
നല്ല കണ്ടീഷനിലുള്ള യൂസ്ഡ് കാര്‍ കുറഞ്ഞ വിലയില്‍ സ്വന്തമാക്കുന്നവരെ അല്‍പ്പം അസൂയയോടെ വീക്ഷിക്കുന്നവരാണ് പലരും. യൂസ്ഡ് കാര്‍ വാങ്ങണമെന്ന് ആഗ്രഹമുണ്ടെങ്കിലും അബദ്ധം പറ്റിയാലോ എന്നു വിചാരിച്ച് പുതിയ കാറിലേക്കു പോകുന്നു. എന്താണ് യൂസ്ഡ് കാറിന്റെ പ്രധാന മെച്ചം? കൂടിയ വിലയുള്ള കാര്‍ കുറഞ്ഞ ബജറ്റില്‍ സ്വന്തമാക്കാന്‍ കഴിയുന്നു എന്നതുതന്നെ. എന്നാല്‍ മികച്ച യൂസ്ഡ് കാര്‍ തെരഞ്ഞെടുക്കുന്നത് വളരെ ശ്രമകരമായ ജോലിയാണ്. ശ്രമിച്ചാല്‍ പക്ഷെ അതിന് പ്രയോജനവുമുണ്ട്. യൂസ്ഡ് കാര്‍ വാങ്ങുമ്പോള്‍ താഴെപ്പറയുന്ന കാര്യങ്ങള്‍ മനസില്‍ സൂക്ഷിക്കുക.
സ്വന്തം ആവശ്യം അറിഞ്ഞ് അതിന് അനുസരിച്ചുള്ള വാഹനമാണ് വാങ്ങേണ്ടത്. ബജറ്റ്, യാത്രാരീതികള്‍ (ദീര്‍ഘ യാത്രകളാണോ, ഹ്രസ്വ യാത്രകളാണോ), കുടുംബാംഗങ്ങളുടെ എണ്ണം തുടങ്ങിയ ഘടകങ്ങള്‍ ഇതിനായി പരിഗണിക്കുക. അല്ലാതെ കുറഞ്ഞ വിലയില്‍ എവിടെയെങ്കിലും വാഹനം ലഭിക്കുമെന്ന് കേട്ട് എടുത്തുചാടരുത്.
യൂസ്ഡ് കാര്‍ വാങ്ങുന്നതില്‍ നിങ്ങളെ സഹായിക്കാന്‍ ഈ മേഖലയില്‍ അറിവുള്ള സുഹൃത്തോ ബന്ധുവോ ഉണ്ടായിരിക്കാം. എന്നാല്‍ സ്വന്തം ആവശ്യങ്ങള്‍ മനസിലാക്കി കാര്‍ തെരഞ്ഞെടുക്കാന്‍ നിങ്ങള്‍ക്കു മാത്രമേ ആകൂ. അതുകൊണ്ടു തന്നെ വിവിധ കാര്‍ മോഡലുകളെക്കുറിച്ചും അവയുടെ വിലയെക്കുറിച്ചും അടിസ്ഥാനപരമായ സാങ്കേതിക കാര്യങ്ങളെക്കുറിച്ചും അറിവ് നേടുന്നത് പ്രയോജനം ചെയ്യും. ചില യൂസ്ഡ് കാര്‍ മൊബീല്‍ ആപ്ലിക്കേഷനുകള്‍ ഇതിന് നിങ്ങളെ സഹായിക്കും.
ഷോറൂമില്‍ നിന്ന് വാങ്ങണോ ഉടമയില്‍ നിന്ന് നേരിട്ട് വാങ്ങണോ? രണ്ടിനും അതിന്റേതായ പ്രയോജനങ്ങളുണ്ട്. യൂസ്ഡ് കാര്‍ ഷോറൂമില്‍ നിന്ന് കാര്‍ വാങ്ങിയാല്‍ മികച്ച കണ്ടീഷനിലുള്ള വാഹനം വാറന്റിയോടെ ലഭിക്കും. വാഹനത്തിന്റെ രേഖകളില്‍ വ്യക്തതയുണ്ടാകും.
പുതിയ ഉടമയുടെ പേരില്‍ രജിസ്റ്റര്‍ ചെയ്ത് നല്‍കുകയും ഫിനാന്‍സ് സൗകര്യം ഏര്‍പ്പെടുത്തുകയും ചെയ്യും. അതുകൊണ്ട് ഷോറൂമുകളില്‍ നിന്ന് യൂസ്ഡ് കാര്‍ വാങ്ങുന്നതിന് റിസ്‌ക് കുറവാണ്. വ്യക്തികളില്‍ നിന്ന് നേരിട്ട് കാര്‍ വാങ്ങുമ്പോള്‍ വില താരതമ്യേന കുറവായിരിക്കുമെങ്കിലും വാഹനത്തിന്റെ കണ്ടീഷന്‍ ഉള്‍പ്പടെയുള്ള കാര്യങ്ങളില്‍ അതീവശ്രദ്ധ പുലര്‍ത്തേണ്ടതുണ്ട്.
ഓതറൈസ്ഡ് സര്‍വീസ് സെന്ററുകളില്‍ മാത്രം സര്‍വീസ് നടത്തിയിട്ടുള്ള വാഹനങ്ങള്‍ക്ക് യൂസ്ഡ് കാര്‍ വിപണിയില്‍ ഡിമാന്റേറെയാണ്. അത്തരത്തിലുള്ള സര്‍വീസ് നടത്തിയിരിക്കുന്ന വാഹനങ്ങളുടെ ഹിസ്റ്ററി സര്‍വീസ് സെന്ററില്‍ നിന്ന് ലഭിക്കും. ഇവ വിശ്വാസ്യത കൂട്ടും.
വാഹനം മൊത്തത്തില്‍ പരിശോധിച്ചിട്ട് അതനുസരിച്ച് വിലയില്‍ കുറവ് വരുത്താന്‍ ആവശ്യപ്പെടാം. ടയറുകളുടെ തേയ്മാനം, ബാറ്ററിയുടെ കാലപ്പഴക്കം, വാഹനം എത്ര കൈമറിഞ്ഞതാണ്, അപകടം നടന്നിട്ടുണ്ടോ തുടങ്ങിയവയൊക്കെ വിലയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്.
Read DhanamOnline in English
Subscribe to Dhanam Magazine