May 30, 2018
മോദിയുടെ 4 വര്‍ഷങ്ങള്‍ നെല്ല് എത്ര? പതിരെത്ര?
ഭരണത്തില്‍ 48 മാസം പിന്നിട്ട് തെരഞ്ഞെടുപ്പിലേക്ക് മാസങ്ങള്‍ മാത്രം ശേഷിക്കേ നരേന്ദ്ര മോദി സര്‍ക്കാരിന് മാറ്റം സൃഷ്ടിക്കാനായോ?
facebook
FACEBOOK
EMAIL
4-years-of-narendra-modi-nda-government

48 വര്‍ഷം / 48 മാസം. ഭരണത്തില്‍ നാലാം വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയിലെ ജനങ്ങളോട് താരതമ്യം ചെയ്യാന്‍ ആവശ്യപ്പെടുന്ന കാലയളവ് ഇതാണ്. കോണ്‍ഗ്രസ് ഭരിച്ച 48 വര്‍ഷവും മോദി അധികാരത്തിലിരുന്ന 48 മാസവുമാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്.

അടുത്ത തെരഞ്ഞെടുപ്പിനെ ഭരണത്തിന്റെ പ്രോഗസ് റിപ്പോര്‍ട്ടുമായാണ് നേരിടുകയെന്ന് മോദി ഭരണത്തിന്റെ ആദ്യ നാളുകളില്‍ തന്നെ പ്രഖ്യാപിച്ചിരുന്നു. ഇത്തരം റിപ്പോര്‍ട്ട് കാര്‍ഡുകള്‍ പൊതുവേ രണ്ടു തരത്തിലുള്ള ഉപയോഗങ്ങളുണ്ട്. ഒന്ന്, ഒരു പ്രത്യേക കാലയളവില്‍ ഒരാളുടെ പ്രകടനം അളക്കുക എന്നതു തന്നെയാണ്. രണ്ടാമത്തേത് പ്രകടനം മെച്ചപ്പെടുത്താന്‍ പ്രചോദനം നല്‍കുക എന്നതും. മോദിയുടെ കാര്യത്തില്‍ മറ്റൊന്നു കൂടിയുണ്ട്. സ്വന്തം വ്യക്തി പ്രഭാവത്തിന് തിളക്കം കൂട്ടുക എന്നത്.

എന്നാല്‍ ഇപ്പോഴത്തെ സ്ഥിതിയില്‍ ആ റിപ്പോര്‍ട്ട് കാര്‍ഡ് മോദിയുടെ തിളക്കം കൂട്ടുന്നുണ്ടോ?

കഴിഞ്ഞ നാല് വര്‍ഷങ്ങള്‍ക്കിടെ രാജ്യത്തെ വിവിധ രംഗങ്ങളിലുണ്ടായ നേട്ടങ്ങളും കോട്ടങ്ങളുമെന്ത്?

ചരക്ക് സേവന നികുതി

രാജ്യത്ത് നടപ്പാക്കിയതാണ് ഇതില്‍ പ്രധാനം. ഒരു രാജ്യം ഒറ്റ നികുതി എന്ന മുദ്രാവാക്യത്തില്‍ നിന്ന് വ്യത്യസ്തമായി പല നിരക്കുകളുണ്ടെങ്കിലും രാജ്യത്ത് ജിഎസ്ടി നടപ്പാക്കി എന്നതു തന്നെ ശ്രദ്ധേയമായൊരു നികുതി പരിഷ്‌കാരമാണ്.

ഈസ് ഓഫ് ഡൂയിംഗ് ബിസിനസ്

രാജ്യത്ത് ബിസിനസ് സൗഹാര്‍ദ്ദ പരമായ അന്തരീക്ഷം സൃഷ്ടിക്കാന്‍ നിര്‍ണായകമായ ഇടപെടല്‍ നടത്തി. ലോക ബാങ്കിന്റെ ഈസ് ഓഫ് ഡൂയിംഗ് റാങ്കിംഗില്‍ 2014ല്‍ 134 ആയിരുന്നു ഇന്ത്യയുടെ സ്ഥാനം. 2018ല്‍ അത് 100 ലേക്കെത്തിയത് സര്‍ക്കാരിന്റെ നേട്ടമാണ്.

