Jul 26, 2016
ഇസാഫ് സ്‌മോള്‍ ബാങ്ക്-വേറിട്ട വഴികള്‍, ലക്ഷ്യം വ്യത്യസ്തം
സാമൂഹ്യവും പാരിസ്ഥിതികവുമായ കാഴ്ചപ്പാടോടെ സാമ്പത്തിക സേവന രംഗത്ത് വ്യത്യസ്തമായൊരു ലക്ഷ്യത്തോടെ കടന്നുവരാന്‍ തയാറെടുക്കുന്നു ഇസാഫ് സ്‌മോള്‍ ബാങ്ക്
facebook
FACEBOOK
EMAIL
-

ന്ത്യന്‍ ബാങ്കിംഗ് രംഗത്ത് വ്യത്യസ്തമായൊരു ലക്ഷ്യം മുന്നില്‍ വെച്ച് വേറിട്ട വഴികളിലൂടെ സഞ്ചരിക്കാന്‍ തയാറെടുക്കുകയാണ് ഇസാഫ്. രാജ്യത്ത് സ്‌മോള്‍ ബാങ്ക് ആരംഭിക്കാന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ആദ്യഘട്ടത്തില്‍ തെരഞ്ഞെടുത്ത പത്ത് സ്ഥാപനങ്ങളില്‍ കേരളത്തില്‍ നിന്നുള്ള ഏക പ്രതിനിധിയായ ഇസാഫ്, സാമ്പത്തിക സേവന രംഗത്തെ പ്രസ്ഥാനങ്ങള്‍ പൊതുവേ മുന്നോട്ടു വെക്കാത്ത ആശയങ്ങളാണ് അവതരിപ്പിക്കുന്നത്. ''തികച്ചും നൂതനവും സമഗ്രവുമായ സമീപനമാണ് ഇസാഫ് അവതരിപ്പിക്കുക. സ്‌മോള്‍ ബാങ്ക് എന്ന നിലയില്‍ സാമ്പത്തിക സേവനങ്ങള്‍ ലഭ്യമാക്കുന്നതിനൊപ്പം സാമൂഹ്യ ഉന്നമനവും പരിസ്ഥിതി സംരക്ഷണവും മുന്നില്‍ വെച്ചുള്ള ത്രിമുഖ കാഴ്ചപ്പാടോടെയുള്ള സമീപനമാകും ഞങ്ങളുടേത്,'' ഇസാഫ് സ്ഥാപകനും മാനേജിംഗ് ഡയറക്റ്ററുമായ കെ. പോള്‍ തോമസ് വ്യക്തമാക്കുന്നു. 

രാജ്യത്തെ എല്ലാ തലത്തിലുമുള്ള ജനങ്ങളിലേക്ക് സാമ്പത്തിക സേവനങ്ങള്‍ എത്തിക്കാനും സാമ്പത്തിക ഉള്‍പ്പെടുത്തല്‍ പ്രക്രിയ ത്വരിതഗതിയില്‍ സാധ്യമാക്കാനുമൊക്കെ ലക്ഷ്യമിട്ടാണ് ആര്‍ബിഐ സ്‌മോള്‍ ബാങ്കുകള്‍ അനുവദിച്ചിരിക്കുന്നത്. രാജ്യത്തെ പത്ത് പ്രമുഖ മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങളുടെ പട്ടികയില്‍ ഇടം നേടിയിരിക്കുന്ന ഇസാഫ് മൈക്രോ ഫിനാന്‍സ് ആ പാരമ്പര്യത്തിന്റെ പിന്‍ബലത്തിലാണ് സ്‌മോള്‍ ബാങ്കിംഗ് രംഗത്ത് പുതിയ വഴി വെട്ടിത്തുറക്കാന്‍ തയാറെടുക്കുന്നത്. അടുത്തിടെ രാജ്യത്തെ ഏറ്റവും പ്രമുഖ സ്വതന്ത്ര അവാര്‍ഡുകളില്‍ ഒന്നായ സ്‌കോച്ച് ഫിനാന്‍ഷ്യല്‍ ഇന്‍ക്ലൂഷന്‍ അവാര്‍ഡും ഇസാഫിനെ തേടിയെത്തിയിരുന്നു.

