May 15, 2017
നിക്ഷേപകര്‍ക്കായി 16 മികച്ച ഓഹരികള്‍
മികച്ച 30 മ്യൂച്വല്‍ ഫണ്ട് പദ്ധതികളില്‍ നിന്ന് തെരഞ്ഞെടുത്ത തിളക്കമാര്‍ന്ന നേട്ടങ്ങളുണ്ടാക്കിയ ഓഹരികള്‍
facebook
FACEBOOK
EMAIL
16-shares-for-better-investment

ന്ത്യന്‍ ഓഹരി വിപണി കുതിപ്പിന്റെ പാതയിലാണ്. എന്നാല്‍ ഓഹരി വിപണിയെ കുറിച്ച് കൃത്യമായ ധാരണയില്ലാത്തതും പലവിധ തെറ്റിദ്ധാരണകളും മൂലം സാധാരണക്കാരായ ഭൂരിഭാഗം നിക്ഷേപകര്‍ക്കും ഇതിന്റെ നേട്ടം ലഭിക്കുന്നുമില്ല. മികച്ച മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിച്ച് ഓഹരി വിപണിയുടെ കുതിപ്പിന്റെ നേട്ടത്തിന്റെ പങ്കു പറ്റുന്നവരും ഏറെയാണ്. വിപണിയെ കുറിച്ച് ആഴത്തില്‍ അറിവില്ലാത്തവര്‍ക്കും ഈ മാര്‍ഗമാണ് നല്ലത്. മികച്ച ഫണ്ട് മാനേജര്‍മാരാണ് മ്യൂച്വല്‍ ഫണ്ടുകളിലേക്കുള്ള കമ്പനികള്‍ തെരഞ്ഞെടുക്കുന്നത്. ഇത്തരത്തില്‍ രാജ്യത്ത് മിന്നുന്ന നേട്ടമുണ്ടാക്കിയ 30 മ്യൂച്വല്‍ ഫണ്ടുകളിലെ അസാധാരണ പ്രകടനം കാഴ്ചവെച്ച 16 ഓഹരികള്‍ ഇതാ.

TVS Srichakra
ഇന്ത്യയിലെ മുന്‍നിര ഇരുചക്ര, മുചക്ര വാഹന ടയര്‍ നിര്‍മാതാക്കളാണ് ടിവിഎസ് ശ്രീചക്ര. തമിഴ്‌നാട്ടിലും ഉത്തരാഖണ്ഡിലും ഫാക്റ്ററികളുണ്ട്. 2,400 ഡീലര്‍മാരുള്ള കമ്പനിക്ക് 34 ഡിപ്പോകളുമുണ്ട്. ഈ മിഡ് കാപ് കമ്പനി കയറ്റുമതിക്കായി ന്യുമാറ്റിക് ടയറുകള്‍, മള്‍ട്ടി പര്‍പ്പസ് ടയറുകള്‍ തുടങ്ങി വിവിധ ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കുന്നു. അമേരിക്ക, യൂറോപ്പ്, സൗത്ത് അമേരിക്ക, ആഫ്രിക്ക, ആസ്‌ത്രേലിയ എന്നിവിടങ്ങളിലേക്ക് കയറ്റുമതിയുണ്ട്. ഫാക്റ്ററികളുടെ ശേഷി വര്‍ധിപ്പിച്ച കമ്പനി ഡീലര്‍ ശൃംഖലയും വിപുലമാക്കുകയാണ്. ഒപ്പം മികച്ച സാങ്കേതിക വിദ്യയില്‍ പുതിയ ടയറുകളും വിപണിയിലെത്തിച്ചിട്ടുണ്ട്. കഴിഞ്ഞ അഞ്ചു സാമ്പത്തിക പാദങ്ങളിലായി ശരാശരി ഓപ്പറേറ്റിംഗ് പ്രോഫിറ്റ് മാര്‍ജിന്‍ (ഛജങ) 15 ശതമാനമാണ്.
പിഇ റേഷ്യോ 15.33.