ബജറ്റ് തിയതി മാറ്റി, റെയ്ല്‍വേ ബജറ്റില്ല

സാമ്പത്തിക വര്‍ഷാരംഭത്തില്‍ തന്നെ വകുപ്പുകള്‍ക്ക് അനുവദിച്ച പണമെത്രയെന്ന് വ്യക്തമായി അറിയാനായി ബജറ്റ് അവതരണം ഫെബ്രുവരി ഒന്നിലേക്ക് മാറ്റി. സഖ്യകക്ഷികളുടെ വില പേശല്‍ തന്ത്രം എന്നും പയറ്റിയിരുന്ന റെയ്ല്‍വേ ബജറ്റ് തന്നെ വേണ്ടെന്നു വെച്ചു. ആസൂത്രണ കമ്മിഷനെ നിതി ആയോഗ് എന്ന പുതിയ സംവിധാനമാക്കി മാറ്റി.

പാപ്പര്‍ നിയമവും മറ്റ് നടപടികളും

കടം തിരിച്ചുപിടിക്കല്‍ എളുപ്പമാക്കും വിധം പാപ്പര്‍ നിയമം അവതരിപ്പിച്ചു. കര്‍ശനമായി പാലിക്കപ്പെടാന്‍ വ്യക്തമായ നിര്‍വഹണ ചട്ടകൂടും ഒരുക്കി. ബാങ്കുകളുടെ ബാലന്‍സ് ഷീറ്റ് ക്ലീനാക്കുന്നതിനുള്ള ചട്ടങ്ങളും കര്‍ശനമാക്കി.

അടിസ്ഥാന സൗകര്യ വികസനം

2022 ഓടെ 83,677 കിലോമീറ്റര്‍ റോഡ് വികസനം സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെ മുന്നേറുന്ന സര്‍ക്കാര്‍ ഇതിനായി 6.92 ലക്ഷം കോടി രൂപയാണ് നിക്ഷേപം നടത്താന്‍ ഒരുങ്ങുന്നത്. ഭാരത് മാല പദ്ധതിയിലൂടെ 34,800 കിലോമീറ്റര്‍ റോഡ് നിര്‍മാണമാണ് ലക്ഷ്യമിടുന്നത്.

താഴ്ന്ന വരുമാനക്കാര്‍ക്കായി വീട്

സമൂഹത്തിലെ താഴന്ന വരുമാനക്കാര്‍ക്കായി വീട് പണിയാനുള്ള പദ്ധതി മോദി സര്‍ക്കാരിന്റെ ശ്രദ്ധേയമായ സംഭാവനയാണ്. എല്‍പിജി കണക്ഷന്‍, വൈദ്യുതി എന്നിവ എല്ലാ വീടുകളിലേക്കും എത്തിക്കാനുള്ള ശ്രമങ്ങളും രാജ്യത്തെ പാവപ്പെട്ടവര്‍ക്ക് ആശ്വാസമേകുന്നവയാണ്.

സമ്പൂര്‍ണ ആരോഗ്യ സുരക്ഷാ പദ്ധതി

കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ച സമ്പൂര്‍ണ ആരോഗ്യ സുരക്ഷാ പദ്ധതി, വിഭാവനം ചെയ്യുന്ന പോലെ നടപ്പാക്കപ്പെട്ടാല്‍ മോദി ഭരണത്തിന്റെ പൊന്‍തൂവലാകും അത്. പദ്ധതി നടത്തിപ്പിനുള്ള ഫണ്ട് കണ്ടെത്തിയിട്ടില്ല എന്നതാണ് ഇതിനെതിരെ ഉയരുന്ന ആരോപണം.

തൊഴിലില്ലായ്മ വര്‍ധിച്ചു

പ്രതിവര്‍ഷം ഒരു കോടി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നായിരുന്നു മോദിയുടെ വാഗ്ദാനം. 2017 ഒക്ടോബറിലെ കണക്ക് പ്രകാരം സൃഷ്ടിക്കപ്പെട്ടത് 8.23 ലക്ഷം തൊഴിലുകള്‍. അതായത് പ്രതിവര്‍ഷം പുതുതായി വന്നത് 2.05 ലക്ഷം തൊഴിലുകള്‍ മാത്രം. തൊഴിലില്ലായ്മ നിരക്ക് 2014ലെ 3.41 ശതമാനത്തില്‍ നിന്ന് 6.23 ശതമാനമായി ഈ വര്‍ഷം മാറിയിരിക്കുന്നു. എന്നാല്‍ ഭാരത് മാല പോലുള്ള വന്‍ അടിസ്ഥാന സൗകര്യ പദ്ധതികള്‍ നടപ്പാക്കപ്പെടുമ്പോള്‍ കോടിക്കണക്കിന് തൊഴിലുകള്‍ സൃഷ്ടിക്കപ്പെടുമെന്ന് സര്‍ക്കാര്‍ പറയുന്നു.