സമഗ്രം ഈ സമീപനം
ബാങ്ക് എന്ന് കേള്‍ക്കുമ്പോള്‍ പൊതുസമൂഹത്തിന്റെ ഉള്ളില്‍ വരുന്ന ആശയങ്ങളേക്കാളുപരിയായി സമഗ്രമായൊരു പ്രവര്‍ത്തന രേഖയാണ് ഇസാഫ് മുന്നോട്ടുവെയ്ക്കുന്നത്.

സാമ്പത്തിക ഉള്‍ച്ചേര്‍ക്കല്‍
തൃശൂര്‍ ജില്ലയിലെ പാണാഞ്ചേരിയില്‍ സ്ത്രീ കൂട്ടായ്മകള്‍ക്ക് സൂക്ഷ്മ സംരംഭങ്ങള്‍ തുടങ്ങാന്‍ സാമ്പത്തിക സഹായം നല്‍കി തുടങ്ങിയ ഇസാഫ് സ്വാശ്രയ സംഘങ്ങളിലൂടെ രാജ്യത്തെമ്പാടുമുള്ള ദശലക്ഷക്കണക്കിനാളുകളെയാണ് സാമ്പത്തിക സ്വാശ്രയത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയിരിക്കുന്നത്. സ്‌മോള്‍ ബാങ്ക് പ്രവര്‍ത്തനം തുടങ്ങുമ്പോള്‍ ഈ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വിപുലമായ തോതില്‍ തന്നെ ലഭ്യമാക്കാന്‍ സാധിക്കും. ''സാമ്പത്തിക സഹായം നല്‍കി മാത്രം സംരംഭകരെ സൃഷ്ടിക്കാന്‍ സാധിക്കില്ല. പകരം ഓരോ ഘട്ടത്തിലും അവര്‍ക്കൊപ്പം നില്‍ക്കുകയും അവരുടെ ഉല്‍പ്പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കും വിപണി ലഭ്യമാക്കി കൊടുക്കുകയും വേണം. ഇത്തരത്തിലുള്ള സമീപനമാണ് ഇന്നും എന്നും ഇസാഫിന്റേത്,'' പോള്‍ തോമസ് വിശദീകരിക്കുന്നു.

പെന്‍ഷന്‍ സമൂഹത്തിന്റെ അടിത്തട്ടിലേക്കും
സമൂഹത്തിലെ നിരാലംബ കുടുംബങ്ങളിലേക്കും പെന്‍ഷന്‍ പദ്ധതികള്‍ എത്തിക്കാന്‍ ഇസാഫ് പ്രത്യേക ഊന്നല്‍ തന്നെയാണ് നല്‍കിയിരിക്കുന്നത്. ഇതുവരെ അസംഘടിത മേഖലയിലെ മൂന്നുലക്ഷത്തിലേറെ പേര്‍ക്ക് പെന്‍ഷന്‍ പദ്ധതികള്‍ ലഭ്യമാക്കി കഴിഞ്ഞു.

''നിരാലംബ കുടുംബങ്ങളിലുള്ളവര്‍ക്ക് വാര്‍ധക്യത്തില്‍ ഒരു കൈത്താങ്ങ് അനിവാര്യമാണ്. ഒപ്പം അവരുടെ ജിവിതത്തില്‍ അപകടങ്ങളോ മറ്റോ സംഭവിച്ചാല്‍ കുടുംബം അപ്പാടെ തകരും. ഇതുപോലുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കാന്‍ ഇസാഫ് ലക്ഷക്കണക്കിന് കുടുംബങ്ങളിലേക്ക് അപകട ഇന്‍ഷുറസ് സേവനം എത്തിച്ചിരുന്നു,'' പോള്‍ തോമസ് വ്യക്തമാക്കുന്നു.

