Dec 15, 2015
ഇഥര്‍ ഗെയിംസ് ഗെയിമിംഗ് കുട്ടിക്കളിയല്ല !
ഗെയിമിംഗ് രംഗത്ത് രാജ്യാന്തര ശ്രദ്ധയാകര്‍ഷിച്ച് രണ്ട് യുവസംരംഭകര്‍
facebook
FACEBOOK
EMAIL
-

വീഡിയോ ഗെയ്മിംഗ് പലര്‍ക്കും ഇഷ്ടമുള്ള ഒരു വിനോദമാണ്. എന്നാല്‍ അതിന്റെ ബിസിനസ് അവസരങ്ങള്‍ തിരിച്ചറിഞ്ഞിട്ടുള്ളത് കുറച്ചു പേര്‍ മാത്രം. വീഡിയോ ഗെയ്മിംഗ് രംഗത്ത് രാജ്യാന്തര ശ്രദ്ധ നേടുകയാണ് എറണാകുളം തൃപ്പൂണിത്തുറയിലെ രണ്ട് സുഹൃത്തുക്കളുടെ 'ഇഥര്‍ ഗെയിംസ്'.

ഇവര്‍, വളരെ ആകസ്മികമായി ഈ രംഗത്തേക്ക് കാലെടുത്തു വച്ച രണ്ടു പേര്‍, എംബിഎ പഠനം പൂര്‍ത്തിയാക്കി എച്ച്ഡിഎഫ്‌സി ബാങ്കില്‍ ജോലി ചെയ്യുകയായിരുന്ന ഗോകുല്‍ ഇളയിടത്ത്, ബിസിഎ പഠനം പാതി നിര്‍ത്തിയ ശരത് മോഹന്‍. സുഹൃത്തുക്കളായ ഇവര്‍ക്ക് ഒരു സംരംഭം തുടങ്ങണമെന്നായിരുന്നു ആഗ്രഹം. തുടക്കത്തില്‍ മൊബീല്‍ ആപ്ലിക്കേഷനുകള്‍ നിര്‍മിച്ചു നല്‍കിയിരുന്ന ഇഥര്‍ ഐ.റ്റി സൊലൂഷന്‍സ് എന്ന ഇവരുടെ കമ്പനിക്ക് പറയത്തക്ക ബിസിനസൊന്നും ലഭിക്കാതെ വന്നപ്പോള്‍ വീഡിയോ ഗെയ്മിംഗ് കൂടി ഒന്നു പയറ്റി നോക്കിയാലോ എന്ന് ഇരുവരും ആലോചിച്ചു. അങ്ങനെയാണ് ഗെയ്മിംഗ് രംഗത്തെ ഇവരുടെ തുടക്കം. 2010 ലായിരുന്നു അത്. ഓണ്‍ലൈനിലൂടെയുള്ള ക്ലാസുകള്‍ അറ്റന്‍ഡ് ചെയ്താണ് ഇരുവരും ഗെയിമിംഗ് പഠിച്ചത്.

ഗോസ്റ്റ് സിറ്റിയില്‍ തുടക്കം

'ഗോസ്റ്റ് സിറ്റി' എന്ന ഇവരുടെ ആദ്യ ഗെയിം തന്നെ ആ വര്‍ഷം ഇന്ത്യയില്‍ ഏറ്റവുമധികം പേര്‍ ഡൗണ്‍ലോഡ് ചെയ്ത ഗെയിമുകളില്‍ 10 എണ്ണത്തിലൊന്നായി. ഫ്രീ ഡൗണ്‍ലോഡ് നല്‍കിയിരുന്ന ഇവരുടെ ഗെയിമിന് വിദേശത്തു നിന്നുള്ള ഗെയിമിംഗ് ആരാധകര്‍ പണം നല്‍കി കൂടുതല്‍ ഫീച്ചറുകള്‍ ആവശ്യപ്പെടാന്‍ തുടങ്ങി. അങ്ങനെ കൂടുതല്‍ വ്യത്യസ്തതകള്‍ അവതരിപ്പിച്ചതോടെ വരുമാനവും കൂടി.

പിന്നീട് ഇവര്‍ വികസിപ്പിച്ച 'എവില്‍ റൈഡര്‍' എന്ന ഗെയിം ഐഒഎസ് ആപ്പ്‌സ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്തത് 18 ലക്ഷത്തോളം പേരായിരുന്നു. എട്ട് ലക്ഷത്തോളം രൂപയായിരുന്നു 2013 ല്‍ ആ ഗെയിമിന്റെ ആദ്യ വിറ്റുവരവ്. അത് ഈ ബിസിനസില്‍ മുന്നോട്ട് പോകാന്‍ പ്രചോദനമേകി. 'സാല്‍വേഷന്‍ അള്‍ട്ടിമേറ്റം' എന്ന വമ്പന്‍ പ്രോജക്റ്റിന്റെ അണിയറയിലാണ് ഗോകുലും ശരത് മോഹനും നേതൃത്വം നല്‍കുന്ന പത്തോളം പേരടങ്ങിയ ഇഥര്‍ ഗെയിംസ് ഇപ്പോള്‍.

വിദേശ രാജ്യങ്ങളെ ലക്ഷ്യമിട്ടുകൊണ്ട് തയാറാക്കിയ ഈ മൊബീല്‍ ഗെയിമിന്റെ ആദ്യ വെര്‍ഷന്‍ ബാംഗ്ലൂരില്‍ നടന്ന 'പോക്കറ്റ് ഗെയ്മര്‍ 2015' എന്ന പരിപാടിയിലാണ് അവതരിപ്പിച്ചത്. 'സാല്‍വേഷന്‍ അള്‍ട്ടിമേറ്റം' ഗെയിമിന് ആ രാജ്യാന്തര ഗെയിം മീറ്റിലെ 'പീപ്പിള്‍സ് ചോയ്‌സ്' അവാര്‍ഡും ലഭിച്ചു. പോക്കറ്റ് ഗെയ്മര്‍ 2015 ലെ ഇഥറിന്റെ പ്രകടനം ഇഷ്ടമായ റിലയന്‍സ്
ബിഗ് എന്റര്‍ടൈന്‍മെന്റ്‌സ് യു കെ പ്രൈവറ്റ് ലിമിറ്റഡ് ഇതിന്റെ പബ്ലിഷേഴ്‌സ് ആകാന്‍ മുന്നോട്ടു വന്നു. ഏകദേശം 50 ലക്ഷം രൂപ ചെലവാക്കി ഈ ഗെയിമിന്റെ പുതുപുത്തന്‍ ഫീച്ചറുകള്‍ ഇവര്‍ തയാറാക്കുകയാണിപ്പോള്‍, റിലയന്‍സ് എന്ന ബിഗ് എന്റര്‍ട്ടൈന്‍മെന്റ് ബാനറിലൂടെ ലോകത്തെമ്പാടുമെത്തിക്കാന്‍. സിംഗപ്പൂര്‍, കാനഡ, ന്യൂസിലാന്‍ഡ് തുടങ്ങിയ രാജ്യങ്ങളില്‍ 2016 ഫെബ്രുവരിയോടെ 'സാല്‍വേഷന്‍ അള്‍ട്ടിമേറ്റം' എത്തും.

COMMENTS
comments powered by Disqus
WHAT IS YOUR REACTION?
0
smiletear
0
smile
0
neutral
0
grin
0
angry
 
Back to Top