eClerx Services
ഫോര്‍ച്യൂണ്‍ 500 കമ്പനികളിലെ 30 ലേറെ കമ്പനികള്‍ക്ക് മിഡില്‍/ബാക്ക് ഓഫീസ് സേവനങ്ങള്‍ നല്‍കുന്ന നോളജ് പ്രോസസ് ഔട്ട്‌സോഴ്‌സിംഗ് കമ്പനിയാണിത്. മുംബൈ ആസ്ഥാനമായുള്ള കമ്പനിക്ക് ഇന്ത്യയില്‍ അഞ്ചിടങ്ങളില്‍ ഡെലിവറി സെന്ററുകളുണ്ട്. ന്യൂയോര്‍ക്ക്, സാന്‍ ഫ്രാന്‍സിസ്‌കോ, ചിക്കാഗോ, ഓസ്റ്റിന്‍, ഫിലാഡല്‍ഫിയ, ലണ്ടന്‍, ഡബ്ലിന്‍, സിംഗപ്പൂര്‍ എന്നിവിടങ്ങളില്‍ ക്ലൈന്റ് റിലേഷന്‍ഷിപ്പ് ഓഫീസുകളുണ്ട്. കഴിഞ്ഞ അഞ്ച് സാമ്പത്തിക പാദങ്ങളിലായി കമ്പനിയുടെ ശരാശരി OPM 34 ശതമാനമാണ്.

Hero MotoCorp
ഇരുചക്ര വാഹനമേഖലയിലെ ലോകത്തിലെ മുന്‍നിര നിര്‍മാതാക്കളാണ് ഹീറോ മോട്ടോകോര്‍പ്. അതിവിപുലമായ സെയ്ല്‍സ്, സര്‍വീസ് ശൃംഖലയാണ് കമ്പനിക്കുള്ളത്. കമ്പനിയുടെ ആറാമത്തെ പ്ലാന്റ് ഗുജറാത്തിലെ ഹാലോളില്‍ ഉല്‍പ്പാദനം ആരംഭിച്ചിട്ടുണ്ട്. ബംഗ്ലാദേശിലെ ഫാക്റ്ററി ഈ വര്‍ഷാവസാനം പ്രവര്‍ത്തനസജ്ജമാകും. ആന്ധ്രപ്രദേശില്‍ പുതിയൊരു ഫാക്റ്ററി സ്ഥാപിക്കാന്‍ ഒരുങ്ങുകയാണ്. ഇതോടൊപ്പം പുതിയൊരു ഇരുചക്ര വാഹന ശ്രേണി പുറത്തിറക്കാനുള്ള പദ്ധതിയുമുണ്ട്.


Indo Count
വിവിധ രാജ്യങ്ങളിലേക്ക് കോംപ്ഡ് കോട്ടണ്‍ യാണ്‍ കയറ്റി അയക്കുന്ന കമ്പനിയാണിത്. രാജ്യാന്തരവിപണിയില്‍ സമുന്നതശ്രേണിയിലാണിതിന്റെ സ്ഥാനം. ഹോം ടെക്‌സൈറ്റല്‍സ്, യാണ്‍, കണ്‍സ്യൂമര്‍ ഗുഡ്‌സ് എന്നീ വിഭാഗങ്ങളാണ് കമ്പനിക്കുള്ളത്. ഇന്ത്യയില്‍ നിന്ന് ബെഡ് ലിനന്‍ കയറ്റി അയക്കുന്ന മൂന്നാമത്തെ വലിയ കമ്പനിയായ ഇന്‍ഡോ കൗണ്ട് അമേരിക്കയിലേക്ക് ബെഡ് ഷീറ്റ് കയറ്റി അയക്കുന്ന നാലാമത്തെ ഏറ്റവും വലിയ എക്‌സ്‌പോര്‍ട്ടറാണ്. അമേരിക്കയ്ക്ക് പുറമേ യൂറോപ്പ്, ലണ്ടന്‍, ജപ്പാന്‍, ലാറ്റിന്‍ അമേരിക്ക, മിഡില്‍ ഈസ്റ്റ്, കാനഡ, ഓസ്‌ത്രേലിയ എന്നിവിടങ്ങളിലേക്കും ഇവര്‍ ഉല്‍പ്പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്നു. ഇന്ത്യന്‍ ആഭ്യന്തര വിപണിയില്‍ ബൊട്ടീക് ലിവിംഗ് എന്ന പ്രീമിയം ബ്രാന്‍ഡും ഇവര്‍ അവതരിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ അഞ്ച് പാദങ്ങളിലായി കമ്പനിയുടെ റവന്യു എട്ട് ശതമാനവും ലാഭം 28 ശതമാനവും വര്‍ധിച്ചു. ശരാശരി OPM 19 ശതമാനമാണ്. പിഇ റേഷ്യോ 15.90


