കി അതിലൂടെ ജലയാനങ്ങള്‍ യാത്ര ആരംഭിക്കും. തികച്ചും ശാസ്ത്രീയമായ സമീപനമാണ് കെഎംആര്‍എല്‍ ഇതിനായി സ്വീകരിച്ചിരിക്കുന്നത്. ജര്‍മന്‍ നിക്ഷേപമാണ് ഇതിനുള്ളത്. അതുകൊണ്ടു തന്നെ ഏറ്റവും മികച്ച സാങ്കേതിക വിദ്യയും നടത്തിപ്പു രീതിയുമൊക്കെ പ്രതീക്ഷിക്കാം. വിദേശ കമ്പനികളുടെ പ്രത്യേകത അവരുടെ ആസൂത്രണത്തിലെ വ്യക്തതയാണ്.
കൊച്ചി മെട്രോയ്‌ക്കൊപ്പം പൂര്‍ത്തിയാകുന്ന എംജി റോഡിലെ സൗന്ദര്യവല്‍ക്കരണ നടപടികള്‍ നഗരത്തിന് മറ്റൊരു ഭാവം നല്‍കും. എംജി റോഡിലെ സൗന്ദര്യവല്‍ക്കരണ നടപടികള്‍ കച്ചവടം നഷ്ടപ്പെടുത്തുമെന്ന ഭീതി വ്യാപാരികള്‍ക്കുണ്ട്. അത് ശരിയല്ലെന്ന് എനിക്കുറപ്പിച്ച് പറയാന്‍ സാധിക്കും അവിടത്തെ വ്യാപാര സാധ്യതകള്‍ ഇതിലൂടെ വര്‍ധിക്കും. ഇപ്പോള്‍  ഏത് കടയ്ക്കുമുന്നിലാണ് മതിയായ പാര്‍ക്കിംഗ് സൗകര്യം ഉള്ളത്. ഡെസ്റ്റിനേഷന്‍ ഷോപ്പിംഗ് നടത്തുന്നവര്‍ എപ്പോഴും അതുതന്നെ യാണ് ചെയ്യുക. പക്ഷേ മികച്ച നടപ്പാത വന്നാല്‍ ജനങ്ങള്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്ത് സുന്ദരമായി നടന്ന് ഷോപ്പിംഗ് നടത്തും. വിദേശ രാജ്യങ്ങളില്‍ ഇപ്പോള്‍ പലയിടത്തും കാണുന്ന കാഴ്ച കൊച്ചിയിലും ആവര്‍ത്തിക്കും.

ഐറ്റി രംഗത്തെ നിക്ഷേപം

പൊതുവേ പറഞ്ഞു കേള്‍ക്കുന്ന മറ്റൊരു ആക്ഷേപമാണ് രാജ്യാന്തര കമ്പനികള്‍ പിന്‍വാങ്ങിയാല്‍ ഠശലൃ 2 നഗരമായ കൊച്ചിയിലെ ഐറ്റി രംഗത്തിന് ഉണര്‍വ് നഷ്ടമാകുമെന്ന്. എന്നാല്‍ 2020ല്‍ മറ്റൊരു കാഴ്ചയാകും നാം കാണുക. ഇവിടെ ഐറ്റി രംഗത്തെ നിക്ഷേപവും വരുമാനവും വര്‍ധിക്കും. ഇന്ത്യ വലിയരു രാജ്യമാണ്. രാജ്യത്തിന് പുറത്തു നിന്നുള്ളതിനേക്കാള്‍ വലിയ ആഭ്യന്തര വിപണി ഇവിടെയുണ്ട്. ഉദാഹരണത്തിന് കേരളത്തിലെ ടൂറിസം, ഹോസ്പിറ്റാലിറ്റി രംഗം നോക്കൂ.കേരളം കാണാന്‍ വരുന്നവര്‍ മുഴുവന്‍ വിദേശികളാണോ? കൊച്ചിയിലെ ഹോട്ടലുകള്‍ നിറയുന്നത് വിദേശികളെ കൊണ്ടാണോ? അല്ല. രാജ്യത്തിന്റെ ഇതര ഭാഗങ്ങളില്‍ നിന്നുള്ളവരാണ് ഇവിടെ വരുന്നവര്‍ ഭൂരിഭാഗവും. അതുതന്നെ ഐറ്റിയിലും ആവര്‍ത്തിക്കും.

റിയല്‍ എസ്‌റ്റേറ്റ് 

മിഡില്‍, ലോവര്‍ ഇന്‍കം ഗ്രൂപ്പിനെ ലക്ഷ്യമിട്ട് നഗരത്തിലെ കെട്ടിട നിര്‍മാതാക്കള്‍ ഭവന നിര്‍മാണ രംഗത്തേക്ക് കടക്കുകയും അത് കൊച്ചിയുടെയും സംസ്ഥാനത്തെ മൊത്തം കെട്ടിട നിര്‍മാണ രംഗത്തിന്റെയും വളര്‍ച്ചയില്‍ നാഴികക്കല്ല് ആവുകയും ചെയ്യും. കാരണം അത്തരമൊരു മാറ്റം അനിവാര്യമാണ്. വീട് ഏവര്‍ക്കും ആവശ്യമാണ്. പ്രത്യേകിച്ച് ഇടത്തരം, താഴെക്കിടയിലുള്ളവര്‍ക്ക്. അവരുടെ ബജറ്റിനിണങ്ങുന്ന വീടുകള്‍ നിര്‍മിക്കുന്നതിന് ഇവിടുത്തെ പ്രധാന തടസം ഉയര്‍ന്ന സ്ഥലവിലയും നികുതി നിരക്കുകളും കൂലിയും കെട്ടിട നിര്‍മാണ സാമഗ്രികളുടെ വന്‍ വിലയും ഒക്കെയാണ്. ഇക്കാര്യത്തില്‍ ഭരണകൂടത്തിന്റെ നയപരമായ ഇടപെടലുകളും ആവശ്യമാണ്. പക്ഷേ അത് സാധ്യമായാല്‍ കൊച്ചിക്ക് കുതിപ്പേകുന്ന, നി
ര്‍ണായകമായ കാര്യം ഇതാകും.