സാമൂഹിക ഉള്‍ച്ചേര്‍ക്കല്‍
ഇന്ത്യയിലെ നക്‌സല്‍ ബാധിത പ്രദേശങ്ങളിലെ ആദിവാസി ഗ്രാമീണ മേഖലയില്‍ ഇസാഫ് പ്രത്യേകം ശ്രദ്ധയൂന്നിയുള്ള പ്രവര്‍ത്തനത്തിലാണ്. ആദിവാസി സമൂഹത്തെ സാമ്പത്തിക സ്വാശ്രയത്തിലേക്കും സൂക്ഷ്മ സംരംഭങ്ങളിലേക്കും നയിച്ച് അവരെ ക്രിയാത്മകമായി രാഷ്ട്ര നിര്‍മാണത്തില്‍ പങ്കാളികളാക്കുന്ന ശ്രമമാണ് ഇസാഫ് നടത്തുന്നത്. ''ഞങ്ങളുടെ ഇടപാടുകാരില്‍ നിശ്ചിത ശതമാനം ആദിവാസി സമൂഹം ആയിരിക്കണമെന്ന വ്യക്തമായ കാഴ്ചപ്പാടോടെയാണ് പ്രവര്‍ത്തനം. ജാര്‍ഖണ്ഡ്, ഛത്തീസ്ഗഡ് തുടങ്ങിയ സംസ്ഥാനങ്ങളിലെ വിദൂര ഗ്രാമങ്ങളില്‍ ഇസാഫ് സോഷ്യല്‍ ഇന്‍ക്ലൂഷനുവേണ്ടിയുള്ള സജീവ പ്രവര്‍ത്തനത്തിലാണ്,'' പോള്‍ തോമസ് വിശദീകരിക്കുന്നു.

ഇതുപോലെ തന്നെ അംഗവൈകല്യമുള്ളവരെയും കൈപിടിച്ചുയര്‍ത്തി സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരാന്‍ ഇസാഫിന് പദ്ധതികളുണ്ട്. ''സാമൂഹ്യപരമായി നടത്തുന്ന ഇത്തരം പ്രവര്‍ത്തനങ്ങളുടെ ഗുണഫലം അളക്കാന്‍ പ്രത്യേക ടൂളുകള്‍ തന്നെ ഞങ്ങള്‍ ഉപയോഗിക്കുന്നുണ്ട്,'' ഇസാഫ് സാരഥി പറയുന്നു.

പരിസ്ഥിതി സംരക്ഷണം
പരിസ്ഥിതിയെ ദോഷകരമായി ബാധിക്കുന്ന കാര്‍ബണ്‍ എമിഷന്‍ കുറയ്ക്കാന്‍ ഇസാഫിന്റെ പ്രവര്‍ത്തനങ്ങള്‍ ഏറെ സഹായകരമായിട്ടുണ്ട്. ക്ലീന്‍ എനര്‍ജി ഉല്‍പ്പന്നങ്ങള്‍ ഗ്രാമീണ ജനതയ്ക്ക് വിതരണം ചെയ്തുകൊണ്ടാണ് കാര്‍ബണ്‍ എമിഷന്‍ കുറയ്ക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നത്.

സ്ത്രീ ശാക്തീകരണം
ഇസാഫിന്റെ ജീവനക്കാരില്‍ 70 ശതമാനം പേരും വനിതകളാണ്. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഇസാഫിന്റെ സ്വാശ്രയ സംഘങ്ങളുമായി സഹകരിക്കുന്ന സ്ത്രീകളില്‍ 1200 പേര്‍ മത്സര രംഗത്തുണ്ടായി. ഇതില്‍ 490 ഓളം പേര്‍ വിജയിച്ചു. സ്ത്രീകളെ സാമൂഹ്യമായും സാമ്പത്തികമായും ശാക്തീകരിക്കുന്നതിന് ഇസാഫ് നടത്തുന്ന പ്രവര്‍ത്തനങ്ങളുടെ വിജയം കൂടിയാണിത്. കൃത്യമായ പരിശീലനം നല്‍കിയാണ് ജനാധിപത്യ പ്രക്രിയയില്‍ അടക്കം വനിതകളെ ഇസാഫ് ഒരുക്കുന്നത്.