Apollo Tyres Ltd
അപ്പോളോ ടയേഴ്‌സിന് ഇന്ത്യയില്‍ നാലും നെതര്‍ലാന്‍ഡ്‌സില്‍ ഒന്നും വീതം ഉല്‍പ്പാദന പ്ലാന്റുകളുണ്ട്. കമ്പനിയുടെ ആകെ വരുമാനത്തിന്‍െ 70 ശതമാനം ആഭ്യന്തരവിപണിയില്‍ നിന്നും 25 ശതമാനത്തോളം യൂറോപ്യന്‍ വിപണിയില്‍ നിന്നുമാണ്. മറ്റു പ്രദേശങ്ങളിലും സാന്നിധ്യമുണ്ട്. ഹംഗറിയില്‍ ഈ വര്‍ഷം തന്നെ പുതിയ പ്ലാന്റ് ആരംഭിക്കും. ആന്ധ്രാപ്രദേശില്‍ പുതിയ നിര്‍മാണ യൂണിറ്റ് തുടങ്ങുന്നതിനായി സര്‍ക്കാരുമായി കരാറായിട്ടുണ്ട്. ഇതിനായി 525 കോടി രൂപയാണ് ആദ്യഘട്ടത്തില്‍ ചെലവഴിക്കുക. സര്‍ക്കാര്‍ വിവിധ നികുതിയിളവുകള്‍ പ്രഖ്യാപിച്ചിട്ടുമുണ്ട്. ഏകദേശം 4025 കോടി രൂപ പദ്ധതിക്കായി ചെലവഴിക്കുമെന്നാണ് കണക്കൂകൂട്ടുന്നത്. കഴിഞ്ഞ അഞ്ചു പാദങ്ങളില്‍ വില്‍പ്പനയില്‍ അഞ്ചു ശതമാനവും പ്രവര്‍ത്തന ലാഭത്തില്‍ രണ്ടു ശതമാനവും വര്‍ധന കമ്പനി നേടിയിട്ടുണ്ട്. ശരാശരി OPM 16 ശതമാനം.


SQS India BFSI Limited

ധനകാര്യ സേവന രംഗത്ത് പ്രവര്‍ത്തിക്കുന്ന സോഫ്റ്റ് വെയര്‍ കമ്പനിയാണിത്. ഏഷ്യാ പസഫിക്, യുഎസ്എ, യുകെ, ഗള്‍ഫ് രാജ്യങ്ങളിലായി 150 ലേറെ ഉപഭോക്താക്കള്‍ കമ്പനിക്കുണ്ട്. വന്‍കിട കമ്പനികളാണ് ഇവയോരോന്നും. ഏഴായിരത്തിലേറെ പ്രോജക്റ്റുകള്‍ കമ്പനി ഇതിനകം പൂര്‍ത്തീകരിച്ചു. പൂനെയില്‍ വികസിപ്പിക്കുന്ന പുതിയ ഓഫീസിലേക്ക് 2018 ഓടെ 1100 ജീവനക്കാരെ കൂടി നിയമിക്കുമെന്ന് കമ്പനി കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ചിരുന്നു. പൂനെ ഓഫീസില്‍ 900 പേര്‍ ഇപ്പോള്‍ ജോലി ചെയ്യുന്നുണ്ട്. ജര്‍മനി ആസ്ഥാനമായുള്ള ഈ കമ്പനിയുടെ ഗ്ലോബല്‍ വെര്‍ട്ടിക്കലിന്റെ ഓഫീസ് ഇന്ത്യയിലേക്ക് മാറ്റുന്ന കാര്യവും കമ്പനി പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ അഞ്ചു പാദങ്ങളിലായി വില്‍പ്പനയില്‍ 16 ശതമാനത്തിന്റെ വര്‍ധനവുണ്ട്. പ്രവര്‍ത്തന ലാഭം 70 ശതമാനമാണ് വര്‍ധിച്ചത്. ശരാശരി OPM 17
ശതമാനം. പിഇ 19.6