നോട്ട് പിന്‍വലിക്കലും പ്രത്യഘാതവും

പുതിയ തൊഴിലുകള്‍ സൃഷ്ടിച്ചില്ലെന്ന് മാത്രമല്ല, നോട്ട് പിന്‍വലിക്കലിന്റെ പേരില്‍ നിലവിലുള്ള തൊഴിലുകള്‍ നഷ്ടപ്പെടുകയും ചെയ്തു. ദി സെന്റര്‍ ഫോര്‍ മോണിട്ടറിംഗ് ഇന്ത്യന്‍ ഇക്കോണമിയുടെ കണക്കുപ്രകാരം 2017 ജനുവരി മുതല്‍ ഏപ്രില്‍ വരെയുള്ള കാലയളവില്‍ നോട്ട് പിന്‍വലിക്കല്‍ മൂലം 15 ലക്ഷം തൊഴിലുകളാണ് നഷ്ടപ്പെട്ടത്. മാത്രമല്ല ജിഡിപി വളര്‍ച്ച 7.93 ശതമാനത്തില്‍ നിന്ന് 6.50 ശതമാനമായി. നോട്ട് പിന്‍വലിക്കാനുള്ള ഒരു കാരണമായി അവകാശപ്പെട്ട ഭീകരവാദത്തിനുള്ള ഫണ്ടിംഗ് ഇല്ലായ്മ ചെയ്യുക എന്നതും വെറുതെയായി. ഭീകരാക്രമണം കൂടി. കൊല്ലപ്പെടുന്ന സൈനികരുടെ എണ്ണവും വര്‍ധിച്ചു.

കിട്ടാക്കടം കൂടി, ബാങ്ക് തട്ടിപ്പും

2014ല്‍ രാജ്യത്തെ ബാങ്കുകളുടെ മൊത്തം കിട്ടാക്കടം 2.4 ലക്ഷം കോടിയായിരുന്നവെങ്കില്‍ 2017 ഡിസംബറില്‍ അത് 9.5 ലക്ഷം കോടിയായി. തിരിച്ചടവില്‍ വീഴ്ച വരുത്തിയവരില്‍ ഭൂരിഭാഗവും കോര്‍പ്പറേറ്റുകളാണ്. 17,789 കോടി രൂപയുടെ ബാങ്ക് തട്ടിപ്പും നടന്നു. വിദേശ ബാങ്കുകളിലെ കള്ളപ്പണം തിരികെ എത്തിക്കുമെന്ന പ്രഖ്യാപനം പാഴ് വാക്കായി. അഴിമതി തുടച്ചുനീക്കുമെന്ന് പ്രഖ്യാപിച്ച് അധികാരത്തിലേറി നാല് വര്‍ഷമായിട്ടും ഇതുവരെ ലോക്പാല്‍ നിയമനം പോലും നടത്തിയിട്ടുമില്ല.

കര്‍ഷകര്‍ക്ക് വരുമാനം വര്‍ധിച്ചില്ല

2010- 2014 കാലയളവില്‍ കാര്‍ഷിക മേഖലയിലെ വളര്‍ച്ച 5.2 ശതമാനമായിരുന്നുവെങ്കില്‍ 2014 - 2018 കാലയളവില്‍ ഇത് 2.4 ശതമാനമായി ഇടിഞ്ഞു. 17 സംസ്ഥാനങ്ങളിലെ കര്‍ഷകരുടെ പ്രതിവര്‍ഷ വരുമാന ശരാശരി 20,000 രൂപയാണ്. ഉല്‍പ്പാദന ചെലവിനേക്കാള്‍ 50 ശതമാനം അധികം തുക കര്‍ഷകര്‍ക്ക് നല്‍കുന്ന പ്രഖ്യാപനവും എവിടെയും എത്തിയില്ല.

ഇന്ത്യയ്ക്കകത്തും പുറത്തും ഒട്ടനവധി അനുകൂല ഘടകങ്ങള്‍ അധികാരത്തിലേറിയപ്പോഴും ഭരണത്തിന്റെ ആദ്യ വര്‍ഷങ്ങളിലും മോദിക്കുണ്ടായിരുന്നുവെങ്കിലും ഇപ്പോള്‍ കാര്യങ്ങള്‍ നേരെ തിരിയുകയാണ്. തെരഞ്ഞെടുപ്പ് വര്‍ഷത്തില്‍ ഇവയെ എങ്ങനെയാകും മോദിയും സര്‍ക്കാരും കൈകാര്യം ചെയ്യുക എന്നതാണ് ഇന്ത്യ ഉറ്റുനോക്കുന്നത്.

COMMENTS
comments powered by Disqus
WHAT IS YOUR REACTION?
1
smiletear
34%
2
smile
67%
0
neutral
0%
0
grin
0%
0
angry
0%
 
Back to Top