Dec 01, 2017
1300 മില്യണ്‍ എന്ന മാജിക് നമ്പര്‍
1300 മില്യണ്‍ ജനങ്ങളുള്ള, ഏറ്റവും വേഗത്തില്‍ മാറുന്ന ഇന്നത്തെ ഇന്ത്യയില്‍ സ്മാര്‍ട്ടായ സ്റ്റോക്ക് പിക്കിംഗിലൂടെ നേടാന്‍ കഴിയുന്ന സമ്പത്ത് അപാരമാണ്
facebook
FACEBOOK
EMAIL
13000million-a-magic-number-by-porinju-velliyath

വളരെ ആരോഗ്യകരമാണ് ഇന്ത്യയിലെ ഇപ്പോഴത്തെ ഓഹരിവിപണിയുടെ അവസ്ഥ. ഒരു കുമിളയിലല്ല നമ്മള്‍. പക്ഷെ, എല്ലാ ദിവസവും നിഫ്റ്റി അന്‍പത് പോയിന്റ് ഉയരും എന്ന് നിക്ഷേപകര്‍ പ്രതീക്ഷിക്കരുത്. അതങ്ങനെ സംഭവിക്കുകയുമില്ല. വിപണിയെ സ്റ്റോക്ക് പിക്കര്‍മാര്‍ക്ക് സുരക്ഷിതമായ ഒരു ഇടമാക്കുന്നത് കയറ്റിറക്കങ്ങളും സ്ഥിരമായ കറക്ഷനുകളുമാണ്. 

ഓഹരിയില്‍ പണം മുടക്കി സമ്പത്തുണ്ടാക്കാന്‍ ഉദ്ദേശിക്കുന്ന ദീര്‍ഘകാല നിക്ഷേപകര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ പലതാണ്-രാഷ്ട്രീയം, സാമൂഹ്യസ്ഥിതി, സമ്പദ്‌വ്യവസ്ഥയുടെ മാറിയ സാഹചര്യങ്ങള്‍, ഘടനാപരമായ വ്യതിയാനങ്ങള്‍, കോര്‍പ്പറേറ്റ് ലോകത്തെ മാറ്റങ്ങള്‍, കുറഞ്ഞുവരുന്ന തട്ടിപ്പും വെട്ടിപ്പും, അഴിമതിയുടെ കയറ്റവും ഇറക്കവും അതിന്റെ അളവുകളും... പലപ്പോഴും ഈ രംഗത്തിന്റെ ബിഗ് പിക്ചര്‍ കാണാന്‍ പലര്‍ക്കും കഴിയാറില്ല.

വിപണിയുടെ ഒരു മിശ്രണത്തെയും ഇതിന്റെ പങ്കാളികളെയും കുറിച്ച് ഞാന്‍ ഈയിടെ ട്വീറ്റ് ചെയ്തിരുന്നു- പത്ത് ശതമാനം ബുള്ളുകളും ഇരുപത് ശതമാനം ബിയറുകളും പിന്നെ എഴുപത് ശതമാനം കുരങ്ങന്മാരും. ഈ പത്ത് ശതമാനം വരുന്ന ബുള്ളുകള്‍ക്ക് ഒരുപാട് പണമുണ്ടാക്കാന്‍ വലിയ അവസരങ്ങളാണ് ഇന്നുള്ളത്.