Finolex Industries Limited

രാജ്യത്തെ ഏറ്റവും വലിയ റിജിഡ് പിവിസി പൈപ്പ്, ഫിറ്റിംഗ്‌സ് ഉല്‍പ്പാദകരും പിവിസി റെസിന്‍ ഉല്‍പ്പാദനത്തില്‍ രണ്ടാം സ്ഥാനത്തുമുള്ള കമ്പനിയാണ് ഫിനോലെക്‌സ്. മഹാരാഷ്ട്രയിലും ഗുജറാത്തിലുമാണ് ഉല്‍പ്പാദന യൂണിറ്റുകള്‍. കൃഷി, കെട്ടിട നിര്‍മാണം, ടെലികോം, നിര്‍മാണ മേഖല തുടങ്ങി വിവിധ മേഖലകള്‍ക്ക് ആവശ്യമായ പിവിസി ഉല്‍പ്പന്നങ്ങളാണ് കമ്പനി വിപണിയില്‍ എത്തിക്കുന്നത്. രാജ്യത്ത് സ്വകാര്യമേഖലയില്‍ ആദ്യമായി ഓപ്പണ്‍ സീ ക്രയോജനിക് ജെട്ടി നിര്‍മിച്ചും കമ്പനി ശ്രദ്ധ നേടിയിട്ടുണ്ട്.

സിപിവിസി ഉല്‍പ്പാദനത്തില്‍ ലോകത്ത് മുന്‍നിരയിലുള്ള യുഎസ് കമ്പനിയായ ലുബ്രിസോള്‍ കോര്‍പ്പറേഷനുമായി ഫിനോലക്‌സ് പങ്കാളിത്തത്തിലും ഏര്‍പ്പെട്ടിട്ടുണ്ട്. വിവിധ കാരണങ്ങളാല്‍ വളര്‍ച്ചാ നിരക്ക് മെച്ചപ്പെടുത്താന്‍ കഴിഞ്ഞില്ലെങ്കിലും കഴിഞ്ഞ അഞ്ചു പാദങ്ങളില്‍ 138 ശതമാനം പ്രവര്‍ത്തന ലാഭം നേടാന്‍ കമ്പനിക്കായി. ശരാശരി OPM 10 ശതമാനം. പിഇ 23.97


Orient Refractories

അയേണ്‍, സ്റ്റീല്‍ വ്യവസായങ്ങള്‍ക്കാവശ്യമായ റിഫാക്റ്ററി, മോണോലിത്തിക് ഉല്‍പ്പന്നങ്ങളുടെ വൈവിധ്യനിര തന്നെയുള്ള ബഹുരാഷ്ട്ര കമ്പനിയാണിത്. രാജസ്ഥാനിലെ ഭിവാഡിയില്‍ ഉല്‍പ്പാദന യൂണിറ്റുള്ള കമ്പനി കണ്ടിന്യൂസ് കാസ്റ്റിംഗ് റെഫ്രാക്റ്ററീസ്, സ്ലൈഡ് ഗേറ്റ് പ്ലേറ്റ്‌സ്, നോസില്‍സ്, വെല്‍ ബ്ലോക്‌സ് തുടങ്ങിയവ ഉല്‍പ്പാദിപ്പിച്ച് വിപണിയില്‍ എത്തിക്കുന്നു. രാജ്യത്തെ 300 ലേറെ ചെറുകിട- ഇടത്തരം സ്റ്റീല്‍ ഉല്‍പ്പാദക കമ്പനികള്‍ ഓറിയന്റ് റിഫ്രാക്റ്ററീസിന്റെ ഉപഭോക്താക്കളായുണ്ട്. 35 ലേറെ രാജ്യങ്ങളിലേക്ക് കയറ്റുമതിയും ചെയ്യുന്നുണ്ട്. കഴിഞ്ഞ അഞ്ചു പാദങ്ങളിലായി 12 ശതമാനം വില്‍പ്പന വളര്‍ച്ച നേടിയ കമ്പനിയുടെ പ്രവര്‍ത്തന ലാഭം 25 ശതമാനം വര്‍ധിച്ചിട്ടുമുണ്ട്. ശരാശരി OPM 18 ശതമാനം. പിഇ 23.10