മാത്രമല്ല നൈപുണ്യ വികസനത്തിനായും ഇസാഫ് പ്രത്യേക ഊന്നല്‍ നല്‍കുന്നുണ്ട്. കാര്‍ഷിക മേഖലയിലും ആരോഗ്യ സംരക്ഷണ രംഗത്തുമെല്ലാം ഇസാഫ് സജീവമാണ്. കേരളം, കര്‍ണാടക, തമിഴ്‌നാട്, ഛത്തീസ്ഗഡ് തുടങ്ങിയ സംസ്ഥാനങ്ങളിലെല്ലാം കര്‍ഷക ഉല്‍പ്പാദക കമ്പനികള്‍ രൂപീകരിച്ചിട്ടുണ്ട്. കാര്‍ഷിക രംഗത്ത് റിസോഴ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് എന്ന നിലയിലും ഗ്രൂപ്പിന് കീഴിലുള്ള എന്‍ജിഒകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

ജനങ്ങള്‍ക്കു വേണ്ടി, ജനങ്ങളാല്‍
സമൂഹത്തില്‍ പൊതുധാരയില്‍ നിന്ന് നീക്കി നിര്‍ത്തപ്പെട്ടിരുന്നവരെ ശാക്തീകരിച്ച് മുന്നോട്ടുകൊണ്ടുവന്ന ഇസാഫ് അടുത്ത മൂന്നുവര്‍ഷം കൊണ്ട് ഇടപാടുകാരുടെ എണ്ണം 50 ലക്ഷമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് മുന്നോട്ടുപോകുന്നത്. നിലവില്‍ 12 ലക്ഷത്തോളം ഇടപാടുകാരുണ്ട്. 2017ല്‍ ഇസാഫ് രൂപീകൃതമായിട്ട് കാല്‍നൂറ്റാണ്ട് തികയും. ''ജനങ്ങളെ കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനങ്ങളിലൂടെ ഈ ലക്ഷ്യം ഇസാഫ് സ്‌മോള്‍ ബാങ്കിന് നേടിയെടുക്കാന്‍ സാധിക്കുമെന്നു തന്നെയാണ് വിശ്വാസം,'' പോള്‍ തോമസ് വ്യക്തമാക്കുന്നു.

1992ല്‍ തൃശൂരിലെ മണ്ണുത്തിയില്‍ പ്രവര്‍ത്തനം തുടങ്ങിയ ഇസാഫിന്റെ സ്‌മോള്‍ ബാങ്കിലേക്കുള്ള ചുവടുമാറ്റത്തിന് രാജ്യാന്തര കണ്‍സള്‍ട്ടിംഗ് സ്ഥാപനമായ ഏണ്സ്റ്റ് ആന്‍ഡ് യംഗ് അടക്കമുള്ളവര്‍ പങ്കാളികളാണ്. പ്രൊഫഷണലുകളെ നിര്‍ണായക സ്ഥാനങ്ങളില്‍ നിയമിച്ച്, ഡിജിറ്റല്‍ സാങ്കേതിക വിദ്യ പരമാവധി ഉപയോഗപ്പെടുത്തി രാജ്യത്തെ സ്‌മോള്‍ ബാങ്കുകളുടെ മേഖലയില്‍ തികച്ചും വ്യത്യസ്തമായൊരു കൈയൊപ്പു ചാര്‍ത്താനുള്ള തയാറെടുപ്പിലാണ്
ഇസാഫ്.

COMMENTS
comments powered by Disqus
WHAT IS YOUR REACTION?
0
smiletear
0
smile
0
neutral
0
grin
0
angry
 
Back to Top