കുതിച്ചു ചാടാന്‍ ഇന്ത്യ

വേള്‍ഡ് ബാങ്കിന്റെ ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് കണക്കുകളില്‍ ഇന്ത്യയുടെ റാങ്ക് 130 ല്‍ നിന്ന് നൂറിലെത്തിയതും മൂഡീസ് ഇന്‍വെസ്റ്റേഴ്‌സ് സര്‍വീസിന്റെ റേറ്റിംഗ് ഉയര്‍ത്തലും രാജ്യത്തിന്റെ സാമ്പത്തികമേഖലയെ സംബന്ധിച്ചിടത്തോളം മികച്ച സംഭവങ്ങളാണ്. നമ്മുടെ സാമ്പത്തിക അടിത്തറ വളരെ ചെറുതാണ് എന്ന കാര്യം മറക്കരുത്. 1 .3 ബില്യണ്‍ ജനങ്ങളുള്ള ഇന്ത്യയുടെ ജിഡിപി രണ്ട് ട്രില്യണ്‍ ഡോളര്‍ മാത്രമാണ്. കാരണം, സ്വാതന്ത്ര്യത്തിന് ശേഷം വ്യവസായ സൗഹൃദ നയങ്ങളൊന്നും നമ്മള്‍ പിന്തുടര്‍ന്നില്ല എന്നതുതന്നെ.

പക്ഷേ, ഇപ്പോള്‍ അത് മാറുകയാണ്. കുതിച്ചുചാട്ടത്തിന്റെ വക്കിലാണ് ഇപ്പോള്‍ ഇന്ത്യ. ഇതുവരെയില്ലാതിരുന്ന, എന്നാല്‍ ഏറ്റവും ആവശ്യമുള്ള ഘടനാമാറ്റങ്ങളാണ് സമ്പദ്‌വ്യവസ്ഥയ്ക്ക് സംഭവിച്ചുകൊണ്ടിരിക്കുന്നത്. രാഷ്ട്രീയവും മാറുകയാണ്. നല്ലതിനുവേണ്ടി എല്ലാം മാറുന്ന കാലമാണിപ്പോള്‍ രാജ്യത്ത്. ശക്തനായ ഒരു നേതാവുണ്ട് ഇപ്പോള്‍ നമുക്ക്. കുറച്ചുകാലമായി ഭരണനേതൃത്വത്തെക്കുറിച്ച് ഞാന്‍ പറയാറില്ല, പക്ഷേ, ഈ രാജ്യത്തിന് സുശക്തമായ ഒരു നേതൃത്വം വളരെ പ്രധാനപ്പെട്ടതാണെന്ന് ആളുകള്‍ ഓര്‍ക്കേണ്ടതുണ്ട്.

ശക്തനായ, അര്‍പ്പണബോധവും ബുദ്ധിശക്തിയുമുള്ള ഒരു വ്യക്തിയെ ഇന്ന് ലീഡറായി ലഭിച്ചത് നമ്മുടെ ഭാഗ്യം തന്നെയാണ്. 67 വര്‍ഷത്തോളം നീണ്ട നിയന്ത്രണങ്ങള്‍ക്ക് ശേഷം മാറ്റങ്ങള്‍ കൊണ്ടുവരുന്നത് എളുപ്പമുള്ള കാര്യമല്ല. നമ്മുടെ സമ്പദ്‌വ്യവസ്ഥയെ മെച്ചപ്പെടുത്താന്‍ വലിയ ചുവടുകളാണ് പ്രധാനമന്ത്രി എടുത്തിരിക്കുന്നത്. മാറ്റങ്ങള്‍ സംഭവിക്കുകയാണ്. ഇപ്പോള്‍ അവ ലോകവും ശ്രദ്ധിക്കാന്‍ തുടങ്ങിയിരിക്കുന്നു.

ശരിയാണ്, ഉയര്‍ന്ന വാല്യൂവേഷന്‍ ആണ് വിപണിയിലേത്. എളുപ്പത്തില്‍ വിലക്കുറവില്‍ വാങ്ങാന്‍ കഴിയുന്ന ആദായ വില്‍പ്പന ഇന്നില്ല. ഓഹരിമൂല്യം മനസിലാക്കാന്‍ ഗഹനമായ പഠനവും ആവശ്യമാണ്. എങ്കിലും ഒരു കാര്യം മറക്കേണ്ട. ഇന്ത്യയിലെ പല 'വന്‍കിട' കമ്പനികളുടെയും മൂല്യം ഇപ്പോഴും ഒരു ബില്യണ്‍ ഡോളറില്‍ താഴെയാണ്. ഇവയ്ക്ക് സ്ഥിരമായി 30-40 ശതമാനം വളര്‍ച്ച നേടാനും കഴിയും. അതുകൊണ്ടുതന്നെ സ്മാര്‍ട്ടായ സ്റ്റോക്ക് പിക്കര്‍മാര്‍ക്കുള്ള ദീര്‍ഘകാല സാധ്യത അപാരമാണ്.