Divi's Laboratories

ആക്ടീവ് ഫാര്‍മ ഇന്‍ഗ്രീഡിയന്റ്‌സ്, ഡ്രഗ് ഇന്റര്‍മീഡിയേറ്റ്‌സ് എന്നിവ വിപണിയിലെത്തിക്കുന്ന കമ്പനിക്ക് വിശാഖപട്ടണം, നല്‍ഗൊണ്ട, ഹൈദരാബാദ് എന്നിവിടങ്ങളിലാണ് ഉല്‍പ്പാദന യൂണിറ്റുകളുള്ളത്. കാക്കിനടയില്‍ പുതിയ ഫാക്റ്ററി നിര്‍മിക്കാന്‍ 500 കോടി രൂപ കൂടി ചെലവഴിക്കും. ആക്ടീവ് ഫാര്‍മ ഇന്‍ഗ്രീഡിയന്റ്‌സ് മേഖലയില്‍ പ്രമുഖ കമ്പനികളുമായി സഹകരിച്ച് റിസര്‍ച്ച് കോണ്‍ട്രാക്റ്റുകളും കമ്പനി എടുക്കുന്നു. എന്നാല്‍ യുഎസ് ഫുഡ് & ഡ്രഗ് അസ്മിനിസ്‌ട്രേഷന്‍ നടത്തിയ പരിശോധനയില്‍ കമ്പനിക്ക് എതിരായി നടത്തിയ നിരീക്ഷണങ്ങള്‍ കമ്പനിയുടെ ഓഹരികളിന്മേല്‍ 26 ശതമാനം
ഇടിവ് വരുത്തിയിരുന്നു. എന്നാല്‍ ഈ പ്രശ്‌നങ്ങള്‍ പരിഹരിച്ചാല്‍ ഓഹരി വില കുതിക്കുമെന്നാണ് വിലയിരുത്തല്‍. അഞ്ചു പാദങ്ങളിലെ ശരാശരി OPM 30 ശതമാനം. പിഇ 14.84

Hexaware Technologies
ഐറ്റി മേഖലയില്‍ ബിസിനസ് പ്രോസസ് ഔട്ട്‌സോഴ്‌സിംഗ് കണ്‍സള്‍ട്ടിംഗ് സേവനങ്ങള്‍ നല്‍കുന്ന സ്ഥാപനം. റോബോട്ടിക് പ്രോസസ് ഓട്ടോമേഷന്‍, കണ്‍വേര്‍ജ്ഡ് ടെക്‌നോളജി, ഡിസൈന്‍ തിങ്കിംഗ്, റാപ്പിഡ് പ്രോട്ടോടൈപ്പിംഗ് തുടങ്ങിയ സേവനങ്ങളാണ് നല്‍കുന്നത്. ഈ വര്‍ഷം ജനുവരിയില്‍ പൂനെയില്‍ ഒരു ഡെലിവറി സെന്റര്‍ തുടങ്ങിയിട്ടുണ്ട്. ഇതോടൊപ്പം കമ്പനിയുടെ ഓഹരികളില്‍ 240 രൂപയ്ക്ക് ബൈബാക്കും പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ അഞ്ചു പാദങ്ങളില്‍ 14 ശതമാനം വില്‍പ്പന വര്‍ധന നേടിയ കമ്പനി 10 ശതമാനം വര്‍ധന പ്രവര്‍ത്തന ലാഭത്തിലും നേടി. ശരാശരി OPM 17 ശതമാനം. പിഇ 5.27