ടൂറിസം

ചിന്താശൂന്യവും കാലഹരണപ്പെട്ടതുമായ നയങ്ങളാണ് കൊച്ചി നഗരത്തിന്റെ വിനോദ സഞ്ചാര രംഗത്തെ സാധ്യതകള്‍ തകര്‍ത്തിരിക്കുന്നത്. ടൂറിസം രംഗത്ത് നഗരത്തിന് ഇനിയുമേറെ മുന്നേറാനു്യു്. അത് മുന്നേറുക തന്നെ ചെയ്യും. മെട്രോയും വാട്ടര്‍ മെട്രോയും വാക്ക് വേയും സമഗ്രമായ ഗതാഗത സംവിധാനങ്ങളും വിദേശ നിക്ഷേപവും ഒക്കെയാകുമ്പോള്‍ കൊച്ചി ടൂറിസം ഹോട്ട് സ്‌പോട്ടായി മാറും.

കൊച്ചി സ്മാര്‍ട്ട് സിറ്റി

കേന്ദ്ര സര്‍ക്കാരിന്റെ സ്മാര്‍ട്ട് സിറ്റി പദ്ധതിയില്‍ ഉള്‍പ്പെട്ടിരിക്കുന്ന നഗരമാണ് കൊച്ചി. സര്‍വ രംഗങ്ങളിലും തികച്ചും നൂതനമായ, അല്ലെങ്കില്‍ ഹൈടെക് സ്വഭാവമുള്ള നഗരമായി കൊച്ചി മാറാനുള്ള രൂപരേഖയാണ് സ്മാര്‍ട്ട് സിറ്റി പദ്ധതിക്കായി സമര്‍പ്പിച്ചിരിക്കുന്നത്. കേന്ദ്ര-സംസ്ഥാന നിക്ഷേപത്തിന് പുറമേ സ്വകാര്യ നിക്ഷേപവും ഈ പദ്ധതി കൊച്ചിയിലേക്ക് ആകര്‍ഷിക്കും. പൊതു സ്വകാര്യ പങ്കാളിത്തത്തോടെ വൃത്തിയും എല്ലാവിധ അടിസ്ഥാന സൗകര്യങ്ങളും വൈ ഫൈ അടക്കമുള്ള സങ്കേതങ്ങളും ഒക്കെ അടങ്ങുന്ന ഹൈടെക് നഗരമായി കൊച്ചി മാറും. റോഡ്-റെയ്ല്‍- ജല ഗതാഗതങ്ങളെ ബന്ധിപ്പിക്കല്‍, ഗതാഗത സംവിധാനം ശാസ്ത്രീയമാക്കല്‍, സ്മാര്‍ട്ടായ സിഗ്നല്‍ സംവിധാനം, എല്ലാ ഗതാഗത സംവിധാനത്തിലും ഉപയോഗിക്കാന്‍ സാധിക്കുന്ന സ്മാര്‍ട്ട് കാര്‍ഡ്, എല്ലാവര്‍ക്കും വീട്, പൊതു - സര്‍ക്കാര്‍ സേവനങ്ങള്‍ക്കായി മൊബീല്‍ ആപ്പ് തുടങ്ങി ഒട്ടനവധി കാര്യങ്ങള്‍ സ്മാര്‍ട്ട് സിറ്റിയുടെ ഭാഗമായി നടപ്പാക്കപ്പെടും.

ക്രമസമാധാന പാലനം

സംസ്ഥാനത്ത് തന്നെ സ്മാര്‍ട്ടായ ഒരു ക്രമസമാധാന സംവിധാനത്തിന് കൊച്ചി 2020 ആകുമ്പോള്‍ സാക്ഷ്യം വഹിച്ചേക്കും. സ്മാര്‍ട്ടായ പൊലീസ് സംവിധാനവും ഡിജിറ്റല്‍ സാങ്കേതിക വിദ്യ ഉപയോഗിച്ച് കുറ്റമറ്റ സേവനം എല്ലാവിഭാഗത്തിനും എത്തിക്കുന്നതിനുള്ള സൗകര്യവും ഒക്കെയുണ്ടാകും. ഇക്കാര്യങ്ങളിലേക്ക് ദിശാസൂചകമാകുന്ന ഒട്ടനവധി നിര്‍ദേശങ്ങളും വിശദമായ രൂപരേഖയുമെല്ലാം ബെറ്റര്‍ കൊച്ചി റെസ്‌പോണ്‍സ് ഗ്രൂപ്പ് വിശദമായ ചര്‍ച്ചയ്ക്ക് വിധേയമാക്കി മുന്നോട്ടുവെയ്ക്കുന്നുണ്ട്. യഥാര്‍ത്ഥത്തില്‍ കൊച്ചി നഗരത്തിന് 2020ല്‍ അത്തരമൊരു സംവിധാനം അനിവാര്യമാണ്. അത് യാഥാര്‍ത്ഥ്യമാവുകയും ചെയ്യും.

COMMENTS
comments powered by Disqus
WHAT IS YOUR REACTION?
1
smiletear
100%
0
smile
0%
0
neutral
0%
0
grin
0%
0
angry
0%
 
Back to Top