അവസരം നഷ്ടപ്പെടുത്തരുത്

വ്യക്തിഗത സമ്പാദ്യം ഒരുപാട് വര്‍ദ്ധിപ്പിച്ച ചില വിദഗ്ദര്‍ കഴിഞ്ഞ വര്‍ഷം പരസ്യമായി പറഞ്ഞ പല കാര്യങ്ങളും വിപണിയുടെ മുന്നേറ്റത്തെപ്പറ്റി ആശങ്കയുണ്ടാക്കുന്നതായിരുന്നു. പുതിയ നിക്ഷേപര്‍ക്ക് അവസരം നിഷേധിക്കാന്‍ മാത്രമേ ഇത് സഹായിച്ചുള്ളു. പല വേഷത്തിലുമുള്ള തട്ടിപ്പുകാരും ഒന്നുമറിഞ്ഞുകൂടാത്ത വിദഗ്ധരും പറയുന്നത് കേട്ട് ലഭ്യമായ അവസരങ്ങള്‍ നഷ്ടപ്പെടുത്തരുത് എന്നാണ് എന്റെ അഭിപ്രായം.

ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയ്ക്കും കോര്‍പ്പറേറ്റ് ലോകത്തിലെ വരുമാനത്തിനും ഇത്രയേറെ വ്യക്തത ഇതിനു മുന്‍പൊരിക്കലും ഉണ്ടായിട്ടില്ല. 1300 മില്യണ്‍ ഇന്ത്യക്കാര്‍! ഈ 'മാജിക് നമ്പറിന്റെ' പ്രാധാന്യം മനസിലാക്കുന്ന സ്മാര്‍ട്ടായ നിക്ഷേപകര്‍ക്ക് മാറുന്ന ഇന്ത്യയില്‍ അഭൂതപൂര്‍വമായ സാമ്പത്തികനേട്ടങ്ങള്‍ സ്വന്തമാക്കാന്‍ കഴിയും.

വരാനിരിക്കുന്ന, ഇതുവരെയുണ്ടാകാത്തത്ര വലിയ, ഇന്‍ഫ്രാ പ്രോജക്റ്റുകള്‍ ഏറ്റെടുത്ത് നടത്താന്‍ കഴിയുന്ന കമ്പനികളുടെ ക്ഷാമമാണ് ഇനി രാജ്യത്തുണ്ടാകാന്‍ പോകുന്നത്. ഉയര്‍ന്ന ഡെറ്റ് ഉള്ള, വലിയ ഇന്‍ഫ്രാ കമ്പനികളുടെ വില കുറഞ്ഞ ഓഹരികള്‍ തെരഞ്ഞെടുക്കുക. പക്ഷേ, അവയ്ക്ക് നിലനിന്നു പോകാനുള്ള ആസ്തിയും കടം കുറയ്ക്കാനുള്ള സാധ്യതകളും പദ്ധതികള്‍ പ്രാവര്‍ത്തികമാക്കാനുള്ള കഴിവും ഉണ്ടെന്ന് ഉറപ്പുവരുത്തുക.

 

COMMENTS
comments powered by Disqus
WHAT IS YOUR REACTION?
0
smiletear
0%
1
smile
25%
0
neutral
0%
1
grin
25%
2
angry
50%
 
Back to Top