Triveni Turbine

പ്രമുഖ സ്റ്റീം ടര്‍ബൈന്‍ ഉല്‍പ്പാദകരാണ്. 50 രാജ്യങ്ങളിലായി 2500 ലേറെ ടര്‍ബൈനുകള്‍ ഇതിനകം സ്ഥാപിച്ചു കഴിഞ്ഞു. നാലു ദശാബ്ദങ്ങള്‍ നീണ്ട അനുഭവ സമ്പത്തിന്റെ വെളിച്ചത്തില്‍ കമ്പനി ഇപ്പോള്‍ എയ്‌റോസ്‌പേസ്, പ്രതിരോധ മേഖലകളിലേക്കും തിരിഞ്ഞിട്ടുണ്ട്. 2015-16 സാമ്പത്തിക വര്‍ഷത്തില്‍ ആകെ വരുമാനത്തിന്റെ 27.9 ശതമാനവും കയറ്റുമതിയില്‍ നിന്നായിരുന്നു. ബെംഗളൂരുവിലാണ് ഉല്‍പ്പാദന യൂണിറ്റ്. പ്രതിവര്‍ഷം 150 ടര്‍ബൈനുകള്‍ നിര്‍മിക്കാനുള്ള ശേഷിയാണ് കമ്പനിക്കുള്ളത്. ഇത് 350 ടര്‍ബൈനുകളായി ഉയര്‍ത്താനുള്ള ശ്രമത്തിലാണ്. ഇതിനായി ബെംഗളൂരുവിനടുത്ത് 24 ഏക്കര്‍ സ്ഥലം വാങ്ങി ഫാക്റ്ററി നിര്‍മാണം തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ മൂന്നു പാദങ്ങളില്‍ 14 ശതമാനം വില്‍പ്പന വളര്‍ച്ച നേടാനും 34 ശതമാനം പ്രവര്‍ത്തന ലാഭം നേടാനും കമ്പനിക്കായി. ശരാശരി OPM 20 ശതമാനം. പിഇ 37


Nesco Ltd

നേരത്തെ ന്യൂ സ്റ്റാന്‍ഡേര്‍ഡ് എന്‍ജിനീയറിംഗ് കമ്പനി എന്നറിയപ്പെട്ടിരുന്ന കമ്പനി ഐറ്റി പാര്‍ക്ക് (സ്വകാര്യ ഐറ്റി പാര്‍ക്ക് നിര്‍മിച്ച് ലൈസന്‍സ് അടിസ്ഥാനത്തില്‍ വാടകയ്ക്ക് നല്‍കല്‍), എക്‌സിബിഷന്‍ & കണ്‍വെന്‍ഷന്‍ സെന്റര്‍ (ട്രേഡ് ഫെയര്‍, പ്രദര്‍ശനങ്ങള്‍, കോണ്‍ഫറന്‍സുകള്‍ എന്നിവയ്ക്ക് സ്ഥലം നല്‍കല്‍), മെഷിനറി, എക്യുപ്‌മെന്റ് നിര്‍മാണം തുടങ്ങിയ മേഖലകളിലാണ് പ്രവര്‍ത്തിക്കുന്നത്. ഇന്ത്യന്‍ റെയ്ല്‍വേ, ഓര്‍ഡന്‍സ് ഫാക്റ്ററികള്‍, ഫോര്‍ജിംഗ് പ്ലാന്റുകള്‍ തുടങ്ങിയവയ്ക്കാണ് മെഷിനറികള്‍ നല്‍കുന്നത്. ബോംബെ എക്‌സിബിഷന്‍ സെന്ററാണ് കമ്പനിയുടെ ഏറ്റവും വലിയ വരുമാന സ്രോതസ്സ്. കഴിഞ്ഞ അഞ്ചു പാദങ്ങളില്‍ 22 ശതമാനം വില്‍പ്പന വളര്‍ച്ചയും 32 ശതമാനം പ്രവര്‍ത്തന ലാഭവും കൈവരിക്കാന്‍ കമ്പനിക്കായി. ശരാശരി OPM 71 ശതമാനം. പിഇ 18.55

Manappuram Finance

രാജ്യത്തെ പ്രമുഖ സ്വര്‍ണപ്പണയ വായ്പാ സ്ഥാപനങ്ങളിലൊന്ന്. ഫോറെക്‌സ് ആന്‍ഡ് മണി ട്രാന്‍സ്ഫര്‍ സേവനങ്ങള്‍, കമേഴ്‌സ്യല്‍ വാഹന വായ്പ, ഡെപോസിറ്ററി സേവനങ്ങള്‍ എന്നിവയും കമ്പനി നല്കുന്നു. രാജ്യത്താകമാനമായി 3747 ശാഖകളും 19372 ജീവനക്കാരുമുണ്ട്. കറന്‍സി പിന്‍വലിക്കല്‍, സ്വര്‍ണ വിലയിലെ അനിശ്ചിതത്വം എന്നിവ ഉയര്‍ത്തിയ പ്രശ്‌നങ്ങളെല്ലാം മറികടന്നും മണപ്പുറം ഫിനാന്‍സിന്റെ ഓഹരി വില കൂടിക്കൊണ്ടിരിക്കുകയാണ്. ഇപ്പോള്‍ ഓണ്‍ലൈന്‍ ഗോള്‍ഡ് ലോണ്‍ സൗകര്യവും കമ്പനി ഉപഭോക്താക്കള്‍ക്ക് നല്‍കുന്നു. അറ്റവരുമാനത്തില്‍ 37 ശതമാനം വര്‍ധന കഴിഞ്ഞ അഞ്ചു പാദങ്ങളില്‍ കമ്പനി നേടി. പ്രവര്‍ത്തന ലാഭമാകട്ടെ 106 ശതമാനമാണ് വര്‍ധിച്ചത്. ശരാശരി OPM 23 ശതമാനം. പിഇ 11.99


Accelya Kale Solutions

നേരത്തെ കെയ്ല്‍ കണ്‍സള്‍ട്ടന്റ്‌സ് ലിമിറ്റഡ് എന്നറിയപ്പെട്ട കമ്പനി എയര്‍ലൈന്‍സ്, ട്രാവല്‍ ഇന്‍ഡസ്ട്രി മേഖലകള്‍ക്ക് ആവശ്യമായ സോഫ്റ്റ് വെയര്‍ സൊലൂഷന്‍സ് നല്‍കുകയാണ്. മാത്രമല്ല, ഉപഭോക്താക്കളായ കമ്പനികള്‍ക്ക് ബിസിനസ് പെര്‍ഫോമന്‍സ്, ഡിസിഷന്‍ സപ്പോര്‍ട്ട് ടൂള്‍സ്, ഡാറ്റ അനലിറ്റിക്‌സ് എന്നിവയിലും സേവനം നല്‍കുന്നുണ്ട്. ഒന്‍പത് രാജ്യങ്ങളിലായി 200 ലേറെ എയര്‍ലൈന്‍സ് കമ്പനികള്‍ ഉപഭോക്താക്കളായുണ്ട്. ലോകത്താകമാനമായി രണ്ടായിരത്തിലേറെ പ്രൊഫഷണലുകളും കമ്പനിക്കു കീഴില്‍ പ്രവര്‍ത്തിക്കുന്നു. 2015-16 സാമ്പത്തിക വര്‍ഷത്തില്‍ ആകെ വരുമാനത്തിന്റെ 18.84 ശതമാനം മാത്രമാണ് ആഭ്യന്തര വിപണിയില്‍ നിന്നു നേടിയത്. 81.16 ശതമാനവും കയറ്റുമതിയില്‍ നിന്നായിരുന്നു. 2016 സെപ്റ്റംബറില്‍ അനലറ്റിക്‌സ് ആന്‍ഡ് കണ്‍സള്‍ട്ടിംഗ് സര്‍വീസസ് തുടങ്ങി. എയര്‍ലൈന്‍സ് കമ്പനികളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനുള്ള സേവനങ്ങളാണ് ഇതിലൂടെ നല്‍കിയത്. കഴിഞ്ഞ അഞ്ചു പാദങ്ങളില്‍ 13 ശതമാനം വരുമാന വര്‍ധന നേടാന്‍ കമ്പനിക്കായി. ഇക്കാലയളവില്‍ പ്രവര്‍ത്തന ലാഭം 25 ശതമാനവും വര്‍ധിച്ചു.

Lakshmi Vilas Bank

പുതിയ നായകത്വത്തിന്‍കീഴില്‍ വമ്പന്‍ മാറ്റങ്ങള്‍ക്കൊരുങ്ങുകയാണ് ഈ പഴയ തലമുറ ബാങ്ക്. തമിഴ്‌നാട്ടില്‍ 481 ശാഖകളും ഏഴ് എക്സ്റ്റന്‍ഷന്‍ കൗണ്ടറുകളും ബാങ്കിനുണ്ട്. റീറ്റെയ്ല്‍, മിഡ് മാര്‍ക്കറ്റ്, കോര്‍പ്പറേറ്റ് മേഖലകളില്‍ ഒരു പോലെ സജീവമാകാന്‍ ബാങ്കിന് കഴിഞ്ഞിട്ടുണ്ട്. ലൈഫ്, ജനറല്‍ ഇന്‍ഷുറന്‍സ്, മൂച്വല്‍ ഫണ്ട്, സ്റ്റോക് ബ്രോക്കിംഗ് ഹൗസ്, മണി ട്രാന്‍സ്ഫര്‍/റെമിറ്റന്‍സ് കമ്പനികള്‍ എന്നിവയുമായി സഹകരിച്ച് അതാത് മേഖലകളിലെ ഉല്‍പ്പന്നങ്ങളും സേവനങ്ങളും ബാങ്ക് നല്‍കുന്നുണ്ട്. പ്രഗത്ഭരായ പ്രൊഫഷണലുകളെ ഉള്‍പ്പെടുത്തി പുതിയ നേതൃനിരയും ഇപ്പോള്‍ ബാങ്കിനുണ്ട്. 2025 ആകുമ്പോഴേക്കും 20-25 ശതമാനം വളര്‍ച്ചാ നിരക്ക് കൈവരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.


Development Credit Bank

ചെറുകിട മേഖലയിലെ വളര്‍ന്നു കൊണ്ടിരിക്കുന്ന സ്വകാര്യ ബാങ്കാണിത്. മഹാരാഷ്ട്ര, ഗുജറാത്ത് എന്നിവിടങ്ങളിലായി 248 ശാഖകളും 496 എടിഎമ്മുകളും ബാങ്കിനുണ്ട്. രാജ്യത്ത് ആദ്യമായി മൂച്വല്‍ ഫണ്ട് നിക്ഷേപങ്ങള്‍ക്ക് അഡ്‌വൈസറി ഫീയും സര്‍വീസ് ചാര്‍ജും ഏര്‍പ്പെടുത്തിയ ബാങ്കുകളില്‍ ഡിസിബിയുമുണ്ട്. കഴിഞ്ഞ അഞ്ചു വര്‍ഷമായി പലിശ വരുമാനത്തില്‍ 24 ശതമാനം വളര്‍ച്ച നേടാനായിട്ടുണ്ട്. ലാഭം 37 ശതമാനമാണ് ഓരോ വര്‍ഷവും കൂടുന്നത്. അറ്റ പലിശ മാര്‍ജിന്‍ ഇന്‍ഡസ്ട്രി ശരാശരി നിരക്കായ 3.3 ശതമാനത്തേക്കാളും കൂടുതലാണ് (3.9 ശതമാനം). നിഷ്‌ക്രിയ ആസ്തി കൈകാര്യം ചെയ്യുന്ന കാര്യത്തിലും മികച്ച നിലയിലാണ്. കഴിഞ്ഞ അഞ്ചു പാദങ്ങളില്‍ വരുമാനത്തില്‍ 20 ശതമാനവും പ്രവര്‍ത്തന ലാഭം 22 ശതമാനവും വര്‍ധിച്ചു.

കടപ്പാട്: മണി ലൈഫ് മാഗസിന്‍

COMMENTS
comments powered by Disqus
WHAT IS YOUR REACTION?
0
smiletear
0%
1
smile
100%
0
neutral
0%
0
grin
0%
0
angry
0%
 
Back to Top